കോട്ടയം: കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്പില് സന്തോഷ് ഫിലിപ്പോസിനെ (34) 2017 ഓഗസ്റ്റ് 23നു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളില് തള്ളിയ കേസില് പ്രോസിക്യൂഷന്റെ വാദം പൂര്ത്തിയായി. പ്രതിഭാഗം വാദം 20നകം പൂര്ത്തിയാകും.ഭാര്യയുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരില് സന്തോഷിനെ വീട്ടില് വിളിച്ചുവരുത്തി ഭര്ത്താവ് മുട്ടമ്പലം വെട്ടിമറ്റം എ.ആര്. വിനോദ്കുമാര് (46) കൊലചെയ്തെന്നാണ് കേസ്.
തലയില്ലാത്ത നിലയില് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള് പിന്തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളെയും പ്രതികളെയും കണ്ടെത്തിയത്.കൊല്ലപ്പെട്ട സന്തോഷിന്റെ മുന് സുഹൃത്തുകൂടിയായ കോട്ടയം മുട്ടമ്പലം വെട്ടിമറ്റം എ.ആര്. വിനോദ്കുമാര് (കമ്മല് വിനോദ്-46) സന്തോഷിന്റെ ഭാര്യ കുഞ്ഞുമോള് (44) എന്നിവരാണു പ്രതികള്.
കൊലയ്ക്കു പിന്നില് ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണെന്നാണ് പ്രോസിക്യൂഷന് വാദം. അച്ഛനെ കൊന്ന കേസില് വിനോദ് കുമാര് ജയിലില് കഴിയുമ്പോള് കൊല്ലപ്പെട്ട സന്തോഷും അവിടെയുണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യയായ കുഞ്ഞുമോളെ സഹായിക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു.
ഇത്തരത്തില് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ് വിവരമറിഞ്ഞ് സന്തോഷിനെ കൊലപ്പെടുത്താന് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഭാര്യ കുഞ്ഞുമോളെ നിര്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും സന്തോഷിനെ മീനടത്തെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി.
രാത്രിയിലെത്തിയ സന്തോഷ് സിറ്റ് ഔട്ടിലെ കസേരയില് സംസാരിച്ചുകൊണ്ടിരിക്കെ പിന്നിലൂടെയെത്തിയ വിനോദ് ആണി പറിക്കുന്ന ഇരുമ്പു ലിവറിന് തലയ്ക്കടിച്ചു വീഴ്ത്തി കൊല ചെയ്തു. കൊലപാതകത്തിനുശേഷം മൃതദേഹത്തോട് നീചമായ രീതിയില് അനാദരവ് കാണിക്കുകയും ചെയ്തു.
മൃതദേഹ ഭാഗങ്ങള് മൂന്നു ചാക്കുകളിലാക്കി ഓട്ടോറിക്ഷയുടെ പിന്നില് വച്ചു. കുഞ്ഞുമോളെ പിന്സീറ്റില് ഇരുത്തി വിനോദ് ഓട്ടോ റിക്ഷ ഓടിച്ചുപോയി രാത്രി പന്ത്രണ്ടു മണിയോടെ പലയിടങ്ങളില് എറിഞ്ഞുകളഞ്ഞു. കോട്ടയം ഈസ്റ്റ് പോലീസ് ഇന്സ്പെക്ടറായിരുന്ന സാജു വര്ഗീസാണ് കുറ്റപത്രം സമര്പ്പിച്ചത്.
വീട്ടുമുറ്റത്ത് മണ്ണില് തെറിച്ചു വീണ രക്തക്കറയാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിര്ണായക തെളിവ്. ശാസ്ത്രീയ പരിശോധനയില് ഇതു കൊല്ലപ്പെട്ട സന്തോഷിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. അവസാനമായി കുഞ്ഞുമോളുടെ കോളാണ് സാന്തോഷിന്റെ ഫോണിലേക്കെത്തിയത്.
തലയ്ക്കടിച്ച ഇരുമ്പു ലിവര്, മൃതദേഹം മുറിക്കാനുപയോഗിച്ച കത്തി, കൊല നടന്ന വീട്ടുമുറ്റത്തുനിന്നു കിട്ടിയ സന്തോഷിന്റെ ഷര്ട്ട് ബട്ടണ്, സന്തോഷിനെ വിളിച്ചു വരുത്തിയ ഫോണിന്റെ സിം കാര്ഡ് തുടങ്ങിയവയും പ്രോസിക്യൂഷന് ഹാജരാക്കി.സന്തോഷിന്റെ പഴ്സും ഫോണ്കവറും കത്തിച്ച് ചാണകക്കുഴിയില് തള്ളിയിരുന്നു.
സന്തോഷിന്റെ പോക്കറ്റിലുണ്ടായിരുന്ന 130 രൂപയും വിനോദ് അപഹരിച്ചു. കേസില് ദൃക്സാക്ഷികളാരുമില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷണല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. സിറില് തോമസ് പാറപ്പുറം കോടതിയില് ഹാജരായി.