കാട്ടാക്കട : പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിൽ ഉടനീളവും അയൽ സംസ്ഥാനത്തും വേരുറപ്പിച്ച വൻ തട്ടിപ്പ് സംഘത്തിലെ അംഗമായ സന്തോഷിനെ കാട്ടാക്കട കോടതി 14 ദിവസത്തേയ്ക്ക് റിമാന്ഡ് ചെയ്തു . അറസ്റ്റ് വിവരം അറിഞ്ഞ് വിവിധ ജില്ലകളിൽ നിന്നും പരാതി പ്രവാഹമാണ്. അതിനിടെ മുഖ്യപ്രതി ഗീതാറാണിയെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
കൊച്ചിയിലും മംഗലാപുരത്തും പോലീസ് തിരച്ചിൽ വ്യാപിച്ചിട്ടുണ്ട്. സന്തോഷിനെ ചോദ്യം ചെയ്തതിൽ ഇവർ സ്ഥിരമായി തങ്ങുന്ന ചിലയിടങ്ങൾ വെളിവായിട്ടുണ്ട്. അവിടെ കർണാടക പോലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തും. ത്യശൂർക്കാരായ പ്രതികളെയും വലയിലാക്കിയതായി ഡിവൈഎസ്പി ബിജുമോൻ അറിയിച്ചു. സന്തോഷ് അറസ്റ്റിലായതോടെ വിവിധ ജില്ലകളിൽ നിന്നും വൻ പരാതി പ്രവാഹമാണ്. നെയ്യാർഡാം സ്റ്റേഷനിൽ കരുനാഗപ്പള്ളിയിൽ നിന്നും കോഴിക്കോട്ടു നിന്നും പരാതികൾ വരുന്നുണ്ട്. അതിനാൽ പോലീസ് സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.
സംസ്ഥാനത്തിൽ ഉടനീളവും അയൽ സംസ്ഥാനത്തും വേരുറപ്പിച്ച വൻ തട്ടിപ്പ് സംഘത്തിലെ ഒരാൾ അറസ്റ്റിലായതോടെ ഇതിനു പിറകിലെ റാക്കറ്റ് വെളിവാകുമെന്നാണ് സൂചന. സൈന്യത്തിൽ ജോലി വാഗ്ദാനം നൽകി പറ്റിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിനു പുറമേ ആർമിയുടെ രഹസ്യ വിഭാഗത്തിന്റെ നീക്കവും ഉണ്ടാകും. ഇതോടെ അറസ്റ്റിലായ സന്തോഷിന് പുറമേ മറ്റ് പലരും അകത്താകുമെന്നാണ് അധിക്യതർ പറയുന്നത്.
കൊട്ടാരക്കര സ്വദേശിയായ സന്തോഷ് പിഡിസി പാസായ ശേഷം കംപ്യൂട്ടർ പഠിച്ച് അതിൽ ഡിപ്ലോമ നേടി. തുടർന്ന് നാട്ടിൽ കേസിൽകുടങ്ങി നിൽക്കവെയാണ് ആർമിയുടെ സപ്ലൈകോർപ്പിൽ പണി കിട്ടുന്നത്. എന്നാൽ ഒരു അപകടം പറ്റിയതിനെ തുടർന്ന് കിടപ്പിലായി. തുടർന്ന് ജോലിക്ക് പോകാതെയായി. അതോടെ ആ ജോലി പോയി. ഇതിനിടെ ഇയാൾ കർണാടകയിലെ മംഗലാപുരം സ്വദേശിനിയായ യുവതിയുമായി അടുക്കുകയും അവരെ വിവാഹം ചെയ്യുകയും ചെയ്തു. തുടർന്ന് മംഗലാപുരത്ത് തന്നെ താമസിക്കവെയാണ് ആർമിയിൽ ചേരാൻ പോകുന്നവർക്ക് കോച്ചിംഗ് സ്ഥാപനം തുടങ്ങുന്നത്.
മൂന്ന് മാസത്തെ കോച്ചിംഗിന് 25000 രൂപയാണ് ഈടാക്കിയിരുന്നത്. ആർമിയിൽ ജോലിയുണ്ടായിരുന്നതിനാൽ അതിന്റെ വശങ്ങൾ മനസിലാക്കിയിരുന്ന സന്തോഷ് പലരേയും പട്ടാളത്തിൽ ജോലിക്ക് കയറ്റി. ഇതിനിടെയാണ് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിനി ഗീതാറാണി എത്തുന്നത്. കോച്ചിംഗ് സെന്ററിൽ പരിശീലനത്തിന് ഒരാളെ കൊണ്ടു വന്ന ഗീതാറാണിയാണ് തട്ടിപ്പിന്റെ വൻ ലോകം തുറന്നിട്ടുകൊടുത്തത്. പട്ടാളത്തിൽ ജോലിക്ക് കയറ്റാമെന്ന് പറഞ്ഞ് നിശ്ചിത തുക വാങ്ങാൻ തീരുമാനിക്കുകയും സാഹചര്യമനുസരിച്ച് ഒന്നേകാൽ ലക്ഷം മുതൽ രണ്ടരലക്ഷം വരെ വാങ്ങിച്ചു. ചിലരെ ജോലിക്ക് കയറ്റി.
ഭൂരിഭാഗം പേരെയും കബിളിപ്പിച്ചു പിന്നെ കേരളത്തിലേക്ക് എത്തിയായിരുന്നു റിക്രൂട്ട്മെന്റ്. അതിന് ഗീതാറാണിയും ത്യശൂരിലുള്ള രണ്ടുപേരും സഹായികളായി എത്തി. വൻകിട ഹോട്ടലിലാണ് താമസം. ജോലി വാഗ്ദാനത്തിൽപ്പെട്ട് വരുന്നവരെ ഹോട്ടലിൽ കൊണ്ടു വരുന്നത് ഗീതാറാണിയാണെന്ന് സന്തോഷ് പോലീസിനോട് സമ്മതിച്ചു. വരുന്നവരോട് സന്തോഷ് ക്യാപ്റ്റനാണെന്നും ചിലപ്പോൾ മേജറാണെന്നും പറയും. കൂടികാഴ്ചയിൽ തന്റെ കൈവശമുള്ള ആർമിയുടെ കാർഡുകളും ഉത്തരവുകളും കാണിക്കും. ഒൗദ്യോഗികമായി എങ്ങിനെയാണോ അപേക്ഷ നൽകേണ്ടത് എന്നു പറയുകയും നിയമനം കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നു പറഞ്ഞ് ഉദ്യോഗാർഥികളുടെ വിശ്വാസം ആർജ്ജിക്കും.
തുടർന്ന് ജോലി കിട്ടാൻ മറ്റൊരു രീതിയുണ്ടെന്നും ഇതിന്റെ പിറകിൽ ആർമിയിലെ ചില ഉയർന്ന ഉദ്യോഗസ്ഥരാണെന്നും അതിന് ഇത്ര രൂപ വേണമെന്നും പറയും. ഇതൊക്കെ കേട്ട് വിശ്വസിക്കുന്നവരോട് പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഗീതാറാണിയെ കാണാൻ ആവശ്യപ്പെടും. ഇങ്ങനെയാണ് പണം തട്ടിക്കുന്നത്. പിന്നെ അവിടെ നിന്നും മുങ്ങും. പിന്നെ പൊങ്ങുന്നത് മറ്റൊരു ജില്ലയിലായിരിക്കും. ജോലി കിട്ടാത്തവർ പലരും മാനക്കേട് കാരണം പുറത്തു പറയാറില്ല.
പലപേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പല പേരുകളും പറഞ്ഞു. കേണൽ ഹരിദാസ്, കേണൽ പദ്മകുമാർ അങ്ങിനെ പലരും. കബിളിപ്പിക്കപ്പെട്ടവർക്ക് യഥാർഥ പേരും അറിയാത്തത് ഇവർക്ക് ഫലത്തിൽ അനുഗ്രഹമാകുന്നു. കേരളത്തിൽ എവിടെ റിക്രൂട്ട്മെന്റ് റാലി എപ്പോൾ നടക്കുമെന്ന് സന്തോഷിന് സമയത്തിന് വിവരം ലഭിക്കുന്നത് അന്വേഷണ വിധേയമാകും. അവിടെ എത്തിയാണ് വാഗ്ദാനം നൽകുന്നതും പണം പറ്റിക്കുന്നതും. വിവിധ സ്റ്റേഷനുകളിലായി 150 ളം പരാതികളാണ് കിടക്കുന്നത്. ഇത് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയുമാണ്. കൊട്ടാരക്കര കോടതിയിൽ അനവധി കേസ്സുകളിൽ വാറണ്ടുമുണ്ട്.