കേരളം എന്തുകൊണ്ട് ഒന്നാം സ്ഥാനത്തെത്തി എന്ന് വിവരിച്ചുകൊണ്ട് കേരള സർക്കാർ ഡൽഹിയിലെ പത്രങ്ങളിൽ പരസ്യം നല്കിയത് ഏറെ ചർച്ചയായിരുന്നു. കേരളം അശാന്തമാണെന്ന തരത്തിൽ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരേയുള്ള ഒരു സർജിക്കൽ സ്ട്രൈക്കായി കേരളത്തിന്റെ പരസ്യത്തെ പലരും വാഴ്ത്തുകയും ചെയ്തു. എന്നാൽ ശരിക്കും കേരളം എന്തു കാര്യങ്ങളിലാണ് ഒന്നാമതെന്ന് അക്കമിട്ടുനിരത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പണ്ഡിറ്റിന്റെ വിമർശനം.
ബാഹ്യമായി മൊബെെൽ, കാർ, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിൽ
കേരളം നമ്പർ വണ്ണാണെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം. വികസനത്തിന്റെ കാരൃത്തിൽ തമിഴ്നാടും, കർണാടകയും നമ്മെക്കാൾ മുന്നിലാണെന്നും അഴിമതി കുറഞ്ഞ ഭരണത്തിൽ ഡൽഹിയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. സാക്ഷരത, ജനങ്ങൾ
തമ്മിലുള്ള ഇടപഴകൽ എന്നിവയിൽ കേരളം മുന്നിലാണ്. അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ , സ്ത്രീകളോടുള്ള മോശം സമീപനം, പീഢനം, കള്ളപ്പണം, മറ്റുള്ളവരെ പരിഹസിക്കൽ, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവയിലും കേരളം മുൻപന്തിയിൽ ആണെന്നും സന്തോഷ് കൂട്ടിച്ചേർക്കുന്നു.
നമ്മുടെ പുരോഗതി വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികൾ തന്ന ഭിക്ഷയാണെന്നും അല്ലാതെ ഒരു സർക്കാരിന്റെയും ഭരണമികവല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ലോട്ടറി, മദ്യം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് നമ്മുടെ വികസനങ്ങൾ നടക്കുന്നത്. ബലൂൺ പോലെ ഉൗതി വീർപ്പിച്ച പുരോഗതി കൊണ്ടു ഒരു ഗുണവും ഇല്ലെന്നും സന്തോഷ് പറഞ്ഞു.