തിരുവനന്തപുരം: ഇന്ത്യൻ കാൽപന്തുകളിയുടെ തട്ടകമായ കോൽക്കത്ത സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകും. സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്താൻ ഇത്തവണ ഈസ്റ്റേണ്‍ സോണിനായിരുന്നു ഫുട്ബോൾ ഫെഡറേഷൻ അനുമതി നല്‍കിയിരുന്നത്. ഇതേത്തുടർന്നാണ് ബംഗാൾ മത്സരനടത്തിപ്പ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം കോൽക്കത്തയിൽ സന്ദർശനം നടത്തുകയും വേദി സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുകയുമായിരുന്നു. മാർച്ച് 19നാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. പത്തു ടീമുകളാണ് ഫൈനൽ റൗണ്ടിൽ. ഗ്രൂപ്പ് എയിൽ കേരളം, വെസ്റ്റ് ബംഗാൾ, ചണ്ഡിഗഡ്, മണിപ്പൂർ, മഹാരാഷ്ട്ര. ഗ്രൂപ്പ് ബിയിൽ ഗോവ, മിസോറാം, ഒഡീഷ, പഞ്ചാബ്, കർണാടക.
കേരളത്തിന്റെ ആദ്യ മത്സരം മാർച്ച് 23ന് ശക്തരായ മണിപ്പൂരുമായാണ്. മാർച്ച് 25 ന് മഹാരാഷ്ട്രയേയും 27 ന് വെസ്റ്റ് ബംഗാളിനേയും നേരിടും. മാർച്ച് 30 ന് സെമിഫൈനലും ഏപ്രിൽ ഒന്നിന് ഫൈനലും നടക്കും.
പ്രാഥമികഘട്ട മത്സരത്തിൽ ആന്ധ്രാപ്രദേശിനെ ഏകപക്ഷീയമായ ഏഴു ഗോളുകൾക്കു പരാജയപ്പെടുത്തിയും തമിഴ്നാടിനോട് സമനില പാലിച്ചുമാണ് കേരളത്തെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്. 32 തവണ സന്തോഷ് ട്രോഫിയിൽ ബംഗാൾ മുത്തമിട്ടപ്പോൾ പഞ്ചാബ് എട്ടു തവണ സന്തോഷ് ട്രോഫി സ്വന്തമാക്കി. കേരളവും ഗോവയും സർവീസസും അഞ്ചു തവണ വീതം കിരീടം ചൂടി. 2005 ലാണ് ഏറ്റവും ഒടുവിൽ സന്തോഷ് ട്രോഫി കേരളം നേടിയത്.
തോമസ് വർഗീസ്