തലശേരി: ബിജെപി പ്രവര്ത്തകന് ധര്‍മടം അണ്ടലൂര്‍ ചോമന്റവിട സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്നിട്ട് 90 ദിവസമാകുന്നതിനു മുന്‍പാണ് തലശേരി ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 48 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയ 900 പേജുള്ള കുറ്റപത്രമാണ് ഇന്നു രാവിലെ കോടതിയില്‍ സമര്‍പ്പിച്ചത്. കൊലക്കുപയോഗിച്ച ആയുധങ്ങള്‍, കൊല നടത്തുന്നതിനിടയില്‍ പരിക്കേറ്റ പ്രതികളിലൊരാളെ ആശുപത്രിയിലെത്തിച്ച ബൈക്ക് എന്നിവയടക്കം 10 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.
പാനൂര്‍ സിഐ കെ.എസ് ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രഥമികാന്വേഷണം നടത്തിയ ശേഷം ഫയൽ തലശേരി സിഐയക്കു കൈമാറുകയായിരുന്നു. സയന്റിഫിക് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനടിയില്‍ ഈ കേസിലെ ആറാം പ്രതി പാലയാട് ഷാഹിനം വീട്ടില്‍ ഷമിലിന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അഡ്വ. പ്രദ്യു മുഖാന്തിരം നല്കിയ ഹർജിയിലാണ് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെ ജസ്റ്റിസ് ഏബ്രഹാം മാത്യു ജാമ്യം അനുവദിച്ചത്. എട്ട് പ്രതികളുള്ള ഈ കേസില്‍ ഏഴാം പ്രതി പാലയാട് തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ് (27), എട്ടാം പ്രതി പാലയാട് കേളോത്ത് വീട്ടില്‍ അജേഷ്(27), എന്നിവര്‍ക്ക് നേരത്തെ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.നാല്. അഞ്ച് പ്രതികളുടെ ജാമ്യ ഹർജി ജില്ലാ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും.
അണ്ടലൂർ മണപ്പുറം വീട്ടില്‍ മിഥുന് (27), നിഥുല്‍ എന്ന അപ്പു(25) ധര്‍മടം അണ്ടലൂരിലെ എന്ന വാവകുട്ടന് (25) അണ്ടലൂരിലെ രോഹന് (29) അണ്ടലൂർ ലീലറാമില്‍ പ്രജുല്‍(25), എന്നിവരാണ് ഇപ്പോള്‍ റിമാൻഡിലാണ്.ജനുവരി 18 നാണ് സന്തോഷ് കൊല്ലപ്പെട്ടത്.കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളും സിപിഎം പ്രവര്‍ത്തകരാണെന്ന് അന്വേഷണ ഉദ്യാഗസ്ഥൻ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടയിലായിരുന്ന പ്രതികള്‍ സിപിഎമ്മുകാരാണെന്ന് സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സിപിഎമ്മുമായി ബന്ധപ്പെട്ട കേസുകൾ സാധാരണ കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ വിശ്വസ്തനായ അഭിഭാഷകൻ കെ. വിശ്വൻ ഈ കേസിൽ ഹാജരാകാൻ വിസമ്മതിച്ചതും ഏറെ ചർച്ചയായിരുന്നു.