മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ അവസാന ലീഗ് മത്സരത്തില്‍ കേരളം മഹാരാഷ്ട്രയോടു തോറ്റു. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു കേരളത്തിന്റെ തോല്‍വി. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളത്തിന്റെ സെമി പ്രവേശം. അതേസമയം, കേരളത്തോടു വിജയിച്ചെങ്കിലും മഹാരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍നിന്നു പുറത്തായി.
റെയില്‍വേസിനെതിരേ 5-1ന്റെ വമ്പന്‍ ജയം നേടിയ മിസോറാമാണ് മികച്ച രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയത്. കേരളത്തിനും മിസോറാമിനും ഏഴു പോയിന്റ് വീതമുണ്ട്. കരുത്തരായ പഞ്ചാബും പുറത്തായി. സെമിഫൈനല്‍ മത്സരങ്ങള്‍ വ്യാഴാഴ്ച നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സെമിയില്‍ മിസോറാം ബംഗാളിനെയും രാത്രി ഏഴിനു നടക്കുന്ന രണ്ടാം സെമിയില്‍ കേരളം ഗോവയെയും നേരിടും.
ആദ്യ ഇലവനില്‍ അഞ്ചു മാറ്റങ്ങളുമായാണ് കേരളം ഇന്നലെ കളിക്കാനിറങ്ങിയത്. നൗഷാദ് ബാപ്പുവിനു പ്രതിരോധത്തിലും മെല്ബിന് ഗോള്‍ പോസ്റ്റിലും പരിശീലകന് വി.പി. ഷാജി അവസരം നല്കി. ആദ്യ 30 മിനിറ്റില്‍ ഒരു ഷോട്ട് പോലും വല ലക്ഷ്യമാക്കി പായിക്കാന്‍ കേരളത്തിനായില്ല.
എന്നാല്‍, 38-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് മഹാരാഷ്ട്ര ഗോള്‍ നേടി. വൈഭവിലൂടെയാണ് മഹാരാഷ്ട്ര ഗോള്‍ നേടിയത്. ആദ്യപകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ മഹാരാഷ്ട്ര വീണ്ടും സ്കോര്‍ ചെയ്തു. ഇത്തവണ ശ്രീകാന്താണ് സ്കോറര്‍.