പനാജി: അധികസമയത്തെ ഗോളിന്റെ ബലത്തിൽ ഗോവയെ കീഴടക്കി ബംഗാൾ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. മുഴുവൻ സമയവും ഗോൾ രഹിത സമനിലയിലായിരുന്ന മത്സരത്തിൽ അധിക സമയത്തിന്റെ അവസാന മിനിറ്റിൽ മൻവീർ സിംഗ് നേടിയ ഗോളിന്റെ ബലത്തിലാണ് ബംഗാൾ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. കേരളത്തിനെതിരേ സെമിഫൈനലിൽ ശക്തമായ പോരാട്ടം നടത്തിയ ഗോവയെ പൂർണമായും പൂട്ടുന്ന പ്രകടനമാണ് ബംഗാൾ നടത്തിയത്.
119-ാം മിനിറ്റിൽ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ഉയർത്തിയടിച്ച പന്ത് ലഭിച്ചത് ബംഗാളിന്റെ മുംതാസ് അക്തറിന്റെ കാലിൽ അക്തർ പന്ത് ക്രോസ് നല്കിയത് മുന്നേറ്റ താരം മൻവീറിന്. ഇടതു കാലിൽ സ്വീകരിച്ച പന്ത് സെക്കൻഡുകൾക്കുള്ളിൽ വലതുകാലിലേക്ക് മറിച്ച് ഉതിർത്ത ഷോട്ട് ഗോവൻ ഗോൾ വല കുലുക്കിയപ്പോൾ ഗോവൻ ഗോളി റയാൻ കൊളാക്കോയ്ക്ക് കാഴ്ചക്കാരനായി നില്ക്കാനേ സാധിച്ചുള്ളു.
ആറു വർഷത്തിന് ശേഷമാണ് ബംഗാൾ കിരീടം നേടുന്നത്. ബംഗാളിന്റെ 32-ാം സന്തോഷ് ട്രോഫി കിരീടമാണിത്. 44 തവണ സന്തോഷ് ട്രോഫി ഫൈനൽ കളിച്ചിട്ടുള്ള ടീമാണ് ബംഗാൾ. –