വൈക്കം: വിവാദസ്വാമി സന്തോഷ് മാധവന് വീണ്ടും കളത്തില്. തന്റെ പ്രതാപകാലത്ത് ബിനാമി പേരില് വാങ്ങിക്കൂട്ടിയ പാടശേഖരങ്ങള് തിരികെ പിടിക്കാനാണ് ഇപ്പോള് സന്തോഷ് മാധവന് വടയാറിലെത്തിയിരിക്കുന്നത്. സന്തോഷിന് ഒത്താശ ചെയ്യാന് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗമാണ് കുടപിടിക്കുന്നത്. ഇന്നലെ ഏകദേശം പത്തിലധികം കര്ഷകരുടെ വീടുകള് ഇവര് കയറി.
എല്ലാവരോടും സൗമ്യനായാണ് സന്തോഷ് സംസാരിച്ചത്. കാരണം സന്തോഷ് മാധവന് എന്നപേരില് വാങ്ങിയത് അഞ്ച് ഏക്കറില് താഴെയുള്ള കൃഷിയിടം മാത്രമാണ്. വാങ്ങിക്കൂട്ടിയിരിക്കുന്ന 160 ഏക്കറിലധികം വരുന്ന സ്ഥലങ്ങള് ബിനാമി പേരിലാണ്. ഈ ഭൂമിയിലാണ് മൂന്നു വര്ഷത്തിലേറെയായി സര്ക്കാര് സഹായത്തോടെ കര്ഷകര് കൃഷിയിറക്കുന്നത്.
കൃഷിയില് നിന്ന് തരക്കേടില്ല വരുമാനവും ഇവര്ക്ക് കിട്ടിയിരുന്നു. വരും നാളുകളില് ഇവിടെയെല്ലാം കൃഷിയിറക്കണമെങ്കില് വ്യവസ്ഥകളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് മാധവന് എത്തിയത്. പറയുന്ന കാര്യങ്ങള്ക്കൊക്കെ ഒരു ബലം കിട്ടാനാണ് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗത്തെ തന്നെ സ്വാമി കൂട്ടുപിടിച്ചത്. വടയാര് മേഖലയില് ഏറെ ജനപ്രിയനാണ് ഈ പഞ്ചായത്ത് അംഗം.
എന്നാല് സ്വാമിയുടെ കൂടെ പോയ പഞ്ചായത്ത് അംഗത്തോട് പാര്ട്ടി നാളെ എന്തുനിലപാട് സ്വീകരിക്കുമെന്നുള്ള കാര്യം കാത്തിരുന്നു കാണേണ്ടതാണ്. എന്തൊക്കെയായാലും കര്ഷകര് ഭൂമിയില് ഒരു വ്യവസ്ഥയും വെക്കാതെ തന്നെ കൃഷിയിറക്കാനാണ് സാധ്യത.
ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉടലെടുത്താല് വരും നാളുകളില് സന്തോഷ് മാധവന് കോടതിയെ സമീപിച്ചേക്കും. എല്ലാ പാര്ട്ടിയിലുംപെട്ട പ്രാദേശിക നേതാക്കള് സന്തോഷിന്റെ പരിചയക്കാരാണ്. അതിനാല് തന്നെ അവരാരും പ്രശ്നത്തില് നേരിട്ട് ഇടപെട്ടേക്കില്ല.
വന്നുകഴിഞ്ഞാല് ഇവരെയെല്ലാം കുടുക്കുന്ന ചില രേഖകള് സന്തോഷിന്റെ കൈവശമുണ്ട്. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിന്റെ നേതാവിനെ തന്നെ കൂട്ടുപിടിച്ച് തലയോലപ്പറമ്പിന്റെ നെല്ലറകളിലേക്ക് സ്വാമി എത്തിയിരിക്കുന്നത്. ഒരുകാലത്ത് വൈക്കത്തിന്റെ നെല്ലറകളായ വടയാര് പാടശേഖരങ്ങള് പലതും ബിനാമി പേരുകളിലാണ് നിലകൊള്ളുന്നത്.
ഇതിന്റെ അവകാശികള് ആരൊക്കെയാണെന്ന് രജിസ്ട്രേഷന് വകുപ്പിനുപോലും പിടിയില്ല. ഭൂമി കര്ഷകര് വിട്ടുനല്കിയില്ലെങ്കില് ആര്ക്കും ഒന്നും ചെയ്യാന് പാടില്ലാത്ത അവസ്ഥയാണ്. ഇവിടെ രാഷ്ട്രീയ പാര്ട്ടികളെ കൂട്ടുപിടിച്ച് ഭൂമി തിരിച്ചുപിടിക്കാനാണ് സന്തോഷ് മാധവന് ശ്രമിക്കുന്നത്. വരും ദിവസങ്ങളില് സംഭവം കൂടുതല് സങ്കീര്ണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.