വി. മനോജ്
മഞ്ചേരി: കർണാടകയുടെ പോസ്റ്റിൽ ഗോൾപൂരം നടത്തി കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലേക്കു തിടന്പേറ്റി.
ജെസൻ ടി.കെയുടെ അഞ്ചു ഗോൾ മികവിൽ (7-3) ന്റെ വിജയം നേടിയ കേരളം പതിനഞ്ചാം സന്തോഷ് ട്രോഫി ഫൈനലിനാണ് യോഗ്യത നേടിയത്. കേരളത്തിനായി ഷിഗിൽ, അർജുൻ ജയരാജ് എന്നിവരും ഗോൾ നേടി. ഇന്നു നടക്കുന്ന ബംഗാൾ – മണിപ്പുർ സെമിയിലെ വിജയികളാണ് മേയ് രണ്ടിനു നടക്കുന്ന ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ.
അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെതിരേ ഇറങ്ങിയ സൽമാൻ കള്ളിയത്തിനു പകരം നിജോ ഗിൽബർട്ടിനെ കേരളം ആദ്യ ഇലവണിൽ ഉൾപ്പെടുത്തി. അഞ്ചാം മിനിറ്റിൽ തുടർച്ചയായി രണ്ടു കോർണർ നേടിയ കേരളത്തിനു പക്ഷേ അവസരം മുതലാക്കാൻ കഴിഞ്ഞില്ല.
പ്രതിരോധത്തിൽ ഉൗന്നി കളിച്ച കർണാടക കേരളത്തിന്റെ ആക്രമണം പൊളിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പതിമൂന്നാം മിനിറ്റിൽ നായകൻ ജിജോ ജോസഫിന്റെ പാസിൽ വിഘ്നേഷ് ഗോളിലേക്ക് കുതിച്ചെങ്കിലും റഫറി ഓഫ്സൈഡ് കൊടി ഉയർത്തി.
17-ാം മിനിറ്റിൽ കോർണറിൽ നിന്നു വന്ന പന്ത് സഹീഫ് തകർപ്പൻ കാർപെറ്റ് ഷോട്ട് പായിച്ചെങ്കിലും കർണാടക ഗോളി കെവിൻ കോശി സാഹസികമായി രക്ഷപ്പെടുത്തി. തുടർന്നും കേരളം തന്നെയാണ് ആക്രമണം നയിച്ചത്. 21-ാം മിനിറ്റിൽ കിട്ടിയ ത്രൂബോൾ ഷിഗിൽ അടിച്ചത് ഗോളിക്ക് നേരെയായി.
അപ്രതീക്ഷിതം കർണാടക ലീഡ്
25-ാം മിനിറ്റിൽ കർണാടക അപ്രതീക്ഷിതമായി ലീഡ് നേടി. ബോക്സിനു വലതു വശത്ത് നിന്നു സോലൈമലൈ നൽകിയ പാസ് കർണാടക ക്യാപ്റ്റൻ സുധീർ കൊട്ടിക്കേല കൃത്യമായി കേരള വലയിൽ എത്തിച്ചു (1-0).
തുടർന്നു ഗോൾ മടക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളായിരുന്നു. വിഘ്നേഷിനെ തിരിച്ചുവിളിച്ച കേരളം ജെസിനെ കൊണ്ടുവന്നു.
34-ാം മിനിറ്റിൽ കർണാടകയുടെ കമലേഷ് തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിനു പുറത്തുപോയി. തൊട്ടടുത്ത മിനിറ്റിൽ കേരളം സമനില നേടി.
റാഷിദ് നൽകിയ നീളൻപാസ് പിടിച്ചെടുത്ത ജെസിൻ രണ്ടു പ്രതിരോധക്കാരെയും ഗോളിയെയും ഒന്നിച്ച് കബളിപ്പിച്ച് പോസ്റ്റിലേക്കു തിരിച്ചുവിടുകയായിരുന്നു (1-1). 41-ാം മിനിറ്റിൽ ആദ്യ ഗോളിന്റെ തനിയാവർത്തനം പോലെ, ഇടതുവിംഗ് വഴി ജെസിൻ വീണ്ടും സ്കോർ ചെയ്തു (2-1).
ജെസിൻ ട്രിക്ക്
രണ്ടു മിനിറ്റിനകം ജെസിൻ ഹാട്രിക് നേടി. കർണാടക ഗോളി തടുത്തിട്ട പന്ത് ജെസിൻ അനായാസം പോസ്റ്റിലിട്ടു (3-1). ടൂർണമെന്റിൽ ഇതു കേരളത്തിന്റെ രണ്ടാം ഹാട്രിക്കാണ്.
നേരത്തെ രാജസ്ഥാനെതിരേ നായകൻ ജിജോ ജോസഫും ഹാട്രിക് നേടിയിരുന്നു. കർണാടകയെ ഞെട്ടിച്ച് നാല്പത്തി അഞ്ചാം മിനിറ്റിൽ വീണ്ടും കേരളത്തിന്റെ ഗോൾ. നിജോയുടെ പാസിൽ ഷിഗിൽ ആയിരുന്നു സ്കോറർ (4-1).
അടി തിരിച്ചടി
രണ്ടാംപകുതിയുടെ തുടക്കത്തിൽ ഇരുടീമുകളും ലക്ഷ്യബോധം ഇല്ലാതെയാണ് പന്ത് തട്ടിയത്. എന്നാൽ അപ്രതീക്ഷിതമായി 54-ാം മിനിറ്റിൽ കർണാടക ഒരു ഗോൾ മടക്കി. കമലേഷ് തൊടുത്ത ലോംഗ് റേഞ്ചർ കേരള പോസ്റ്റിലേക്കു കയറി (4-2). ഉടൻ തന്നെ കേരളം മറുപടി നൽകി.
മധ്യനിരയിൽ നിന്നു ഒറ്റയ്ക്ക് പന്തുമായി കുതിച്ച ജെസിൻ മനോഹരമായി പന്ത് പോസ്റ്റിലേക്കു പ്ലേസ് ചെയ്തു (5-2). അറുപത്തിരണ്ടാം മിനിറ്റിൽ അർജുൻ ജയരാജ് ഗോൾ നേടി.
വലതുപാർശ്വത്തിൽ നിന്നു ലഭിച്ച പന്താണ് അർജുൻ ഗോളിലേക്കു തിരിച്ചുവിട്ടത് (6-2). 71-ാം മിനിറ്റിൽ സോലൈ മലൈ നീളൻ ഷോട്ടിലൂടെ കേരള പോസ്റ്റിൽ വല കുലുക്കിയപ്പോൾ (6-3) മൂന്നു മിനിറ്റിനകം ജെസിൻ ഒറ്റയ്ക്ക് മുന്നേറി തന്റെ അഞ്ചാം ഗോളും ടീമിന്റെ ഏഴാം ഗോളും ആഘോഷിച്ചു (7-3). ഇതോടെ ടൂർണമെന്റിൽ നിലന്പൂരുകാരൻ ജെസിനു ആറു ഗോളുകളായി.