കേളകം (കണ്ണൂർ): യുവാവ് ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. അടയ്ക്കാത്തോട്ടിലെ സന്തോഷിന്റെ (42) ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേന്നാട്ട് ജോബിനെ (36) യാണു കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.മരിക്കുന്നതിന് ഒരു ദിവസം മുമ്പ് ജോബിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെ മർദിച്ചതായി കുടുംബം ആരോപിച്ചിരുന്നു.
ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെയാണ് പോലീസ് ജോബിനെ അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും ഡിഐജിക്കും പരാതിയും നൽകിയിരുന്നു.
കഴിഞ്ഞദിവസം സന്തോഷിന്റെ വീട്ടിലെത്തിയ സണ്ണി ജോസഫ് എംഎൽഎ സന്തോഷിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും സംഭവത്തിൽ കുടുംബം ആവശ്യപ്പെടുന്ന തരത്തിലുള്ള സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ഡിവൈഎസ്പിയെയും ഡിഐജിയെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
പരാതി ലഭിക്കുന്ന മുറയ്ക്കു പ്രത്യേക സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാമെന്ന് ഡിഐജി എംഎൽഎയ്ക്ക് ഉറപ്പുനൽകിയിരുന്നു.കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 ഓടെയാണ് സന്തോഷിനെ വെണ്ടേക്കുംചാൽ ശാന്തിഗിരി റോഡിനു സമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി പാറത്തോട്ടുവച്ച് ഒരു സംഘമാളുകൾ സന്തോഷിനെ മർദിക്കുകയും തുടർന്ന് ശനിയാഴ്ച, ഇതുസംബന്ധിച്ച കേസിനു പോകരുതെന്നും ഒത്തുതീർപ്പ് നടത്താമെന്നും പറഞ്ഞ് സന്തോഷിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം സന്തോഷിന്റെ ഫോൺ സ്വിച്ച് ഓഫായി.
ഇതോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ രണ്ടു കിലോമീറ്റർ അകലെ ശാന്തിഗിരി വെണ്ടേക്കുംചാൽ റോഡിനു സമീപം സന്തോഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി കാടുവെട്ടൽ യന്ത്രം നന്നാക്കി കേളകത്തുനിന്ന് അടയ്ക്കാത്തോട്ടിലെ വീട്ടിലേക്കു വരുന്ന വഴി പാറത്തോട്ടിൽ വച്ച് ഒരു സംഘമാളുകൾ തന്നെ മർദിച്ചതായി സന്തോഷ് വീട്ടുകാരോടു പറഞ്ഞിരുന്നു.
റോഡിൽ വഴിയാത്രയ്ക്കു തടസമായി ഇരുന്നവരോടു മാറാൻ സന്തോഷ് ആവശ്യപ്പെട്ടിരുന്നു. മാറാത്തതിനെത്തുടർന്ന് ഇവരെ ചീത്ത വിളിച്ചതാണു മർദനത്തിനു കാരണമായി സന്തോഷ് പറഞ്ഞത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോബിനടക്കം അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നും സന്തോഷ് പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
ദേഹമാസകലം പരിക്കേറ്റ പാടുകളും കാലിലെ ചെരുപ്പ് അഴിഞ്ഞുപോകാത്തതും പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ താഴെ വീഴാത്തതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായി കേളകത്ത് നടത്തിയ പത്രസമ്മേളനത്തിൽ സന്തോഷിന്റെ ഭാര്യയും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.