വികസനത്തില്‍ വിവേചനവും ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ സന്തോഷ് പണ്ഡിറ്റ് തയാറെടുക്കുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും പുതിയതായി അഭിനയിച്ച തമിഴ് ചിത്രത്തില്‍ നിന്നും ലഭിച്ച പ്രതിഫലം കോളനിയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഈ രണ്ട് സിനിമകളില്‍ നിന്നായി കിട്ടിയ പ്രതിഫലം കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും.
‘സാക്ഷര കേരളത്തില്‍ ഇപ്പോഴും ജാതിവിവേചനം നിലനില്‍ക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. തമിഴ്നാട്ടില്‍ പുതിയ തമിഴ് സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഷെഡ്യൂള്‍ ബ്രേക്ക് ആയപ്പോള്‍ നേരെ കൊല്ലങ്കോട്ടേക്ക് തിരിച്ചു. അംബേദ്കര്‍ കോളനിയിലെ സഹോദരങ്ങളെ കാണാനാണ് ഇനിയുള്ള ശ്രമം. നേരത്തേ വിളിച്ചുകൂവി അവിടെ എന്തൊക്കെയോ ചെയ്യാമെന്ന ആലോചനയില്ല. നേരത്തെ അട്ടപ്പാടി മേഖലയില്‍ ഓണം സീസണില്‍ കുറച്ചു കുടുംബങ്ങള്‍ അരിയും ഭക്ഷണ സാധനങ്ങളും നേരിട്ടെത്തി നല്‍കിയിരുന്നു. അത് സാമൂഹ്യജീവി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് കരുതി ചെയ്തതാണ്. ആ മേഖലയിലെ അവസ്ഥ കൂടുതല്‍ പേരിലെത്താനും കൂടുതല്‍ ആളുകള്‍ക്ക് അവരെ പിന്തുണയ്ക്കാനുള്ള അവസരമുണ്ടാകാനുമാണ് അന്ന് മാധ്യമങ്ങളുടെ പിന്തുണ തേടിയത്. ചക്ലിയ വിഭാഗത്തിലുള്ളവരുടെ വേദനയും അവര്‍ക്ക് നേരെയുണ്ടായ അക്രമവും അധിക്ഷേപവുമൊക്കെ നന്നായി വേദനിപ്പിച്ചു. എന്നാല്‍ കഴിയാവുന്ന സഹായം ആ കോളനിയിലെ സഹോദരങ്ങള്‍ക്ക് നല്‍കണം. സിനിമയിലെത്തും മുമ്പേ തദ്ദേശ ഭരണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഞാന്‍. സാധാരണ മനുഷ്യര്‍ അവരുടെ പ്രശ്നങ്ങളുമായി എല്ലാ ദിവസവുമെത്തുമ്പോള്‍ അവരുടെ സാമൂഹ്യപ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ ലഭിച്ച പ്രതിഫലത്തിന്റെ പാതി ഭാഗവും അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമയിലെ പ്രതിഫലവും കോളനിയിലെ പാവപ്പെട്ടവര്‍ക്കായി നല്‍കും. തുടര്‍ന്നും എന്നാല്‍ കഴിയുന്നത് ചെയ്യുകയും ചെയ്യും’. സന്തോഷ് പറയുന്നു.
മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ഹരിജന്‍ കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായും പറഞ്ഞിരുന്നു. അംബേദ്കര്‍ കോളനിയിലെ ഹോട്ടലുകളില്‍ ചക്ലിയ സമുദായക്കാര്‍ക്ക് പ്രത്യേക ഗ്ലാസുകളിലാണ് ചായയും മറ്റും നല്കുന്നതെന്നും അയിത്തം ഇവിടെ നിലനില്ക്കുന്നുവെന്നുമായിരുന്നു പരാതി. കോളനിയിലെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം എടുക്കുന്നതിനും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2002 ല്‍ പ്രദേശത്ത് ചക്ലിയ സമുദായക്കാര്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ ഇവര്‍ക്ക് മുടിവെട്ടാന്‍ പോലും അനുമതിയുമില്ല.