കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന്റെ ഗോളാറാട്ടം. ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ 5-1നു തകർത്തെറിഞ്ഞ കേരളം ഇന്നലെ മണിപ്പുരിനെ 6-0നു ഗോളിൽ മുക്കി.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കും ഗോളടിമേളം അരങ്ങേറിയത്. കേരളത്തിനായി ജിതിൻ ഗോപാലൻ ഇരട്ട ഗോൾ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം സെമിയിലേക്കുള്ള ആദ്യ ചുവടുവച്ചു. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്ര 2-1ന് ചണ്ഡിഗഡിനെ കീഴടക്കി സെമി സാധ്യത നിലനിർത്തി.
ഹൗറയിലെ സൈലെൻ മന്ന സ്പോർട്സ് കോംപ്ലക്സിൽ അരങ്ങേറിയ മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ മണിപ്പുരിന്റെ ഗോളി പരിക്കേറ്റ് പുറത്തുപോയി. തുടർന്ന് സബ്സ്റ്റിറ്റ്യൂട്ട് ബോംബോം സിംഗാണ് മണിപ്പുരിന്റെ ഗോൾവല കാത്തത്. ഗോളിനായി ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ വലകുലുക്കാൻ കേരളത്തിന് സാധിച്ചില്ല. എടുത്തു പറയത്തക്ക നീക്കങ്ങൾ ആദ്യ പകുതിയിൽ ഉണ്ടായില്ലെന്നും പറയാം.
എന്നാൽ, രണ്ടാം പകുതിയിൽ കളിമാറി. സബ്സ്റ്റിറ്റ്യൂഷനായി ഇറങ്ങിയ വി.കെ. അഫ്ദലിലൂടെ കേരളം ലീഡ് നേടി. 47-ാം മിനിറ്റിലായിരുന്നു സൂപ്പർ സബ് ആയി അഫ്ദൽ ഗോൾ നേടിയത്. പിന്നാലെ കെ.പി. രാഹുൽ 59-ാം മിനിറ്റിൽ കേരളത്തിന്റെ ലീഡ് ഉയർത്തി. ഒരു റീബൗണ്ട് പന്തിൽനിന്നായിരുന്നു രാഹുലിന്റെ ഗോൾ. 62-ാം മിനിറ്റിൽ ജിതിൻ ഗോപാലൻ കേരളത്തിനായി വീണ്ടും വെടിപൊട്ടിച്ചു.
തൊട്ടുപിന്നാലെ ഒറ്റയാൻ മുന്നേറ്റത്തിലൂടെ എം.എസ്. ജിതിനും (71-ാം മിനിറ്റ്) മണിപ്പുർ വലയിൽ പന്തെത്തിച്ചു. അതോടെ കേരളം -4, മണിപ്പുർ -0. ജയം ഉറപ്പായതോടെ അനുരാഗിനെ പിൻവലിച്ച് കേരളം ശ്രീക്കുട്ടനെ കളത്തിലിറക്കി, തുടർന്ന് മിഥുനെ തിരിച്ചുവിളിച്ച് അഖിൽ സോമനെയും. 84-ാം മിനിറ്റിൽ ജിതിൻ ഗോപാലൻ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
അതോടെ കളത്തിൽ മണിപ്പുർ നിഷ്പ്രഭമായി. സമ്മർദങ്ങൾക്കൊടുവിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ റോഷൻ സിംഗ് സെൽഫ് ഗോൾ അടിച്ചതോടെ കേരളത്തിന്റെ ജയം 6-0ന് ആയി, മണിപ്പുരിന്റെ പതനം പൂർണവും.ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ആദ്യ പത്തു മിനിറ്റിനുള്ളിൽ നേടിയ രണ്ട് ഗോളാണ് മഹാരാഷ്ട്രയുടെ ജയത്തിനു വഴിവച്ചത്.
ഞ്ചാം മിനിറ്റിൽ ശുഭാം ഖൻവിൽകറിലൂടെ മുന്നിലെത്തിയ മഹാരാഷ്ട്രയ്ക്കുവേണ്ടി ഒന്പതാം മിനിറ്റിൽ ഡിയോൻ മെനെസെസ് ലീഡ് 2-0 ആക്കി ഉയർത്തി. 88-ാം മിനിറ്റിൽ വിശാൽ ശർമയുടെ വകയായിരുന്നു ചണ്ഡിഗഡിന്റെ ആശ്വാസ ഗോൾ. ആദ്യമത്സരത്തിൽ മഹാരാഷ്ട്ര 5-1ന് ബംഗാളിനോട് പരാജയപ്പെട്ടിരുന്നു. കേരളത്തിന്റെ അടുത്ത മത്സരം 25ന് മഹാരാഷ്ട്രയ്ക്കെതിരേയാണ്.