മറയൂർ: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മാതാവും മാതാവിന്റെ കാമുകനും അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയും 12 വയസുകാരിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ തൃശൂർ പൂമംഗലം ഇടക്കുളം വലിയവീട്ടിൽ ചന്തു എന്നുവിളിക്കുന്ന സന്തോഷിനേയും (39) പെണ്‍കുട്ടിയുടെ മാതാവിനേയുമാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂൾ വിദ്യാർഥികൾക്ക് ചൈൽഡ് ലൈൻ നൽകിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ പോലീസിൽ വിവരമറിയിക്കുകയും തുടർന്നുനടന്ന അന്വേഷണത്തിൽ ലോറി ഡ്രൈവറായ പ്രതി പിടിയിലാകുകയുമായിരുന്നു.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുടുംബകലഹത്തെതുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ അകന്നാണ് കഴിയുന്നത്. പെണ്‍കുട്ടി ഹോസ്റ്റലിൽ താമസിച്ചാണ് പഠനം നടത്തിവരുന്നത്. മാതാവ് ഹോം നഴ്സായി തൃശൂരിൽ ജോലിചെയ്തുവന്നിരുന്ന വീടിന്റെ അയൽ വാസിയായ സന്തോഷുമായി അടുപ്പത്തിലായിരുന്നു.
ജോലിനിർത്തി മടങ്ങിയെങ്കിലും സന്തോഷുമായി അടുപ്പം തുടർന്നു. സ്കൂൾ അവധിക്കാലത്ത് പെണ്‍കൂട്ടിയുടെ മാതാവ് മകളുമായി തൃശൂർ വടക്കഞ്ചേരിയിലുള്ള ലോഡ്ജിൽ സന്തോഷുമായി താമസിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ സന്തോഷ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ഡ്രൈവറായ പ്രതി പല വാഹനങ്ങൾ മാറി ഓടിച്ചിരുന്നതിനാലും ലോറിയുമായി മഹാരാഷ്ട്ര ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ ആയിരുന്നതിനാലുമാണ് അറസ്റ്റ് നീണ്ടത്.
പ്രതി വടക്കഞ്ചേരിയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെതുടർന്ന് മറയൂർ എസ്ഐ ജി. അജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. എം. അബ്ബാസ്, വനിതാ സിവിൽ പോലീസ് ഓഫീസർ കവിത എന്നിവരൂടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയുടെ മാതാവിനെയും സന്തോഷിനെയും അറസ്റ്റുചെയ്തത്.