ഞാന്‍ മരിച്ചിട്ടില്ല! പ്രണയിച്ച പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ചതിന് സന്തോഷ് കുമാറിന് നഷ്ടമായത് സ്വന്തം ‘ജീവന്‍’

സോനു തോമസ്
Santhosh5
ഉത്തര്‍പ്രദേശിലെ പുണ്യനദിയായ ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് ആറു കിലോമീറ്ററിലധികം നീളത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബനാറസ്. കല്ലുകൊണ്ട് നിര്‍മിച്ച പഴയകാല ക്ഷേത്രങ്ങള്‍ മുതല്‍ ആധുനിക ക്ഷേത്രങ്ങളും നിരവധി ആരാധനാലയങ്ങളും ബനാറസിലുണ്ട്.  തദ്ദേശീയര്‍ നെയ്യുന്ന സാരികളും പ്രാദേശികരീതിയിലുള്ള ഗുസ്തിയും വലിയ ആകര്‍ഷണമാണ്. പക്ഷേ, ആരെയും ആകര്‍ഷിക്കാത്ത, എല്ലാവരുടെയും മുമ്പില്‍ ‘മരിച്ചു’ ജീവിക്കുന്ന ഒരു പറ്റം ആളുകളും ഇവിടെയുണ്ട്. അവരില്‍ ഒരാളാണ് സന്തോഷ് കുമാര്‍ സിംഗ്. ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഇത് സത്യമാണ് രേഖകളില്‍ മരിച്ച, സന്തോഷ് കുമാര്‍ ജീവിച്ചിരിപ്പുണ്ട്.

 ജനിച്ചത് സാധാരണ കുടുംബത്തില്‍

ഉത്തര്‍പ്രദേശിലെ ബനാറസിനടുത്ത് ശീതാബലിയെന്ന ഗ്രാമത്തിലെ സാധാരണക്കാരില്‍ ഒരാളായിരുന്നു സന്തോഷ് കുമാര്‍. അച്ഛന്‍ പട്ടാളത്തിലായിരുന്നു. അമ്മ സാധാരണ വീട്ടമ്മയും. ഇവരുടെ ഒരേയൊരു മകന്‍. ഓഹരി ലഭിച്ചതും അല്ലാതെ മേടിച്ചതുമായ 12 ഏക്കര്‍ സ്ഥലമുണ്ട് സന്തോഷിന്റെ കുടുംബത്തിന്. അതിനാല്‍ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും സന്തോഷ് അനുഭവിച്ചില്ല. വീടിനടുത്തുതന്നെ ബന്ധുക്കളുടെ വലിയ നിര.
അതിനാല്‍ കൂട്ടൂകെട്ടുകള്‍ക്കും സൗഹൃദങ്ങള്‍ക്കും സന്തോഷിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. കസിന്‍സിനൊപ്പമുള്ള കളിചിരികളുമായി പഠനകാലം കടന്നുപോയി. ഇതിനിടയ്ക്ക് അച്ഛന്‍ മരിച്ചു, വൈകാതെ അമ്മയും.
പക്ഷേ, സന്തോഷിന്റെ ജീവിതത്തെ അതൊന്നും ബാധിച്ചില്ല. അല്ലെങ്കില്‍തന്നെ എണ്ണിയാല്‍ തീരാത്ത ബന്ധുബലമുള്ള ഒരാള്‍ എന്തിനാണു ദുഃഖിക്കുന്നത്.
Santhosh2
സിനിമയെ സ്‌നേഹിച്ച കൗമാരം

കാലം കടന്നുപോയി, രണ്ടായിരാമാണ്ട്. സന്തോഷിനിപ്പോള്‍ 20 വയസ്. ഇതിനിടയ്ക്ക് പഠനം അവസാനിപ്പിച്ചു. സ്വന്തം കൃഷിയിടമാണെങ്കിലും ബന്ധുക്കള്‍ നോക്കി നടത്തുന്ന കൃഷിയില്‍ സഹായിച്ച് സന്തോഷ് കഴിയുന്നു. ഇടവേളകളില്‍ ഗ്രാമത്തിലെ ടാക്കീസില്‍ പോയി സിനിമ കാണും. ഈ സിനിമകാണല്‍ സന്തോഷിന്റെ ജീവിതത്തെയും സ്വാധീനിച്ചു തുടങ്ങി.

ഏതൊരു ചെറുപ്പക്കാരന്റെയും ഉള്ളിലുള്ളതുപോലെ ചെറിയ സിനിമാമോഹങ്ങള്‍ സന്തോഷിന്റെ ഉള്ളിലും നാമ്പിട്ടു.
സന്തോഷിന്റെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കുന്ന വാര്‍ത്തയാണ് ഒരു ദിവസം ഗ്രാമത്തില്‍ കേട്ടത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ നാന പടേക്കര്‍ ഗ്രാമത്തിലെത്തുന്നു. തന്റെ പുതിയ ചിത്രമായ ആഞ്ചിന്റെ ചിത്രീകരണത്തിനാണ് പടേക്കര്‍ എത്തുന്നത്.

സിനിമാതാരവുമായി പ്രണയം

സിനിമ ചിലരെ വളര്‍ത്തി ഉയരങ്ങളിലെത്തിക്കും. ചിലരെ ആരും അറിയാത്തവരാക്കി മാറ്റും. എന്നാല്‍, നാനാ പടേക്കറിന്റെ സിനിമ സന്തോഷ് കുമാറിന്റെ ജീവിതത്തെ മറ്റൊരു വിധത്തിലാണു മാറ്റിമറിച്ചത്. “”സിനിമാമോഹമുളളതിനാല്‍ പടേക്കറുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചു. പ്രാദേശികമായി വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കി. ഒടുവില്‍ അത് സാധിച്ചെടുത്തു. ഇതിനിടയ്ക്ക് ആഞ്ചില്‍ അഭിനയിക്കാനെത്തിയ സുപ്രിയ
എന്ന അഭിനേത്രിയുമായി പരിചയത്തിലായി.

ഒടുവില്‍ ആ പരിചയം ചില സിനിമാക്കഥയിലെന്നപോലെ പ്രണയത്തിലെത്തി. ഇതിനിടയ്ക്ക് എന്റെ പെരുമാറ്റം ഇഷ്ടപ്പെട്ട പടേക്കര്‍ മുംബൈയിലെ വീട്ടിലേക്കു പാചകക്കാരനായി വിളിച്ചു. പാചകക്കാരനെങ്കില്‍ അങ്ങനെ. സിനിമാമോഹവും ഒപ്പം സുപ്രിയായോടുള്ള ഇഷ്ടവും കൂടി ചേര്‍ന്നപ്പോള്‍  പിന്നെ ഒന്നും ആലോചിച്ചില്ല, നേരേ മുംബൈക്ക് വണ്ടികയറി”- സന്തോഷ് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
Santhosh6
പ്രണയിക്കാന്‍ പാചകക്കാരനായി

മുംബൈയിലെത്തിയ സന്തോഷ് രണ്ടു വര്‍ഷത്തോളം പടേക്കറിന്റെ പാചകക്കാരനായി ജോലി ചെയ്തു. ഇതിനിടയ്ക്ക് സുപ്രിയയുമായുള്ള ബന്ധം വളര്‍ന്നു. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം സുപ്രിയയെ വിവാഹം ചെയ്യാന്‍ സന്തോഷ് തീരുമാനിച്ചു. ഇതിനായി ബന്ധുക്കളില്‍ നിന്ന് അനുവാദം തേടി നാട്ടിലേക്ക് തിരിച്ചു.

ബനാറസിലെത്തി വീട്ടുകാരുമായി കാര്യങ്ങള്‍ സംസാരിച്ചു. പെണ്‍കുട്ടിയുടെ ജാതിയായിരുന്നു വീട്ടുകാര്‍ ആദ്യം അന്വേഷിച്ചത്. ദളിത് യുവതിയെ വിവാഹം ചെയ്യുന്ന കാര്യം ആലോചിക്കുകയേ വേണ്ടെന്ന് ബന്ധുക്കള്‍ തീര്‍ത്തു പറഞ്ഞു. ഗ്രാമത്തില്‍ ഇങ്ങനെയൊരു സംഭവം ആലോചിക്കാനേ കഴിയില്ല. വിവാഹം കഴിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വീട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.

വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

നാട്ടില്‍ നിന്നു തിരിച്ച് മുംബൈയിലെത്തിയ സന്തോഷ് എന്തു ചെയ്യണമെന്നറിയാതെ ധര്‍മസങ്കടത്തിലായി. അവസാനം ഉറച്ച തീരുമാനത്തിലെത്തി. സുപ്രിയയെ വിവാഹം ചെയ്തു. ഒരു കുഞ്ഞ് ജീവിതത്തിലേക്കു വരുന്നതോടെ കാര്യങ്ങള്‍ ഭംഗിയായി അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സന്തോഷും സുപ്രിയയും. കുഞ്ഞു ജനിച്ച ശേഷവും പക്ഷെ, കാര്യങ്ങള്‍ അത്ര സുഗമമായില്ല. ഇരുവരെയും വീട്ടില്‍ കയറാന്‍ പോലും ബന്ധുക്കള്‍ അനുവദിച്ചില്ല. നാട്ടുകാരും വീട്ടുകാര്‍ക്കൊപ്പം നിന്നു. അല്ലെങ്കിലും ശീതാബലിയെന്ന ഗ്രാമത്തില്‍ ദളിതരെ വിവാഹം ചെയ്ത ആരെയും പ്രവേശിപ്പിച്ചിട്ടില്ല, പിന്നെയല്ലേ സന്തോഷ്! ഇനിയും നാട്ടില്‍ നിന്നിട്ട് കാര്യമില്ലെന്നു മനസിലാക്കിയ സന്തോഷ് മുംബൈയിലേക്കു തിരിച്ചു.
Santhosh4
‘മരണമെത്തുന്ന നേരത്ത്…

ഏതാനും മാസം കഴിഞ്ഞപ്പോള്‍ നാട്ടില്‍പ്പോയി തനിക്ക് ഭാഗമായി ലഭിച്ച ഭൂമിയില്‍ കൃഷി ചെയ്ത് ഇനിയുള്ള കാലം നാട്ടില്‍ കഴിയാന്‍ സന്തോഷ് തീരുമാനിച്ചു. ബനാറസിലെത്തിയപ്പോള്‍ മുതല്‍ നാട്ടുകാര്‍ വിചിത്ര ജീവിയെ നോക്കുന്നതുപോലെ തന്നെ നോക്കുന്നതില്‍ സന്തോഷ് അത്ഭുതപ്പെട്ടു. പരിചയമുള്ളവര്‍ കണ്ടഭാവം നടിക്കുന്നില്ല. അധികം വൈകാതെ ആ സത്യം സന്തോഷ് തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ രേഖകളില്‍ താന്‍ ജീവിച്ചിരിപ്പില്ല. മാത്രമല്ല “മരണം’ സംഭവിച്ച തന്റെ 12 ഏക്കര്‍ ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ബന്ധുക്കളാണ്.

പണമെറിഞ്ഞ് മരണ സര്‍ട്ടിഫിക്കറ്റ്

സുപ്രിയയെ സന്തോഷ് വിവാഹം ചെയ്ത കാര്യമറിഞ്ഞ വീട്ടുകാര്‍ ഉടന്‍തന്നെ പോലീസില്‍ ഒരു പരാതി നല്‍കി. സന്തോഷ് കുമാറിനെ കാണാനില്ല. വൈകാതെ അവര്‍ മറ്റൊരു കാര്യവുമായി അധികാരികളുടെ അടുത്ത് എത്തി. 2003ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനത്തില്‍ അവരുടെ പ്രിയപ്പെട്ട സന്തോഷ് കുമാര്‍ കൊല്ലപ്പെട്ടു.
സഹതാപത്തിന്റെ കൂടെ കുറച്ച് പണവും കൂടി നല്‍കിയതോടെ സന്തോഷിന്റെ മരണപത്രം തയാറായി! താന്‍ മരിച്ചിട്ടില്ലെന്ന് നേരിട്ട് അധികാരികളെ കണ്ട് ബോധ്യപ്പെടുത്താന്‍ സന്തോഷ് ഓഫീസുകള്‍ കയറിയിറങ്ങി. പക്ഷേ, സന്തോഷ് ജീവിച്ചിരിപ്പുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ആരും നല്‍കിയില്ല. പണത്തിനുമേല്‍ ഒന്നുമില്ലെന്നു മനസിലാക്കിയ സന്തോഷ് മുംബൈയിലേക്കു തിരിക്കാനും അവിടെയൊരു ജീവിതം ആരംഭിക്കാനും തീരുമാനിച്ചു.

മരണം വീണ്ടും വില്ലനായി

പക്ഷേ, കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ മരണപത്രം വീണ്ടും വില്ലനായി. കുട്ടിയുടെ പിതാവിന് സ്വന്തമായി തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ അഡ്മിഷന്റെ കാര്യം പ്രശ്‌നമായി. അല്ലെങ്കിലും മരിച്ചയാള്‍ക്ക് എന്ത് ഐഡന്റിറ്റി പ്രൂഫ്! ഇതോടെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന രേഖ അധികാരികളില്‍ നിന്ന് ലഭിക്കാതെ മുന്നോട്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന് സന്തോഷിന് മനസിലായി. ഇതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. ഉത്തര്‍പ്രദേശിലുള്ള ഒരു ജില്ലാ കോടതിയില്‍ കേസ് നല്‍കിയെങ്കിലും വക്കീലിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ കേസ് നടത്താന്‍ സാധിച്ചില്ലെന്ന് സന്തോഷ് പറയുന്നു.

ഭാര്യ ഉപേക്ഷിച്ചു
Santhosh7
2011ല്‍ മരിച്ച വ്യക്തിയോടൊപ്പം ജീവിച്ചിരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് ഭാര്യ സുപ്രിയയും സന്തോഷിനെ ഉപേക്ഷിച്ചു. എന്തുകാരണത്താലാണോ സന്തോഷിന് സ്വന്തം ജീവിതം നഷ്ടപ്പെട്ടത് അതിന്റെ കാരണക്കാരിയും സന്തോഷിനെ ഉപേക്ഷിച്ചു.

സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും പരിഹാസം സുപ്രിയയെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചുവെന്നുവേണം കരുതാന്‍. അപ്പോഴേക്കും രേഖകളില്‍ സന്തോഷ് മരിച്ചിട്ട് എട്ടു വര്‍ഷമായിരുന്നു. ഭാര്യയും പോയതോടെ സന്തോഷ് ജീവിതത്തില്‍ ഒറ്റപ്പെട്ടു. സുപ്രിയ തന്നെ വിട്ടുപോയതില്‍ സന്തോഷിന് ആരോടും പരാതിയുമില്ല. എല്ലാം തന്റെ വിധിയാണെന്ന് സന്തോഷ്  കരുതി.

സമരം തുടങ്ങുന്നു

തിരിച്ചു മുംബൈയിലെത്തിയ സന്തോഷ് ഉണ്ടായ കാര്യങ്ങളൊക്കെ നാനാ പടേക്കറിനോട് വിവരിച്ചു. പിന്നീട് സന്തോഷ് ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. പടേക്കര്‍ ഈ വിഷയം സമൂഹത്തിന്റെ മുന്നിലെത്തണമെന്ന് ചിന്തിച്ചു. പടേക്കറിന്റെ പിന്തുണയോടെ സന്തോഷ് 2012ല്‍ സമരം ആരംഭിച്ചു.

ഒരു സാധാരണക്കാരന്‍ പിന്നീട് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അധികാരികളുടെ ശ്രദ്ധ നേടാന്‍ ഡല്‍ഹിയിലെ സമരം കൊണ്ടുമാത്രമേ സാധിക്കുകയുള്ളുവെന്ന് സന്തോഷിന് മനസിലായി. ഇതോടെ സമരം ജന്തര്‍ മന്ദറിലേക്ക് മാറ്റി.

നാമനിര്‍ദേശ പത്രിക നല്‍കിയും സമരം

ആദ്യത്തെ കുറെമാസം സന്തോഷിന്റെ സമരത്തിന് മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധ ലഭിച്ചു. പിന്നീട് അതും നഷ്ടപ്പെട്ടു. എങ്കിലും അധികാരികള്‍ ഈ സമരം കണ്ടില്ലെന്ന് നടിച്ചു. തോല്‍ക്കാന്‍ സന്തോഷിന് മനസില്ലായിരുന്നു. സമരം തുടര്‍ന്നു.

ചില സംസ്ഥാന- പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ സന്തോഷ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയെങ്കിലും വേണ്ടത്ര രേഖകളില്ലാത്തതിനാല്‍ അതെല്ലാം അധികൃതര്‍ തള്ളിക്കളഞ്ഞു. പക്ഷേ, സന്തോഷ് പിന്നോട്ടു പോയില്ല, കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും പത്രിക നല്‍കി. പതിവു പോലെ അതും തള്ളപ്പെട്ടു.
Santhosh3
പ്രതീക്ഷകള്‍ കൈവിടാതെ…

ഡല്‍ഹി ജന്തര്‍ മന്ദറില്‍ ചെന്നാല്‍ “ഐ ആം എലൈവ്, ഐ വാന്‍ഡ് ജസ്റ്റിസ്’ എന്നെഴുതിയ ഫ്‌ളെക്‌സുകള്‍ക്കിടയില്‍ സന്തോഷിനെ കാണാം. സമരം ചെയ്യുന്നതിനിടയ്ക്ക് പോലീസിന്റെ മര്‍ദ്ദനം പലതവണ ഏല്‌ക്കേണ്ടിവന്നുവെന്ന് സന്തോഷ് പറയുന്നു. ഇത് ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല. ജീവിച്ചിരുപ്പുണ്ടെന്ന് തെളിയിച്ച ശേഷം ശരിക്കും മരിച്ചാലും വേണ്ടില്ല – സന്തോഷ് പറഞ്ഞു. തന്നെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയോടെ സമരം തുടരുകയാണു സന്തോഷ്. അടുത്തുള്ള ചില കടകളില്‍ വെള്ളമെത്തിച്ചും ചെറിയ പണികള്‍ ചെയ്തും ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേയുള്ളൂ. പക്ഷെ സന്തോഷ് സമരം തുടരും. കാരണം ഈ സമരം ഫലം കണ്ടാല്‍ സന്തോഷ് മാത്രമല്ല, ഇതുപോലെ ഇന്ത്യയില്‍ മരിച്ചു ജീവിക്കുന്ന നിരവധിപ്പേര്‍ക്കാണ് പുതിയ ജീവിതം ലഭിക്കുന്നത്.

Related posts