വിളിച്ചുവരുത്തി അപമാനിക്കരുത്; സന്തോഷ്പണ്ഡിറ്റ് തിരക്കിലാണ്! ചാനല്‍ ചര്‍ച്ചയിലുണ്ടായ വിഷയത്തേക്കുറിച്ചും പുതിയ സിനിമയേക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് മനസുതുറക്കുന്നു

ജിന്‍സ് കെ. ബെന്നി
Santhosh-1
ന്യൂ ജനറേഷന്‍ തരംഗം കത്തി നില്‍ക്കുന്ന സമയത്താണ് സന്തോഷ് പണ്ഡിറ്റ് എന്ന ഒറ്റയാന്‍ മലയാള സിനിമയിലേക്കു നടന്നു കയറിയത്. യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച പാട്ടുകളുമായിട്ടായിരുന്നു സന്തോഷിന്റെ വരവ്. തൊട്ടു പിന്നാലെയെത്തി സന്തോഷിന്റെ ആദ്യ സിനിമയും. തിയറ്റര്‍ റിലീസിനു മുമ്പേ സാറ്റലൈറ്റ് റൈറ്റിലൂടെ ലാഭം നേടുന്ന സിനിമകള്‍ക്കിടയില്‍ ചാനല്‍ അവകാശം സ്വന്തമാക്കാതെ തന്നെ മുടക്കുമുതല്‍ തിരികെ ലഭിച്ച സിനിമയായിരുന്നു “”കൃഷ്ണനും രാധയും’. മൂന്നു തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ പിന്നീട് 25 തിയറ്ററുകളില്‍ 25 ദിനങ്ങള്‍ നിറഞ്ഞോടി. കേരളം മുഴുവന്‍ സന്തോഷ് പണ്ഡിറ്റ് എന്ന പേര് ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോഴും ചര്‍ച്ച ചെയ്യുന്നു. ഓണത്തോടനുബന്ധിച്ചു മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ നടന്ന പരിപാടിയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. ചാനല്‍ ചര്‍ച്ചയിലുണ്ടായ വിഷയത്തേക്കുറിച്ചും തന്റെ പുതിയ സിനിമയേക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് മനസു തുറക്കുന്നു.

ചാനലുകള്‍ താങ്കളെ  കോമാളിയാക്കുന്നുണ്ടോ?

ചിലപ്പോഴൊക്കെ. എന്നെ കോമാളിയാക്കുന്നതിലൂടെ ചാനല്‍ റേറ്റിംഗ് കൂട്ടാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ, ഇത്തരം പരിപാടികളിലൂടെ പ്രേക്ഷകരെ നഷ്ടപ്പെടുന്നത് അവര്‍ അറിയുന്നില്ല. അവരുടെ സംസ്കാരമാണ് ഈ പരിപാടികളില്‍ കാണാനാവുക. ഓണപ്പരിപാടിയാണ് എന്നു പറഞ്ഞായിരുന്നു വിളിച്ചത്. മിമിക്രിക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം എന്നെ അറിയിച്ചിരുന്നുമില്ല. പരിപാടി തുടങ്ങിയപ്പോള്‍ മിമിക്രിക്കാരുമായി ചേര്‍ന്ന് കടന്നാക്രമണത്തിനാണ് ശ്രമിച്ചത്. എല്ലാ പ്രേക്ഷകര്‍ക്കും തിരുവോണം ആശംസിച്ച ഉടനെ എന്നോടുള്ള ആദ്യത്തെ ചോദ്യം താങ്കള്‍ക്കു വിവരമുണ്ടോ, താങ്കള്‍ ഒരു മണ്ടനാണോ എന്നാണ്.

തീര്‍ത്തും അപഹസിക്കാന്‍ വേണ്ടി വിളിച്ചതുപോലെ തോന്നി. എനിക്ക് അദ്ദേഹത്തേക്കാള്‍ വിവരമുണ്ടോ എന്നെനിക്കറിയല്ല. പക്ഷേ, സംസ്കാരമുണ്ട്. ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് സംസ്കാര ശൂന്യതയാണ്. എന്നെ കാണാനാണ് ആളുകള്‍ പരിപാടി കാണുന്നത്. ഇതേ അവതാരകന്‍ തന്നെയാണ് ഇതിന്റെ മുന്‍ എപ്പിസോഡുകള്‍ ചെയ്തത്. അദ്ദേഹത്തെ കാണാനാണ് ആളുകള്‍ കയറുന്നതെങ്കില്‍ മുന്‍ എപ്പിസോഡുകളും റേറ്റിംഗില്‍ മുന്നിലെത്തണമായിരുന്നു. അതുണ്ടായിട്ടില്ല. മൂന്നു വര്‍ഷമായി അദ്ദേഹത്തിന് എന്നെ അടുത്തറിയാം. എന്നിട്ടും എനിക്കു വിവരമുണ്ടോ എന്നറിയല്ല. കണ്ടാല്‍ മനസിലാകാത്ത ആള്‍ക്കെങ്ങനെ പറഞ്ഞാല്‍ മനസിലാകും.

പ്രശ്‌നങ്ങളുടെ തുടക്കം
Santhosh-4
പ്രശ്‌നങ്ങളുടെ തുടക്കം കാമറയ്ക്കു മുന്നില്‍ ആയിരുന്നില്ല. മേക്കപ്പ് റൂമില്‍ നിന്നേ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ എനിക്കൊപ്പം നിന്നു ഫോട്ടോയെടുത്തു. ഇന്നലെ വന്ന എനിക്കു കിട്ടുന്ന സ്വീകാര്യത അവര്‍ക്കു ലഭിക്കുന്നില്ല. പ്രോഗ്രാമിലുടനീളം അവര്‍ ഇത് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. 30 വര്‍ഷമായി ഈ രംഗത്തുണ്ടായിട്ടും അവര്‍ക്ക് ലഭിക്കാത്തത് എനിക്കു ലഭിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ അവര്‍ തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട്. അവര്‍എവിടെ നില്‍ക്കുന്നു എന്നത്. മിമിക്രി രംഗത്ത് ഇവര്‍ക്കൊപ്പം നിന്നവരും ഇവര്‍ക്കു ശേഷം വന്നവരും സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ സാന്നിധ്യമറിയിച്ചു. അഭിനയം, സംവിധാനം, തിരക്കഥ അങ്ങനെ വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച എത്രയോ പേര്‍. മുപ്പതു വര്‍ഷത്തിന്റെ പാരമ്പര്യം പറയുന്നവര്‍ ഈ വ്യക്തികളെ മനപ്പൂര്‍വം വിസ്മരിക്കുന്നതാണോ?.

മിമിക്രിക്കാരുടെ പ്രശ്‌നം

അവര്‍ക്കു നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രധാന പ്രശ്‌നം അവരുടെ സ്കിറ്റുകളില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ല. പെണ്‍വേഷം കെട്ടുന്ന ആണുങ്ങളാണ് അഭിനയിക്കുന്നത്. എന്നാല്‍, എന്റെ സിനിമകളില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നു. ഇവരോടു എനിക്കു പറയാന്‍ ഒന്നേയുള്ളു, സന്തോഷ്  പണ്ഡിറ്റിന്റെ സ്വഭാവം നല്ലതാണ്. മിമിക്രിക്കാര്‍ മാത്രമാണ് കലാകാരന്മാര്‍ എന്നൊരു വിചാരം അവര്‍ക്കുണ്ട്.

അത് മാറ്റണം. മറ്റുള്ളവരെ അംഗീകരിക്കാന്‍ അവര്‍ തയാറാകണം. മറ്റുള്ളവരെ അനുകരിക്കാന്‍  മാത്രമാണ് അവരുടെ ശ്രമം. സ്വന്തമായി ഒന്നും ചെയ്യാന്‍ അവര്‍ തയാറാകുന്നില്ല. സൂപ്പര്‍ താരങ്ങളേയും ജനകീയ നേതാക്കളേയും അനുകരിക്കുമ്പോള്‍ കിട്ടുന്ന കൈയടികള്‍ തങ്ങള്‍ക്കുള്ളതാണെന്ന തെറ്റിധാരണ അവര്‍ക്കുണ്ട്. ഈ കൈയടികള്‍ ആ ജനകീയ താരങ്ങള്‍ക്കുള്ളതാണെന്നു തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ അവര്‍ക്കുള്ളു.

മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്നു അനശ്വര നടന്‍ ജയന്‍. മലയാളത്തിലെ ആദ്യ ആക്ഷന്‍ ഹീറോ. എന്നാല്‍, ഇന്നത്തെ പുതുതലമുറയ്ക്കു മുന്നില്‍ ജയന്‍ ഒരു ഹാസ്യതാരമാണ്. അതില്‍ മിമിക്രിക്കാര്‍ക്കു വലിയപങ്കുണ്ട്. മറ്റുള്ളവരെ അപഹാസ്യരാക്കി യും സ്വയം അപഹാസ്യരായും 30 വര്‍ഷത്തെ പാരമ്പര്യത്തിന്റെ കഥ പറഞ്ഞു മറ്റുള്ളവരെ ഇവരുടെ അസൂയയുടെ ഇരയാക്കുന്നതെന്തിനാണ്?. റേറ്റിംഗിനുവണ്ടി ചാനലുകളും തരം താഴുന്നതിലാണ് സങ്കടം.

മിമിക്രിക്കാരോടൊപ്പം എനിക്കിത് ആദ്യ അനുഭവമല്ല. മുമ്പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. അതിനുശേഷം മിമിക്രിക്കാരോടൊപ്പമുള്ള പരിപാടികള്‍ ഞാന്‍ കഴിവതും ഒഴിവാക്കാറുണ്ട്. എല്ലാ മിമിക്രിക്കാരും ഇത്തരക്കാരാണെന്നതിന് ഇതിന് അര്‍ഥമില്ല. തങ്ങളുടെ മേഖലയില്‍ എങ്ങും എത്താന്‍ കഴിഞ്ഞില്ലെന്നു കരുതുന്നവരാണ് എന്നെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നത്.

കുറഞ്ഞ ബജറ്റ് സിനിമകള്‍
Santhosh-2
വ്യക്തമായ ആസൂത്രണത്തോടെ സിനിമകളെ സമീപിക്കുന്നതു കൊണ്ടാണ് എനിക്കു കുറഞ്ഞ ചെലവില്‍ സിനിമ ചെയ്യാന്‍ കഴിയുന്നത്. പിന്നെ, എല്ലാ ജോലികളും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. സിനിമയില്‍ ഏറ്റവുമധികം പണച്ചെലവു വരുന്നത് ഭക്ഷണത്തിനും താമസത്തിനുമാണ്. എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്കു രാത്രിയില്‍ ഷൂട്ട് ഉണ്ടാകാറില്ല. വളരെ കുറവ് ആളുകള്‍ മാത്രമാണ് ചിത്രീകരണത്തില്‍ പങ്കെടുക്കാറുള്ളത്. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കിയാണ് ചിത്രീകരണം. അതാതു ദിവസം ഷൂട്ട് തീര്‍ന്നാലുടന്‍ പ്രതിഫലം നല്‍കും. ഒന്നും പിന്നത്തേക്കു മാറ്റിവയ്ക്കാറില്ല. കൃത്യമായ ആസൂത്രണത്തിലൂടെ അഞ്ച് ലക്ഷം രൂപയ്ക്കു സിനിമ പൂര്‍ത്തീകരിക്കാന്‍ എനിക്കു സാധിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ  പ്രതിഫലം

എന്റെ പ്രതിഫലത്തേക്കുറിച്ച് ഇതുവരെ ഞാന്‍ ചിന്തിച്ചിട്ടില്ല. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം പ്രതിഫലമായി കണക്കിടുകയായിരുന്നു. ഞാന്‍ ചെയ്യുന്ന ജോലികള്‍ക്കു പ്രതിഫലം ഈടാക്കിയാല്‍ ബജറ്റ് അഞ്ച് ലക്ഷത്തില്‍ ഒതുങ്ങില്ലെന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, ഞാന്‍ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം എന്റെ സിനിമയില്‍ നിന്നും എനിക്കു ലഭിക്കുന്നുണ്ട്.

ഡയലോഗിലെ പഴഞ്ചൊല്ലുകള്‍

ടി. ദാമോദരനും രണ്‍ജി പണിക്കരുമൊക്കെ മലയാളത്തില്‍ മികച്ച സംഭാഷണങ്ങള്‍ എഴുതിയിട്ടുള്ളവരാണ്. ഇവരുടെ സംഭാഷണങ്ങളില്‍ രാഷ്ട്രീയമാണ് വിഷയമാകുന്നത്. അതില്‍ നിന്നൊന്നു മാറ്റിപ്പിടിക്കുകയായിരുന്നു. നിരവധി പഴഞ്ചൊല്ലുകള്‍ നമ്മള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കാറുണ്ട്. അതു തന്നെയാണ് എന്റെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും അനുസരിച്ചാണ് ഡയലോഗ് എഴുതുന്നത്. അതുകൊണ്ടുതന്നെ പഴഞ്ചൊല്ലുകള്‍ എല്ലാ സിനിമയിലും ആവര്‍ത്തിക്കുമോ എന്നു പറയാനാകില്ല.

ഹിന്ദിയിലേക്ക്
Santhosh-3
എന്റെ അഞ്ചാമത്തെ സിനിമയായ ടിന്റുമോന്‍ എന്ന കോടീശ്വരന്‍ ഹിന്ദിയിലേക്കു റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ആദ്യഘട്ടമായി പച്ചയാം വിരിപ്പിട്ട സഹ്യനില്‍ എന്ന ഗാനം ഉടന്‍ യൂട്യൂബില്‍ റിലീസ് ചെയ്യും. പുതിയ സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയായാലുടന്‍ ഹിന്ദി ചിത്രത്തിലേക്കു കടക്കും. കേരളത്തിനു പുറത്തുള്ള മാര്‍ക്കറ്റാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

നീലിമ നല്ല കുട്ടിയാണ്

ഉടന്‍ തിയറ്ററില്‍ എത്തുന്ന പുതിയ ചിത്രമാണ് നീലിമ നല്ല കുട്ടിയാണ്. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ചിത്രമാണിത്. ആദ്യമായി ഞാന്‍ ഇരട്ടവേഷത്തിലെത്തുന്നു. ആദ്യമായി പോലീസ് വേഷം ചെയ്യുന്നു. ഇതേ പേരില്‍ ഒരു  വാരികയില്‍ പ്രസിദ്ധീകരിച്ച നോവലാണ് സിനിമയായി മാറുന്നത്. നോവലില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ സിനിമയിലുണ്ട്. പൂര്‍ണമായും കാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച സിനിമയായിരുന്നു ഇത്. എന്നാല്‍, നായകന്‍ മറ്റൊരാളാണെന്നറിഞ്ഞതോടെ പാട്ടിന്റെ അവകാശം വാങ്ങിയവര്‍ താല്പര്യക്കുറവ് കാണിച്ചു.

അങ്ങനെയാണ് നടനാകാന്‍ തീരുമാനിക്കുന്ന തും ഇരട്ട കഥാപാത്രമായി മാറുന്നതും. സ്വയം അഭിനയിച്ചു സംവിധാനം ചെയ്യുന്നതിനേക്കാള്‍ മറ്റുള്ളവരെ വച്ച് സംവിധാനം ചെയ്യാനാണ് എനിക്കിഷ്ടം. അഭിനേതാവെന്ന നിലയില്‍ മറ്റു സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാനാണ് ഇഷ്ടം. അപ്പോള്‍ കൂടുതല്‍ ഭംഗിയായി അത് ചെയ്യാനാകും. നിലവില്‍ യുട്യൂബില്‍ റിലീസ് ചെയ്ത പാട്ടുകള്‍ 25 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഉടന്‍ തന്നെ സിനിമ തീയറ്ററില്‍ എത്തും.

മുന്‍നിര നടന്മാരെ വച്ചൊരു സിനിമ

അത്തരമൊരു സിനിമ എന്റെയൊരു ആഗ്രഹമാണ്. പക്ഷേ, ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതു പോലെ ആ സിനിമ അഞ്ചു ലക്ഷം രൂപയില്‍ തീര്‍ക്കാന്‍ കഴിയില്ല. നടീനടന്മാര്‍ക്ക് അവര്‍ നിലവില്‍ അനുഭവിച്ചു വരുന്ന സൗകര്യങ്ങള്‍ ഒരുക്ക ണം. അപ്പോള്‍ കൂടുതല്‍ ചെലവുവരും. നിര്‍മാതാവിനെ ലഭിച്ചാല്‍ അത്തരമൊരു സിനിമ ചെയ്യും.

ബാഹുബലി പോലൊരു സിനിമ

മനസില്‍ അങ്ങനെ ആഗ്രഹമുണ്ട്. പക്ഷേ, എനിക്കു ചില പരിമിതികള്‍ ഉണ്ട്. ഞാന്‍ ഒറ്റയ്ക്കാണ് എന്റെ സിനിമയുടെ ജോലികള്‍ ചെയ്യുന്നത്. ബാഹുബലി എന്ന സിനിമയ്ക്കു പിന്നില്‍ വലിയൊരു ടീം വര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലൊരു സിനിമ എന്നതിനേക്കാള്‍ ഗ്രാഫിക്‌സിനു പ്രാധാന്യം നല്‍കുന്ന സിനിമ ചെയ്യുന്നതിനേക്കുറിച്ച് ആലോചിക്കുന്നുണ്ട്.

പുതിയ സിനിമ

പുതിയ സിനിമകളുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഏഴാമത്തേയും എട്ടാമത്തേയും സിനിമകളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു സിനിമകള്‍ ഒരേസമയം ചെയ്യുകയെന്നത് ഏറെ രസകരമായ കാര്യമാണ്. അഞ്ചാമത്തേയും ആറാമത്തേയും സിനിമകള്‍ ഞാന്‍ ഒന്നിച്ചായിരുന്നു ചിത്രീകരിച്ചതും സെന്‍സര്‍ ചെയ്തതും. ഷൂട്ടിംഗ് തിരക്കുകളിലായതിനാലാണ് പുതിയ സിനിമയുടെ റിലീസ് വൈകുന്നതും.

Related posts