തിരുവനന്തപുരം: പോലീസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വലിയതുറ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ കൊച്ചുവേളി മാധവപുരത്ത് താമസിക്കുന്ന സന്തോഷ് (42) നെയാണ് മണക്കാടുള്ള കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വലിയതുറ പോലീസ് സ്റ്റേഷനിൽ ജനമൈത്രീ പോലീസ് വിഭാഗത്തിലായിരുന്നു ഇദ്ദേഹം സേവനമനുഷ്ഠിച്ച് വന്നിരുന്നത്. ഇന്നലെ വൈകുന്നേരം സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് മാധവപുരത്തെ വീട്ടിൽ പോയിരുന്നു.
രാത്രിയിൽ പുറത്തേക്ക് പോകുന്നുവെന്ന് ഭാര്യയോട് പറഞ്ഞ ശേഷം മണക്കാട്ടെ കുടുംബ വീട്ടിലെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ഇദ്ദേഹത്തിന്റെ സഹോദരിയാണ് സന്തോഷിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുറച്ച് കാലം മുൻപ് സ്ട്രോക്ക് ബാധിച്ച് ഇദ്ദേഹം ചികിത്സയിലായിരുന്നു. ക്രമേണ അസുഖം ഭേദമായി ഡ്യൂട്ടിയിൽ പ്രവേശിക്കുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫോർട്ട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ- റേബ, രണ്ട് മക്കളുണ്ട്.