കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ഗോവ പുറത്തേക്ക്. ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഗോവയെ 4-1ന് കർണാടക കീഴടക്കി. ഗോവയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മിസോറാം 5-0ന് ഒഡീഷയെ തകർത്തു. മിസോറാമിന്റെ രണ്ടാം ജയമാണിത്.
26-ാം മിനിറ്റിൽ കപിൽ ഹോബിളിന്റെ ഗോളിൽ ഗോവ ആദ്യ പകുതിയിൽ 1-0നു മുന്നിലായിരുന്നു. എന്നാൽ, ഗുണശേഖർ വിഗ്നേഷ് (54-ാം മിനിറ്റ്) കർണാടകയെ ഒപ്പമെത്തിച്ചു. തുടർന്ന് എസ്. രാജേഷ് (54-ാം മിനിറ്റ്), മാത്യു ഗോണ്‍സാൽവസ് (സെൽഫ് ഗോൾ, 61-ാം മിനിറ്റ്), ലിയോണ്‍ അഗസ്റ്റിൻ (89-ാം മിനിറ്റ്) എന്നിവരുടെ ഗോളിലൂടെ കർണാടക 4-1ന്റെ ജയം സ്വന്തമാക്കി.
ഒഡീഷയ്ക്കെതിരേ മിസോറാമിന്റെ ലാൽ റോമാവിയ ഇരട്ട ഗോൾ സ്വന്തമാക്കി. 41, 59 മിനിറ്റുകളിലായിരുന്നു റോമാവിയയുടെ ഗോളുകൾ. ലാൽബിയാക്വല (37-ാം മിനിറ്റ്), മൽസവംഡവാങ് (73-ാം മിനിറ്റ്), എഫ്. ലാൽറിൻപുയ (90+1-ാം മിനിറ്റ്) എന്നിവരാണ് മിസോറാമിനായി ലക്ഷ്യംകണ്ടത്. ആദ്യ മത്സരത്തിൽ മിസോറാം 3-1ന് ഗോവയെ കീഴടക്കിയിരുന്നു.
കേരളം ഇന്നിറങ്ങും
ഗ്രൂപ്പ് എയിൽ തങ്ങളുടെ രണ്ടാം മത്സരത്തിന് കേരളം ഇന്ന് കളത്തിൽ. മണിപ്പുരാണ് കേരളത്തിന്റെ എതിരാളികൾ. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം 5-1ന് ചണ്ഡിഗഡിനെ തകർത്തിരുന്നു. മണിപ്പുരിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗാളിനോട് പരാജയപ്പെട്ട മണിപ്പുർ രണ്ടാം മത്സരത്തിൽ ചണ്ഡിഗഡിനെ 1-1 സമനിലയിൽ പിടിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്രയും ചണ്ഡിഗഡും ഏറ്റുമുട്ടും.