മഡ്ഗാവ്: ഇതാ വരുന്നു മക്കളേ കേരളം. ഒരു മത്സരം അവശേഷിക്കേ ഒരു മത്സരത്തിലും പരാജയപ്പെടാതെ നമ്മുടെ സ്വന്തം അഭിമാന ടീം കേരളം 71-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിൽ.
സിലിഗുഡിയില്‍ 2014ല്‍ കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ ടീമായ മിസോറാമിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് കേരളം സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ഗ്രൂപ്പ് എയില്‍ പോയിന്റ് ടേബിളില്‍ മുന്നിലുണ്ടായിരുന്ന പഞ്ചാബിനെ മഹാരാഷ്ട്ര ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയതാണ് കേരളത്തിന്റെ സെമി പ്രവേശം അനായാസമാക്കിയത്. പഞ്ചാബിന് അഞ്ചു പോയിന്റ് മാത്രമാണുള്ളത്.
ആദ്യ 10 മിനിറ്റില്‍ത്തന്നെ കേരളം രണ്ടു ഗോളിനു മുന്നിലെത്തിയിരുന്നു.അത്യന്തം ആവേശകരമായ മത്സരത്തില്‍ കേരളത്തിനു വേണ്ടി അഷറുദ്ദീന് ഇരട്ടഗോള്‍ സ്വന്തമാക്കി. 65,84 മിനിറ്റുകളിലായിരുന്നു അഷറുദ്ദീന്റെ ഗോളുകള്‍. ഏഴാം മിനിറ്റില്‍ ജോബി ജസ്റ്റിനും ഒമ്പതാം മിനിറ്റിൽ സീഷന്‍ സെല്‍വനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. 86-ാം മിനിറ്റില്‍ ലാല്റമ്മാവിയയാണ് മിസോയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റുമായാണ് മരണ ഗ്രൂപ്പില്‍നിന്നും കേരളം സെമിയിലെത്തിയത്. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ 4-2ന് തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് 2-2 സമനില പിടിച്ചു. രണ്ടു ഗോളിനു പിന്നില്‍നിന്ന ശേഷമായിരുന്നു കേരളം സമനില പിടിച്ചത്. ജോബിയുടെ ടൂര്‍ണ്ണമെന്റിലെ നാലാമത്തെ ഗോളാണ് മിസോറാമിനെതിരെ നേടിയത്.
ഏവരെയും ഞെട്ടിച്ചുകൊണ്ട് ക്യാപ്റ്റന്‍ ഉസ്മാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പരിശീലകന് വി.പി. ഷാജി ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് പാറക്കോടിലാണ് ആദ്യ ഇലവനില്‍ ഇറങ്ങിയത്.
ജോബി ജസ്റ്റിനെയും ഷാഹുല്‍ അബ്ദുള്‍ സമദിനെയും മുന്നേറ്റനിരയിലിറക്കിയപ്പോള് മധ്യനിരയില്‍ ജിഷ്ണു ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജിജോ ജോസഫും മുഹമ്മദ് പബാറക്കോട്ടിലും ഇടം ലഭിച്ചു. മിസോറാമിന്റെ കളി പലപ്പോഴും പരുക്കനായതോടെ അവര്‍ക്കു ലഭിച്ചത് നാലു മഞ്ഞക്കാര്‍ഡും ഒരു ചുവപ്പുകാര്‍ഡും. തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട മിസോറാം താരം ലാല്ഫക്സുവാല 26-ാം മിനിറ്റില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ 10 പേരുമായി കളിച്ച മിസോറാമിന് മത്സരത്തിലേക്കു മടങ്ങിവരാനായില്ല.
മത്സരത്തിന്റെ തുടക്കം മുതല്‍ കേരളം ആധിപത്യമുറപ്പിച്ചു. വിംഗുകളില്‍ക്കൂടിയുള്ള ആക്രമണമായിരുന്നു കേരളത്തിന്റെ മുന്നേറ്റ രീതി. ജസ്റ്റിന് ജോബിനും സഹല്‍ അബ്ദുള്‍ സമദിനും നിരന്തരം പന്തുകളെത്തി. വി.വി. ശ്രീരാഗിന്റെ ഫ്രീ കിക്കില്‍നിന്നു ലഭിച്ച പാസില്‍ ഹെഡ് ചെയ്താണ് കേരളം ആദ്യഗോള്‍ ജസ്റ്റിനിലൂടെ സ്വന്തമാക്കിയത്. രണ്ടു മിനിറ്റിനു ശേഷം ജിഷ്ണു ബാലകൃഷണന്റെ തകര്‍പ്പന്‍ മുന്നേറ്റം. ജിഷ്ണു പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് മിസോറാം പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി ദിശമാറി സീഷനിലേക്ക്. സീഷന്‍ അനായാസം പന്ത് വലയിലാക്കി. ഇതോടെ കേരളം 2-0നു മുന്നില്‍.
കേരളം എതിര്‍ഗോള്‍മുഖത്ത് നിരന്തരം സമ്മര്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതിനിടെ മൂന്ന് അവസരങ്ങള്‍ ജോബി ജസ്റ്റിന് നഷ്ടപ്പെടുത്തിയത് അദ്ഭുതത്തോടെയേ കാണാനാകൂ. റഫറിയോട് ചൊടിച്ചതിനാണ് മിസോറാം താരം ലാല്ഫക്സുവാലയ്ക്ക് രണ്ടാമതും മഞ്ഞക്കാര്‍ഡ് ലഭിച്ചത്.
രണ്ടു ഗോള്‍ വഴങ്ങിയ ശേഷം മിസോറാം ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. രണ്ടാം പകുതിയില്‍ ജസ്റ്റിനു പകരം ഉസ്മാന് കളത്തിലെത്തി. ഇതോടെ കേരളത്തിന്റെ നീക്കങ്ങള്‍ക്കു വേഗമേറി. പഞ്ചാബിനെതിരായ മത്സരത്തിലെ ഹീറോ മുഹമ്മദ് പാറക്കോട്ടിലിനു പകരം അഷറുദ്ദീനും മൈതാനത്തെത്തി. 64-ാം മിനിറ്റില്‍ അഷറുദ്ദീന് കേരളത്തിനു 3-0ന്റെ ലീഡ് സമ്മാനിച്ചു. ഉസ്മാന്റെ പാസില്‍നിന്നായിരുന്നു അഷറുദ്ദീന്റെ ആദ്യ ഗോള്‍.
മുഹമ്മദിന്റെ പാസില്‍ അഷറുദ്ദീന് തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. മിസോറാം ഗോള്‍ തിരിച്ചടിച്ചപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. കേരളത്തിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പ് ബിയില്‍നിന്ന് ബംഗാള്‍ സെമിയിലെത്തിയിട്ടുണ്ട്. മിസോറാം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.