തൃശൂരില്‍ നഴ്സുമാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സന്തോഷ് പണ്ഡിറ്റ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലാവുന്നു. ഫേസ്ബുക്കില്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാഹിത്യകാരന്മാര് വാ തുറക്കുന്നത് നവംബറിലും ഡിസംബറിലും മാത്രമാണെന്നാണ് പണ്ഡിറ്റിന്റെ വിമര്‍ശനം. നഴ്സുമാര്‍ സമരം നടത്തുമ്പോള്‍ പോലും ഒന്ന് പ്രതികരിക്കാന്‍ തയ്യാറാവാത്ത സാഹിത്യകാരന്മാര് അടക്കമുള്ളവര്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ തെട്ടുമുമ്പുള്ള മാസങ്ങളില്‍ മാത്രമാണ് സെലക്ടീവ് വിഷയങ്ങളില്‍ പ്രതികരണവുമായി എത്താറുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവരുടെ സ്ഥാനത്ത് ഡോക്ടര്‍മാരാണ് സമരം നടത്തിയിരുന്നതെങ്കില്‍ രണ്ട് ദിവസം കൊണ്ട് തീര്‍പ്പാക്കി പിരിഞ്ഞേനെ എന്നും പണ്ഡിറ്റ് പറഞ്ഞു. ദാരിദ്രം അനുഭവിക്കുന്നവരുടെ ദാരിദ്രം വിറ്റ് കാശാക്കുന്നവരും, നഴ്സുമാരുടെ വിഷയം ഭംഗിയാക്കി കാണിച്ച് കീശ വീര്‍പ്പിക്കുന്നവരും നഴ്സുമാരുടെ സമരത്തെ അവഗണിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. പണ്ഡിറ്റിനെ മുദ്രാവാക്യങ്ങളോടെയാണ് സമരക്കാര്‍ എതിരേറ്റത്. സമരഫണ്ടിലേക്ക് 25,000 രൂപ സംഭാവന നല്‍കിയശേഷമാണ് പണ്ഡിറ്റ് മടങ്ങിയത്.