ഇറ്റാനഗർ (അരുണാചൽ പ്രദേശ്): സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു സന്തോഷത്തുടക്കം. ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തിൽ കേരളം ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ആസാമിനെ തകർത്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സർവീസസ് ജയിച്ചു.
മികച്ച ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകളാണ് കേരളം നേടിയത്. അബ്ദു റഹീം (19’), സജീഷ് (67’), നിജോ ഗിൽബർട്ട് (90+5’) എന്നിവരാണു കേരളത്തിനായി വലകുലുക്കിയത്.
78-ാം മിനിറ്റിൽ ദീപു മിർദയാണ് ആസാമിന്റെ ഗോൾ നേടിയത്. ഇരുടീമും വാശിയേറിയ പോരാട്ടമാണ് യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ കാഴ്ചവച്ചത്. രണ്ടാം പകുതിയിൽ ആസമിന്റെ ഭാഗത്തുനിന്ന് മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതെ കേരളം പിടിച്ചുനിന്നു. രണ്ടാം പകുതിയിൽ ആസാം രണ്ടാം തവണയും കേരളത്തിന്റെ ഗോൾവല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
19-ാം മിനിറ്റിൽ കേരളത്തിന്റെ മധ്യനിര താരം അബ്ദു റഹീമിന്റെ വകയായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. ആസാമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണു ഗോളിൽ കലാശിച്ചത്. ഇതോടെ സന്തോഷ് ട്രോഫി സീസണിലെ ഫൈനൽ റൗണ്ടിൽ പെനാൽറ്റിയിലൂടെയല്ലാതെ ഗോൾ നേടുന്ന ആദ്യ താരമായി റഹീം മാറി.
ആദ്യ മത്സരത്തിൽ മേഘാലയയ്ക്കെതിരേ സർവീസസിന്റെ ജയം പെനാൽറ്റി ഗോളിലൂടെയായിരുന്നു. ബോക്സിനുള്ളിൽ ആസാം പ്രതിരോധക്കാരെ കബളിപ്പിച്ച് കേരളം നടത്തിയ നീക്കമാണു ഗോളിൽ കലാശിച്ചത്.
പ്രതിരോധക്കാരെ ഒഴിഞ്ഞുനിന്ന അബ്ദു റഹീം ഇടംകാലിലൂടെ പന്ത് വലയിലാക്കി. രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോൾ. കളത്തിന്റെ മധ്യത്തിൽനിന്നു ലഭിച്ച പന്ത്, ബോക്സിനുള്ളിൽ മുഹമ്മദ് ആഷിഖിനു ലഭിച്ചു. ആഷിഖിന്റെ മനോഹരമായ പാസിലേക്കു ഓടിയെത്തിയ സജീഷ് നേരെ വലയിലേക്കു തൊടുത്തു. കേരളത്തെ ഞെട്ടിച്ചുകൊണ്ട് മികച്ച നീക്കങ്ങൾ ആസാമിൽനിന്നു വന്നു. 78-ാം മിനിറ്റിൽ മിർദ ഒരു ഗോൾ മടക്കിയതോടെ ആസാം സമനിലയ്ക്കായി ശക്തമായി പൊരുതി.
95-ാം മിനിറ്റിൽ നിജോ ഗിൽബർട്ട് കേരളത്തിന്റെ ജയം ഉറപ്പാക്കി വലുകുലുക്കി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സർവീസസ് 1-0ന് മേഘാലയയെ പരാജയപ്പെടുത്തി. 90+5-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി ഷഫീലാണ് സർവീസസിനു ജയം നൽകിയത്.
ആത്മവിശ്വാസം ഉയർത്തുന്ന ജയം: കോച്ച്
ആദ്യ മത്സരത്തിൽത്തന്നെ കരുത്തരായ ആസാമിനെ തോൽപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നു കേരള ടീമിന്റെ മുഖ്യപരിശീലകൻ സതീവൻ ബാലൻ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും ടീമിന് മികച്ച മാർജിനിൽ ജയം നേടാനായതും ടീമിന്റെ ആത്മവിശ്വാസം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത്ഈസ്റ്റിൽനിന്നുള്ള ടീമിനെതിരേ മികച്ച പ്രകടനം നടത്താനായെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനു രണ്ടു ദിവസം മുന്പേ സ്ഥലത്തെത്തി പരിശീലനം നടത്താനായത് ടീമിന്റെ പ്രകടനത്തിന് ഗുണം ചെയ്തുവെന്നും സതീവൻ ബാലൻ കൂട്ടിച്ചേർത്തു.