പാലാ: വെള്ളിയേപ്പള്ളിയിൽ 26 കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു.
വിവാഹത്തിനു നിർബന്ധിച്ചതു മൂലമാണ് ഇരുന്പ് പാരകൊണ്ട് തലയ്ക്കടിച്ചു പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ തുനിഞ്ഞതെന്നു പ്രതിയുടെ വെളിപ്പെടുത്തൽ.
സംഭവത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ കടപ്പാട്ടൂർ കുറ്റിമടത്തിൽ പി.കെ. സന്തോഷാ (അമ്മാവൻ സന്തോഷ്-61)ണ് അറസ്റ്റിലായത്.
പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കൽ ടിന്റു മരിയ ജോണി(26)ന്റെ തലയ്ക്കാണ് ബുധനാഴ്ച പരിക്കേറ്റത്.
ബുധനാഴ്ച പുലർച്ചെ അഞ്ചോടെ വെള്ളിയേപ്പള്ളിയിലാണ് സംഭവം. യുവതി വീട്ടിൽ നിന്നു പുലർച്ചെ റോഡിലെത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണു കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അവിവാഹിതയായ യുവതിയുമായി പ്രതിക്കുണ്ടായിരുന്ന അടുപ്പമാണ് ഇത്തരമൊരു കൃത്യത്തിലേക്കു കൊണ്ടെത്തിച്ചത്.
വിവാഹിതനും രണ്ടു പെണ്കുട്ടികളുട അച്ഛനുമായ സന്തോഷ് മുന്‍പ് മറ്റൊരു കൊലക്കേസിലും പ്രതിയായിരുന്നു. വളരെ ആസൂത്രിതമായാണു പ്രതി യുവതിയെ അക്രമിച്ചത്.
ഇരുന്പ് പാരയ്ക്കുള്ള അടിയേറ്റു യുവതിയുടെ തലയ്ക്കും മുഖത്തിനും കഴുത്തിലും മാരകമായി പരിക്കേറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
അടിയുടെ ആഘാതത്തിൽ ഇടതു മുൻനിരയിലെ പത്ത് പല്ലുകൾ നഷ്ടപ്പെട്ടതിനാൽ സംസാരിക്കുന്നുണ്ടെങ്കിലും മനസിലാക്കുവാൻ കഴിയുന്നില്ലെന്ന് പണ്‍കുട്ടിയുടെ മാതാവ് രാഷ്ട്ര ദീപികയോട് പറഞ്ഞു. അതുകൊണ്ടുതന്നെ പോലീസിനു മൊഴിയെടുക്കാനായിട്ടില്ല
നാടുവിടാൻ ഇറങ്ങിവന്നു, ജീവനെടുക്കാൻ കാത്തുനിന്നു
ഏറ്റുമാനൂർ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വർഷമായി പാലാ വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്കു താമസിക്കുകയാണ്.
പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് കെഎസ്ആർടിസിയിൽനിന്നും ഡ്രൈവറായി വിരമിച്ച സന്തോഷ്.
തീർഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷമായി യുവതിയും സന്തോഷമായി അടുപ്പത്തിൽ ആയിരുന്നു.
യുവതി സന്തോഷിനു ഒപ്പം ഒരുമിച്ചു ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ആറിനു യുവതിയും സന്തോഷും ഒന്നിച്ചു തീർഥാടനകേന്ദ്രങ്ങളിൽ പോയശേഷം യുവതിയെ വൈകുന്നേരത്തോടെ വീട്ടിൽ എത്തിച്ചു.
യുവതിയുടെ ആവശ്യപ്രകാരം പിറ്റേന്ന് വെളുപ്പിന് എവിടെയെങ്കിലും പോയി ഒരുമിച്ച് ജീവിക്കാനായി വരാമെന്നു സന്തോഷ് സമ്മതിച്ചു. യുവതിയെ എങ്ങനെയും ഒഴിവാക്കാനായാണ് വകവരുത്താൻ തീരുമാനിച്ചത്.
മുന്‍പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴിനു പുലർച്ചെ നാലോടെ ബന്ധുവിന്റെ ചുവന്ന കാറുമായി വീട്ടിൽനിന്നും എടുത്ത ഇരുന്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റർ അടുത്തെത്തി കാത്തുകിടന്നു.
ഇരുന്പുപാരയുമായി
4.45നു സന്തോഷ് സ്ഥലത്തെത്തിയെന്ന് ഫോണ്‍ വിളിച്ചു ഉറപ്പിച്ചു യുവതി വീട്ടിൽനിന്നും ഇറങ്ങി വന്നു.
സന്തോഷിന് അടുത്ത് എത്തിയപ്പോൾ കൈയ്യിൽ കരുതിയിരുന്ന ഇരുന്പു പാരയുമായി യുവതിയെ ആക്രമിക്കുകയായിരുന്നു.
അടികിട്ടിയ യുവതി പ്രാണരക്ഷാർഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്നു പലതവണ തലയ്ക്കടിച്ചു വീഴ്ത്തി.
ഒടുവിൽ യുവതി മരിച്ചെന്നു കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറിൽ കയറി സന്തോഷ് രക്ഷപ്പെടുകയായിരുന്നു.
തുടർന്നു കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ചശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ മൊബൈൽ ഫോണ്‍ പാലാ പാലത്തിൽനിന്നും മീനച്ചിലാറ്റിലേക്കു വലിച്ചെറിഞ്ഞു.
വീട്ടിൽ തിരികെ എത്തിയ പ്രതി ഇരുന്പു പാര ഒളിപ്പിച്ചു വയ്ക്കുകയും വസ്ത്രങ്ങൾ കഴുകിയിട്ട ശേഷം പതിവുപോലെ പാലാ ടൗണിൽ ഓട്ടോയുമായി എത്തുകയും ചെയ്തു. നാട്ടുകാർ ചുവന്ന കാറിന്റെ കാര്യം പോലീസിനോടു പറഞ്ഞു.
സമീപത്തെ സിസിടിവി കാമറയും പോലീസ് പരിശോധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുന്പ് പാരയും പോലീസ് കണ്ടെടുത്തു. വൈകുന്നേരം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.
ഒന്നുമറിയാത്തപോലെ
ദൃശ്യം മാതൃകയിൽ കൊലപാതകം ചെയ്തു തെളിവു നശിപ്പിക്കലും തുടർന്ന് ഒന്നുമറിയാത്തവനായി സാധാരണ ജീവിതം നയിക്കുകയും ചെയ്ത പ്രതി സന്തോഷിനു മുന്‍പു തന്നെ ക്രിമിനൽ പശ്ചാത്തലമുണ്ട്.
വ്യാജ ഡ്രാഫ്റ്റ് കേസുമായി ബന്ധപ്പെട്ടു കെസ്ഇബി ജീവനക്കാരനെ കഴുത്തിൽ തുണി കുരുക്കി കൊലപ്പെടുത്തിയ ശേഷം മൃതശരീരം ഓട്ടോറിക്ഷയിലിരുത്തി ഇടുക്കി കാഞ്ഞാറിലെ ആറ്റിൽ നിക്ഷേപിച്ചതായാണ് കേസ്.
അന്നു തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു.
കുടുക്കിയത് തന്ത്രപരമായി
ആക്രമണത്തിനു പിന്നിൽ സന്തോഷാണെന്ന് രഹസ്യ വിവരം കിട്ടിയതിനെത്തുടർന്ന് പാലാ സിഐ. സുനിൽ തോമസ് മഫ്തിയിലെത്തി സന്തോഷിന്റെ ഓട്ടോയിൽ യാത്ര ചെയ്യുകയും വഴിമധ്യേ യുവതിയെ ആരോ ആക്രമിച്ച വിവരം തന്ത്രപൂർവം പറയുകയും ചെയ്തു.
അപ്പോൾ ഇയാളുടെ മുഖത്തുണ്ടായ ഭാവമാറ്റവും പോലീസ് ശ്രദ്ധിച്ചു. തുടർന്നായിരുന്നു കൂളായി ഓട്ടോയുമായി പാലാ ടൗണിലിറങ്ങിയ സന്തോഷിനെ വൈകിട്ട് അഞ്ചോടെ കടപ്പാട്ടൂരിലെ വീട് വളഞ്ഞ് പോലീസ് പിടികൂടിയത്.
പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമാണ് സംഭവം കഴിഞ്ഞു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത്.
മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുള്ളതായി തെളിവു ലഭിച്ചത്.
തെളിവു നശിപ്പിക്കുന്നതിനായി മീനച്ചിലാറ്റിൽ പ്രതി ഉപേഷിച്ച പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ പോലീസ് കണ്ടെത്തിയിരുന്നു.
ചുവന്നകാറ്
സംഭവ സ്ഥലത്തു നിന്നു ചുവന്ന നിറത്തിലുള്ള കാറ് കടന്നു പോയത് സമീപ വാസികൾ കണ്ടതായി പോലീസിനു മൊഴി നൽകിയിരുന്നു.
തുടർന്ന് സമീപ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് ചുവന്ന കാറിനെപ്പറ്റിയുള്ള വിവരം പോലീസ് കണ്ടെത്തുന്നത്.
തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ സന്തോഷിനെ പിടികൂടുകയും വീട്ടിൽ ഒളിപ്പിച്ചിരുന്ന ഇരുന്പു പാര പോലീസ് കണ്ടെത്തുകയും ചെയ്തു. ഭാര്യയും രണ്ടു പെണ്മക്കളുമുള്ള പ്രതി വളരെ ആസൂത്രിതമായി കൃത്യം നടത്തിയത്.