ഗാന്ധിനഗർ: പാലായിൽ ഓട്ടോ ഡ്രൈവർ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച്് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഇന്നു ഡിസ്ചാർജ് ചെയ്യും. അടിയുടെ ആഘാതത്തിൽ താഴെയും മുകളിലത്തെ നിരകളിലെയും പല്ല് പോയതിനാൽ സംസാരിക്കുവാൻ ബുദ്ധിമുട്ടുണ്ട്.
തലയുടെ വിവിധ ഭാഗങ്ങളിലേറ്റ അടിമൂലം ഉണ്ടായ മുറിവുകൾ മൂലം ഇടയ്ക്കിടെ ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാലും ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതിനാലാണ് ഡിസ്ചാർജ് ചെയ്യുന്നതെന്ന് ഡോക്്ടർമാർ അറിയിച്ചു.
ഡോക്്ടർമാർ അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാൽ തന്നെ ആക്രമിക്കുവാൻ വരികയാണെന്നു പറഞ്ഞ് മകൾ നിലവിളിക്കാറുണ്ടെന്ന് അമ്മ പറയുന്നു.പാലാ കൊട്ടാരമറ്റം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കടപ്പാട്ടൂർ കുറ്റിമടത്തിൽ പി.കെ സന്തോഷ് (61) ആണ് യുവതിയെ ആക്രമിച്ചത്.
കഴിഞ്ഞ ഏഴിന് പുലർച്ചെ അഞ്ചിന് വീടിന് സമീപമായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുവാൻ പോലീസ് രണ്ടു തവണ ആശുപത്രിയിൽ വന്നിരുന്നുവെങ്കിലും, ഓർമ്മക്കുറവും, വായ്ക്കകത്ത് നടത്തിയ ശസ്ത്രക്രിയയും കാരണം സംസാരിക്കാൻ കഴിയാതെ വന്നതിനാൽ മൊഴി രേഖപ്പെടുത്തിയിട്ടില്ല.