ഡൊമനിക് ജോസഫ്
മാന്നാർ: മാറ്റിനി തുടങ്ങാനുള്ള അറിയിപ്പുമായി കോളാമ്പിയിലൂടെ ആ പഴയ ഗാനം ഒഴുകിയെത്തി. കദളിവാഴ കൈയിലിരുന്ന് … കാക്കയൊന്നു വിരുന്നു വിളിച്ചു…
പഴയ ഗാനം കേട്ടു തുടങ്ങിയതോടെ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും ജനം സന്തോഷ് ടാക്കീസിലേക്ക് എത്തിക്കൊണ്ടിരുന്നു. ഓലകൊണ്ടു കെട്ടിയുണ്ടാക്കിയ തിയറ്റർ കാണാനും നിരവധി പേരെത്തി.
ബഞ്ചും കസേരയും റിസർവേഷന്റെയുമൊക്കെ ടിക്കറ്റുകൾ ക്യൂ നിന്നെടുത്ത് അകത്തു കയറി. തിയറ്റർ നിറഞ്ഞതോടെ ഹൗസ്ഫുൾ ബോർഡ് ഗേറ്റിൽ തൂങ്ങി.
ബാക്കിയുള്ളവർക്കും താമസിച്ചെത്തിയവർക്കും അടുത്ത ഷോ കാണാൻ അവസരം. ചെങ്ങന്നൂർ മുണ്ടൻകാവ് സന്തോഷ് ടാക്കീസിൽ ഇന്നലെ മുതൽ ദിവസേന രണ്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇനിയുള്ള 10 ദിവസം വൈകുന്നേരം നാലിനു മാറ്റിനിയും ഏഴിനു ഫസ്റ്റ് ഷോയും ഉണ്ടാകും.
പഴയ അതേ കൊട്ടക
ആദ്യ സിനിമ ഷാജി എൻ. കരുണിന്റെ പിറവിയുടെ പ്രദർശനം ശരിക്കും ജനങ്ങൾ ഏറ്റെടുത്തു.
വരും ദിനങ്ങളിൽ തമ്പ്, ഓളവും തീരവും, അമരം, കള്ളൻ പവിത്രൻ, ചില്ല്, ആൾക്കൂട്ടത്തിൽ തനിയെ, ഇരുട്ടിന്റെ ആത്മാവ്, ഉൾക്കടൽ, കൊടിയേറ്റം എന്നീ സിനിമകൾ പ്രദർശിപ്പിക്കും.
മൂന്നു വരെ പ്രദർശനം തുടരും. ഇന്നലെ വൈകുന്നേരം കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ സിനിമാകൊട്ടക ഉദ്ഘാടനം നിർവഹിച്ചു.
മറിയാമ്മ ജോൺ ഫിലിപ്പ് അധ്യക്ഷയായിരുന്നു. പഴയ കാല സിനിമാ ഉപകരണങ്ങളുടെ എക്സിബിഷൻ ഉദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് നിർവഹിച്ചു. സജി ചെറിയാൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.
കപ്പലണ്ടിയുംമുറുക്കാൻ കടയും
പഴയകാലത്തെ അനുസ്മരിക്കുമാറ് പ്രചാരപ്രവർത്തനങ്ങളും വ്യത്യസ്തമായിരുന്നു. കാളവണ്ടിയിലും ഉന്തുവണ്ടിയിലും ചെണ്ടയടിച്ചും ബ്ലാക്ക് & വൈറ്റ് നോട്ടീസ് വിതരണം ചെയ്തുമാണ് പ്രചാരണം നടത്തിയത്.
തീയറ്ററിനോടു ചേർന്നു കപ്പലണ്ടി തട്ടും മുറുക്കാൻ കടയും പാട്ടുപുസ്തകശാലയും ഒക്കെ ഒരുക്കിയിട്ടുണ്ട്. ഗതകാല സ്മരണകളെ വീണ്ടെടുത്തു സ്ഥാപിച്ച ഈ സിനിമാകൊട്ടക ചെങ്ങന്നൂർ പെരുമയുടെ ഭാഗമായാണ് ഒരുക്കിയത്.
ഓൺലൈനിൽ ടിക്കറ്റെടുത്തു മാളുകൾക്കുള്ളിലെ ശീതീകരിച്ച ഡിജിറ്റൽ തീയറ്ററുകളിലും സ്വന്തം മൊബൈലിൽ ഒടിടി പ്ലാറ്റ്ഫോമിലും സിനിമ കാണുന്ന പുത്തൻ തലമുറയ്ക്ക് ഓലമേഞ്ഞ പുതിയ തീയറ്റർ നവ്യാനുഭമായി.
ഒപ്പം പഴയ തലമുറയ്ക്കു ഗതകാല ഓർമകളുടെ വീണ്ടെടുപ്പും. ചെങ്ങന്നൂർ പെരുമ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് പത്തു ദിവസത്തേക്കു സന്തോഷ് ടാക്കീസ് പുനർജീവിപ്പിച്ചത്.