വി. മനോജ്
മഞ്ചേരി: പഞ്ചാബിന്റെ വെല്ലുവിളി 2-1 ന് മറികടന്ന് കേരളം 75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ സെമിയിൽ പ്രവേശിച്ചു. നായകൻ ജിജോ ജോസഫാണ് കേരളത്തിന്റെ രണ്ടു ഗോളുകളും നേടിയത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു കേരളത്തിന്റെ പഞ്ച് തിരിച്ചുവരവ്.
നാലു കളിയിൽ പത്തു പോയിന്റ് നേടിയ കേരളം ഗ്രൂപ്പ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് അവസാന നാലിലേക്ക് കുതിച്ചത്. മൂന്നു കളികളിൽ രണ്ടു കളി തോറ്റ പഞ്ചാബ് ടൂർണമെന്റിൽനിന്നു പുറത്തായി. 28ന് നടക്കുന്ന ഒന്നാം സെമിയിൽ കേരളം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെ നേരിടും.
മധ്യനിരയിൽ അഞ്ചുപേരെ അണിനിരത്തി ഏതു സമയവും ആക്രമണത്തിലേക്കും പ്രതിരോധത്തിലേക്കും മാറാനുള്ള തയാറെടുപ്പിലാണ് കേരളം 4-5-1 ശൈലിയിൽ ആദ്യ ഇലവൺ ഇറക്കിയത്. നിജോ ഗിൽബർട്ടിന് പകരം ഉയരക്കാരൻ സൽമാൻ കള്ളിയത്തിനെ കൊണ്ടുവരികയും ചെയ്തു.
ഇരുടീമും ശ്രദ്ധയോടെ കളിച്ചതോടെ ആദ്യ പത്തു മിനിറ്റിൽ മികച്ച നീക്കങ്ങൾ ഒന്നുംതന്നെ കണ്ടില്ല. 11-ാം മിനിറ്റിൽ കളിഗതിക്കു വിപരീതമായി പഞ്ചാബ് ഗോൾ നേടി.
കേരള പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മൻവീർ സിംഗ് ആണ് സ്കോർ ചെയ്തത്. 17-ാം മിനിറ്റിൽ കേരളം തിരിച്ചടിച്ചു. കോർണർ ബോൾ ഷിഗിൽ, അർജുൻ ജയരാജിനു കൈമാറി. മഞ്ചേരിക്കാരൻ ക്രോസ് ചെയ്ത പന്തിൽ നായകൻ ജിജോ ജോസഫിന്റെ തകർപ്പൻ ഹെഡർ പഞ്ചാബിന്റെ ഗോളിയെ നിഷ്പ്രഭനാക്കി വലയിൽ.
27-ാം മിനിറ്റിൽ കേരള ഗോളി മിഥുൻ പരിക്കേറ്റു മടങ്ങി. ഇലക്ട്രിസിറ്റി ബോർഡ് താരം ഹജ്മലാണ് പകരമെത്തിയത്. മധ്യനിരയിൽ മികച്ച താളം കണ്ടെത്തിയ അർജുൻ ജയരാജ് തകർപ്പൻ ലോബുകളും പാസുകളുമായി കളം നിറഞ്ഞതോടെ മുന്നേറ്റനിരയിലേക്കു നിരന്തരം പന്തെത്തി.
എന്നാൽ, ഗോൾ മാത്രം അകന്നുനിന്നു. 45-ാം മിനിറ്റിൽ അർജുൻ ജയരാജ് എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യപകുതി (1-1) തുല്യതയിൽ അവസാനിച്ചു.രണ്ടാം പകുതിയിൽ കേരളം സൽമാനെ പിൻവലിച്ച് നൗഫലിനെ പകരം കൊണ്ടുവന്നു.
46-ാം മിനിറ്റിൽ ഷിഗിൽ ഓടിപ്പിടിച്ച പന്ത് വിഘ്നേഷ് പോസ്റ്റിലേക്കു തിരിച്ചുവിട്ടെങ്കിലും പഞ്ചാബ് ഗോളി ഹർപ്രീത് സിംഗ് സാഹസികമായി രക്ഷപ്പെടുത്തി. പകരക്കാരൻ നൗഫലും ഫോമിലേക്കു ഉയർന്നതോടെ കേരളം നിരന്തരം പഞ്ചാബ് ഗോൾമുഖം ആക്രമിച്ചു.
61-ാം മിനിറ്റിൽ നൗഫൽ വലതുവിംഗിലൂടെ ഒറ്റയ്ക്ക് മുന്നേറി തൊടുത്ത ഷോട്ട് പോസ്റ്റിനെ തൊട്ടിയുരുമ്മി പുറത്തു പോയി. തൊട്ടുടനെ വിഘ്നേഷിനെ മാറ്റി കേരളം ജെസിനെ ഇറക്കി. രോഹിത് ഷൈഖ്, ജെതിൻ സൈനി എന്നിവരെ പഞ്ചാബും കൊണ്ടുവന്നു.
86-ാം മിനിറ്റിൽ സഞ്ജു ഇടതുവിംഗിൽനിന്ന് നൽകിയ പാസ് ജിജോ ജോസഫ് അനായാസം പോസ്റ്റിലേക്കു തട്ടിയിട്ടു (2-1). സ്റ്റേഡിയം ആരവം തീർത്ത നിമിഷം.ടൂർണമെന്റിൽ കേരള നായകൻ നേടുന്ന അഞ്ചാം ഗോൾ.
ഗ്രൂപ്പ് എയിൽ നാല് മത്സരവും പൂർത്തിയാക്കിയ കേരളത്തിനു മൂന്നു ജയവും ഒരു സമനിലയും വഴി 10 പോയിന്റായി. ബംഗാളിന് ആറും മേഘാലയക്ക് നാലും പഞ്ചാബിന് മൂന്നും പോയിന്റ് വീതമുണ്ട്. ഗ്രൂപ്പിൽനിന്നു സെമിയിലേക്ക് യോഗ്യത നേടുന്ന രണ്ടാം ടീമിനെ ഞായറാഴ്ച അറിയാം.