മണർകാട്: കർണാടകയിലെ റയിൽവേ ട്രാക്കിൽ മണർകാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ.
കഴിഞ്ഞ 22നാണ് താന്നിക്കൽ സന്തോഷ് കുമാറി(51)നെ കർണാടകയിലെ മൻകി പോലീസ് സ്റ്റേഷൻ പരിധിയിൽ റയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സന്തോഷ് കുമാറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാ മധ്യേയാണ് സന്തോഷ് കുമാർ മരണപ്പെട്ടത്.
ടെക്നിഷ്യനായി ജോലി ചെയ്യുന്ന സന്തോഷ് കുമാർ വർഷങ്ങളായി ഡൽഹിയിലാണ് താമസിക്കുന്നത്. ഭാര്യയും മകനും നേരത്തെ തന്നെ നാട്ടിലേക്കു പോന്നതിനാൽ 22ന് ഒറ്റയ്ക്കാണ് സന്തോഷ് കേരളത്തിലേക്കു ട്രെയിൻ മാർഗം യാത്ര തിരിച്ചത്.
യാത്രാ വേളയിൽ 22നു രാവിലെ വരെ ബന്ധുക്കളുമായി സന്തോഷ് മൊബൈലിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോണ് സ്വിച്ച് ഓഫായ നിലയിലായിരുന്നു. 23നാണ് മരണ വിവരം ബന്ധുക്കൾ അറിയുന്നത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണ് ഉൾപ്പെടെയുള്ള ലഗേജും മറ്റു സാധനങ്ങളും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
ട്രെയിനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തു വാതിൽ ഭാഗത്തു നിന്നും കാൽ വഴുതി ട്രാക്കിലേക്കു വീണതാകാം മരണകാരണമെന്നാണ് കർണാടക പോലീസ് അറിയിച്ചത്. ഇതിൽ സംശയമുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയിരുന്നു. ശരീരത്തിലുണ്ടായ മുറിവിലൂടെ രക്തം വാർന്നാണ് മരണകാരണമെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ട്രെയിൻ ഏറ്റവും വേഗത്തിൽ കടന്നു പോകുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്നും വീണുണ്ടാകുന്ന മുറിവല്ല സന്തോഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
വയറിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവും സംശയം ജനിപ്പിക്കുന്നതായും വിശദമായ അന്വേഷണം നടത്തി മരണത്തിലെ ദുരഹരത നീക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ കേരള, ഡൽഹി മുഖ്യമന്ത്രിമാർക്കും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.