ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയമില്ലാതെ കേരളം. നിർണായകമായ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ മേഘാലയയോട് 1-1നു സമനില വഴങ്ങി.
നാലാം മിനിറ്റിൽ നരേഷിലൂടെ മുന്നിലെത്തിയ കേരളം, 76-ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതോടെ കളി സമനിലയിൽ പിരിഞ്ഞു. കളി തുടങ്ങി നാലാം മിനിറ്റിൽത്തന്നെ കേരളം ഗോൾ നേടി. മധ്യത്തിൽനിന്നു റിസ് വാനലി ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് നരേഷ് ഗോൾകീപ്പറെ വീഴ്ത്തി കേരളത്തെ മുൻപിലെത്തിച്ചു. ഇരുഭാഗത്തേക്കും ആക്രമണങ്ങൾ കണ്ട ആദ്യ പകുതി ആ നിലയിൽത്തന്നെ അവസാനിച്ചു.
രണ്ടാംപകുതിയിലെ 77-ാം മിനിറ്റിലാണ് മേഘാലയയുടെ സമനില ഗോൾ വന്നത്. 76-ാം മിനിറ്റിൽ ഷീൻ സ്റ്റീവൻസനെ ശരത് പ്രശാന്ത് വീഴ്ത്തിയതിന് മേഘാലയയ്ക്കനുകൂലമായ പെനാൽറ്റി ലഭിച്ചു. പെനാൽറ്റി അസ്ഹർ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് ഷീൻ സ്റ്റീവൻസണ്‍ വലയിലെത്തിച്ചു. ഇതോടെ 1-1 സമനിലയിലായി. ഗ്രൂപ്പിൽ കേരളത്തിന്റെ രണ്ടാം മത്സരത്തിൽ ഗോവയോട് 2-0നു തോറ്റിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ഗോവ 2-1ന് സർവീസസിനെ തോൽപ്പിച്ചു. ജയത്തോടെ ഗോവ ഏഴു പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ആറു പോയിന്റുള്ള സർവീസസ് ആണു രണ്ടാമത്. കേരളം നാലു പോയിന്റുമായി മൂന്നാമതാണ്.