പയ്യന്നൂര്‍: അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് നടുവില്‍ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പന് സന്തോഷിനെ(36) കാത്തിരിക്കുന്നത് അഴിയാക്കുരുക്ക്.
പയ്യന്നൂരില്‍ വ്യാപാരസ്ഥാപനത്തിന്റെ ചുമര് തുരന്ന് മുക്കാല്‍ ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച കുറ്റത്തിനാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതെങ്കിലും വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും ഇയാള്‍ നടത്തിയ കവര്‍ച്ചകള്‍ ഇയാള്‍ക്ക് അഴിയാക്കുരുക്കായി മാറുകയാണ്.
തൊരപ്പന് സന്തോഷിനെ പിടികൂടിയ വിവരമറിഞ്ഞ് വിവിധ സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥര്‍ ഇന്നലെ പയ്യന്നൂരിലെത്തിയിരുന്നു. ഇയാള്‍ പ്രതിയായ കേസുകളുടെ വിവരങ്ങള്‍ അറിയാനായിരുന്നു പോലീസ് ഉദ്യോഗസ്ഥരെത്തിയത്.
അവരുടെ ചോദ്യങ്ങളോട് തൊരപ്പന് സന്തോഷ് സഹകരിച്ചതായും കുറ്റസമ്മതം നടത്തിയതായുമാണ് വിവരം. അറസ്റ്റിലായ തൊരപ്പന് സന്തോഷിനെ പയ്യന്നൂര്‍ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതോടൊപ്പം വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ ഇയാള്‍ നടത്തിയ കവര്‍ച്ചകളില്‍ തെളിവെടുപ്പ് നടത്താനായി കസ്റ്റഡി അപേക്ഷകളുടെ പ്രളയമാണുണ്ടാവുക. ഒന്നിന് പിറകെ മറ്റൊന്നായി കസ്റ്റഡിയപേക്ഷകള് നല്‍കാനാണ് പോലീസിന്റെ തീരുമാനം.
ഇതോടെ തെളിവെടുപ്പുകളും തൊണ്ടിമുതല്‍ കണ്ടെത്തലുമായി കേസന്വേഷണങ്ങള്‍ നീളുമ്പോള്‍ അത്രപെട്ടെന്ന് കേസുകളില്‍നിന്ന് സ്വതന്ത്രനാവാന്‍ കഴിയില്ല എന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
കണ്ണൂര്‍,കാസര്‍ഗോഡ്,കോഴിക്കോട് ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലുമായി നിരവധി കവര്‍ച്ചകള്‍ നടത്തി പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്നിരുന്ന ഇയാളെ പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മട്ടന്നൂര്‍ ചാലോട് നിന്നും പിടികൂടിയത്.
നേരത്തെ പയ്യന്നൂര്‍ പോലീസ് പിടികൂടിയ തൊരപ്പന് സന്തോഷിന്റെ കൂട്ടാളികളില്നിന്നുമാണ് ഇയാളുള്‍പ്പെട്ട കവര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ബംഗളൂരുവിലും തമിഴ്നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വിപുലമായ കവര്‍ച്ചയ്ക്കുള്ള നീക്കങ്ങളുമായി എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.