സ്വന്തം ലേഖകൻ
കൊച്ചി: ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ചില ഒാൺലൈൻ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. വയനാട്, പാലക്കാട് ജില്ലകളിലേതെങ്കിലും പണ്ഡിറ്റിനെ മത്സരിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.
ചെലവുകുറഞ്ഞ സിനിമയുമായി കടന്നുവന്ന പണ്ഡിറ്റ് തുടക്കത്തിൽ ആരാധകരുടെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ താരം ആരാധകർക്കു പ്രിയപ്പെട്ടവനാണ്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും അദേഹം സജീവമാണ്. വയനാട്ടിലെ ആദിവാസി ഉൗരുകളിൽ കഴിഞ്ഞ പ്രളയസമയത്തും കോവിഡ് ലോക്ക്ഡൗണിലും പണ്ഡിറ്റ് സഹായവുമായി ഒാടിയെടുത്തിയിരുന്നു.
സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദേഹം ജോലി രാജിവച്ചാണ് സിനിമരംഗത്ത് സജീവമായത്. ടെലിവിഷൻ ഷോകളിലും സോഷ്യൽമീഡിയയിലും വലിയരീതിയിൽ പണ്ഡിറ്റിന് പിന്തുണയുണ്ട്. ഇതെല്ലാം സ്ഥാനാർഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ബിജെപി അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഇഷ്ടം പലകുറി അദേഹം തുറന്നുപറഞ്ഞിരുന്നു. പണ്ഡിറ്റിനെ സ്ഥാനാർഥിയാക്കുന്നതുവഴി അദേഹത്തിന്റെ ജനപ്രീതി മുതലെടുക്കാമെന്നാണ് ബിജെപി കരുതുന്നത്.
ഏതു മണ്ഡലത്തിൽ നിന്നാലും നല്ലൊരു മത്സരം കാഴ്ച്ചവയ്ക്കാൻ സന്തോഷിനു കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇത്തവണ പതിവു രാഷ്ട്രീയ മുഖങ്ങളെ ഒഴിവാക്കി സെലിബ്രിറ്റികളെയും ഇതരമേ ഖലയിൽ മികവു പ്രകടിപ്പിക്കുന്നവരെയും മത്സരിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.
മുൻ െഎഎഎസ് ഒാഫീസർ ജേക്കബ് തോമസ് അടക്കമുള്ളവർ ഇത്തവണ സ്ഥാനാർഥികളായി ബിജെപിക്കായി രംഗത്തു വന്നേക്കും.
മത്സരിക്കാനോ ഞാനോ: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്.
ഒാൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇപ്പോൾ സാമൂഹ്യസേവനത്തിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. അതുകൊണ്ട് തന്നെ വാർത്തകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആരെങ്കിലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വന്നാൽ അപ്പോൾ ആലോചിച്ച് യുക്തമായ രീതിയിൽ ചെയ്യും- രാഷ്ട്രദീപികയോട് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.