ബംഗളൂരു: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. ഇന്നലെ ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്നാടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത ഏഴുഗോളിന് തോല്പിച്ചിരുന്ന കേരളം നാലു പോയിന്റോടെ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടി. മികച്ച ഗോള്‍ വ്യത്യാസമാണ് കേരളത്തെ മുന്നോട്ട് നയിച്ചത്. തമിഴ്നാടിന് ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. തമിഴ്നാടിനെതിരേ ഫിനിഷിംഗിലെ പിഴവാണ് കേരളത്തെ ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തിയത്.
തമിഴ്നാടിനെതിരേയും കേരളത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. നാലാം മിനിറ്റില്‍ മധ്യനിര താരം അഭിജിത്തും ആറാം മിനിറ്റില്‍ സീസനും തമിഴ്നാടിന് മുന്നറിയിപ്പ് നല്കി. തമിഴ്നാടും വെറുതെയിരുന്നില്ല. എട്ടാം മിനിറ്റില്‍ പ്രേം കുമാറിന്റെ ലോംഗ് റേഞ്ചും വിജയനാഗപ്പന്റെ ഫ്രീകിക്കും തമിഴ്നാടിനെ ഉണര്‍ത്തി. പിന്നീട് കേരളത്തിനായിരുന്നു ആധിപത്യം. 11-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പാഴായി.
17-ാം മിനിറ്റില്‍ വിബിന് തോമസിന്റെ ഹെഡറും, 21-ാം മിനിറ്റില്‍ അഫ്ദാലിന്റെ ഷോട്ടും തമിഴ്നാട് പോസ്റ്റിനരികിലൂടെ പുറത്തേക്ക്. 25-ാം മിനിറ്റിൽ തമിഴ്നാട് ബോക്സിലെ കൂട്ടിപ്പൊരിച്ചില് കേരളത്തിന് മുതലാക്കാന്‍ സാധിച്ചില്ല. 27-ാം മിനിറ്റില്‍ കേരള പ്രതിരോധക്കാരന് വിബിന് തോമസെടുത്ത മനോഹരമായ ഫ്രീകിക്ക് ഗോള്‍കീപ്പര്‍ മണികണ്ഠന് ഒറ്റകൈക്കൊണ്ട് രക്ഷപ്പെടുത്തി. 35-ാം മിനിറ്റില്‍ കേരള നിരയില്‍ ഷംനാസിന് പകരം ജിതിന് ഗോപാലിറങ്ങി.
ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ മത്സരത്തില്‍ മുന്നിലെത്താനുള്ള സുവര്‍ണാവസരം തമിഴ്നാടിന് ലഭിച്ചു. ബോക്സിന്റെ വലത് വശത്തുനിന്നു തമിഴ്നാട് താരം അജിത് കുമാര്‍ നല്കിയ ക്രോസ് മണിമാരൻ അവിശ്വസനീയമായി പുറത്തേക്കടിക്കുന്നത് കണ്ട് ആദ്യപകുതി അവസാനിച്ചു. കേരളതാരം സജിത് പൗലോസ് അവസരം നഷ്ടപ്പെടുത്തുന്നത് കണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. പിന്നലെ കെ.പി. രാഹുലിന്റെ ലോംഗ് റേഞ്ച് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
57-ാം മിനിറ്റില്‍ കേരളത്തിന്റെ രണ്ടാം മാറ്റം. കെ.പി. രാഹുലിക്ക് പകരം ശ്രീക്കുട്ടന് കളത്തിലിറങ്ങി. തമിഴ്നാട് ജയത്തിനായി കളിക്കാന്‍ തുടങ്ങിയതോടെ പരുക്കന്‍ അടവുകളും എടുക്കേണ്ടി വന്നു.
73-ാം മിനിറ്റില്‍ തമിഴ്നാടിന്റെ മലയാളിതാരം അജീഷിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്. തൊട്ടടുത്ത മിനിറ്റില്‍ കേരളത്തിന്റെ പ്രത്യാക്രമണം. ഒറ്റയ്ക്കു പന്തുമായി തമിഴ്നാട് ബോക്സിലേക്ക് ഓടിക്കയറിയ ജിതിനു ഷോട്ട് തൊടുത്തതില്‍ പിഴച്ചു. പന്ത് പുറത്തേക്ക്. കളി കാണാന്‍ സിനിമ താരം ആസിഫ് അലി അടക്കമുള്ളവര്‍ എത്തിയിരുന്നു. മാര്‍ച്ചിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. കോല്‍ക്കത്തയിലോ ഒറീസയിലോ ആയിരിക്കും മത്സരങ്ങള്‍. തിയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളു.