വി. മനോജ്
മലപ്പുറം: വൻ പ്രതീക്ഷകളുമായി സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് കേരളം ഇറങ്ങുന്നു.
രാത്രി എട്ടിനു മഞ്ചേരി പയ്യനാട് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടുന്പോൾ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ രാവിലെ 9.30നു ബംഗാളും പഞ്ചാബും ഏറ്റുമുട്ടും.
ഇന്ത്യൻ ഫുട്ബാൾ ടീമിനും കേരള ഫുട്ബോൾ ടീമിനും നിരവധി താരങ്ങളെ സംഭാവന ചെയ്ത മലപ്പുറം മണ്ണ് ആദ്യമായാണ് ഒരു ദേശീയ ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയരാകുന്നത്.
എ ഗ്രൂപ്പിലാണു കേരളം. മേഘാലയ, പഞ്ചാബ്, ബംഗാൾ, രാജസ്ഥാൻ എന്നിവയാണു മറ്റു ടീമുകൾ. ബി ഗ്രൂപ്പിൽ ഗുജറാത്ത്, കർണാടക, ഒഡീഷ, സർവീസസ്, മണിപ്പുർ ടീമുകളും.
കേരളത്തിന്റെ കളികളെല്ലാം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. സെമിയും ഫൈനലും മഞ്ചേരിയിലാണ്.
2014-ൽ നടന്ന ഫെഡറേഷൻ കപ്പ് ഫുട്ബോളിനു കൊച്ചിയും മഞ്ചേരിയുമാണു വേദിയായത്. ഇതിൽ മഞ്ചേരിയിലെ മത്സരം കാണാൻ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു.
നീണ്ട ഒരുക്കത്തിനു ശേഷമാണു കേരളം ഇറങ്ങുന്നത്. യോഗ്യതാ റൗണ്ട് കഴിഞ്ഞശേഷം വലിയ ഇടവേള വന്നു. ഇതിനുശേഷം കളിക്കാരെല്ലാം വിശ്രമത്തിലായിരുന്നു. തുടർന്നു കേരള പ്രീമിയർ ലീഗ് നടന്നു.
ഇതോടെ കളിക്കാരെ മുഴുവൻ ലഭിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് 20 ദിവസത്തെ ക്യാന്പ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്നു. അതിനുശേഷമാണു ടീം പൂർണസജ്ജമായതെന്നു പരിശീലകൻ ബിനോ ജോർജ് പറയുന്നു.
സീനിയർ-ജൂണിയർ താരങ്ങൾ ഇടകലർന്ന ടീമാണു കേരളത്തിന്റേത്.കേരളാ ടീമിൽ ആറു പേരാണു മലപ്പുറംകാർ. അർജുൻ ജയരാജ് (മിഡ്ഫീൽഡർ), സൽമാൻ കള്ളിയത്ത്, (മിഡ്ഫീൽഡർ), എം. ഫസലുറഹ്മാൻ (മിഡ്ഫീൽഡർ), മുഹമ്മദ് സഹീഫ് (വിംഗ് ബാക്ക്), എൻ.എസ് ഷിഖിൽ (മിഡ്ഫീൽഡർ), ടി.കെ ജെസിൻ (സ്ട്രൈക്കർ) എന്നിവരാണ് കേരളത്തിന്റെ ജഴ്സിയണിയുന്നത്.
ആറു പേരും സന്തോഷ് ട്രോഫിയിൽ ആദ്യമായാണു കളിക്കുന്നത്. കളിക്കാർക്കു പുറമെ ടീം മാനേജർ എം. മുഹമ്മദ്സലീം മലപ്പുറത്തുകാരനാണ്.
പത്തു ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാകും. അഞ്ച് ടീമുകൾ ഉൾപ്പെടുന്ന രണ്ടു ഗ്രൂപ്പിൽ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളുണ്ടായിരിക്കും.
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ സെമി ഫൈനലിനു യോഗ്യത നേടും. ബംഗാളും പഞ്ചാബുമുൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് ഇത്തവണ കേരളം. ഗ്രൂപ്പിൽ മേഘാലയ, രാജസ്ഥാൻ എന്നീ ടീമുകളുടെ പരീക്ഷണവും ആതിഥേയർക്കു മറികടക്കണം.
ആദ്യമത്സരത്തിൽ കൂടുതൽ ഗോളുകൾ നേടി ജയം ഉറപ്പിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. സന്തോഷ്ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമാണു ബംഗാൾ.
പിന്നീട് പഞ്ചാബും. ആറുതവണയാണ് കേരളം ജേതാക്കളായത്. എട്ടുതവണ കേരളം റണ്ണറപ്പുമായിരുന്നു. യോഗ്യതാ റൗണ്ടിൽ ഏറ്റവും ഉജ്വലമായ പ്രകടനം കാഴ്ചവച്ച പഞ്ചാബ് തന്നെയാകും കേരളത്തിന്റെ വലിയ എതിരാളികൾ.
മൂന്നുവർഷം മുന്പു കോൽക്കത്തയിൽ ബംഗാളിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അവസാനമായി കേരളം കിരീടം നേടിയത്.