കോട്ടയം: ലോകാദ്ഭുതങ്ങളുടെ, പ്രകൃതിയുടെ വൈവിധ്യങ്ങളുടെ, യുദ്ധത്തിന്റെ ശേഷിപ്പുകൾ ഇന്നും കെട്ടടങ്ങാത്ത ഭൂമികയിലൂടെ സഞ്ചരിച്ചു യാത്രാ വിവരണത്തിന്റെ പുതിയ കാഴ്ചാനുഭവം മലയാളികൾക്ക് ഒരുക്കിയ സന്തോഷ് ജോർജ് കുളങ്ങര പുതിയൊരു യുദ്ധം ജയിച്ചു വന്നതിന്റെ ആശ്വാസത്തിലാണ്.
രോഗശയ്യയിൽ നിന്നു വീണ്ടും ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുമായി പ്രേക്ഷകർക്കു മുന്നിലേക്ക് ആ സഞ്ചാരികൻ വീണ്ടുമെത്തി. ലോക രാഷ്ട്രങ്ങളിൽ സന്തോഷ് ജോർജ് കുളങ്ങര നടത്തിയ യാത്രകളെ ഒരു കഥാകാരന്റെ വൈഭവത്തോടെ പ്രേക്ഷകർക്കായി ഓർമക്കുറിപ്പു പോലെ വിവരിക്കുന്ന സഞ്ചാരം ടിവിയിലെ പരിപാടിയിലേക്കു തിരികെ വന്നാണ് തന്റെ ജീവിതത്തിലുണ്ടായ വെല്ലുവിളി പ്രേക്ഷകരുമായി പങ്കുവെച്ചത്.
അസുഖ ബാധിതനായി ആശുപത്രിയിൽ കിടന്നുകൊണ്ടു സഞ്ചാരം ടിവിയിലെ തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സഫാരി ചാനൽ പുറത്തുവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് സന്തോഷ് ജോർജ് കുളങ്ങര മരണത്തെ മുഖാമുഖം കണ്ട യാത്രയെക്കുറിച്ച് പരിപാടിയിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചത്. പിത്താശയത്തിൽ കല്ല് കണ്ടെത്തിയതിനെ തുടർന്നു ഓപ്പറേഷനു വിധേയമായ ശേഷം സ്ഥിതി ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
താക്കോൽദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
പിന്നീട് ഹൃദയമിടിപ്പ് ഗണ്യമായി കുറഞ്ഞ അവസ്ഥയിലായി. വയറ്റിൽ ഓപ്പറേഷനു ശേഷം രക്തസ്രാവം ഉണ്ടായതായും രക്തം കട്ടപിടിച്ചതായും സ്കാനിൽ കണ്ടെത്തി.
തുടർന്ന് ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായി അബോധാവസ്ഥയിലാകുകയുമായിരുന്നു. ശ്വാസം മുട്ടൽ കൂടിയതോടെ ശ്വസിക്കാൻ വെൻറിലേറ്റർ സഹായം ആവശ്യമായി വന്നു.
തുടർന്നു ഡോക്ടർമാരുടെ അശാന്ത പരിശ്രമത്തിനൊടുവിലാണ് അദ്ദേഹം ദിവസങ്ങൾക്കു ശേഷം പൂർവസ്ഥിതിയിലേക്കു മടങ്ങി വന്നത്. ജീവിതത്തിലേക്കു തിരികെ എത്തിയ സന്തോഷ് കുളങ്ങരയോട് മുതിർന്ന ഡോക്ടർ പറഞ്ഞു,
“സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ…”