ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളം കരുത്തരായ സർവീസസുമായി സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് ലീഡ് നേടിയശേഷം 1-1നായിരുന്നു കേരളം ടൈ കെട്ടിയത്.
22-ാം മിനിറ്റിൽ ഇ. സജീഷിലൂടെ കേരളം മുന്നിൽ പ്രവേശിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സമീർ മുർമുവിലൂടെ (45+4’) സർവീസസ് സമനിലയിലെത്തി. പിന്നീട് ഇരുടീമും ആക്രമണം നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ഗോൾ പിറന്നില്ല.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഗോവയും ആസാമും 3-3 സമനിലയിൽ പിരിഞ്ഞു. 12 മിനിറ്റിനുള്ളിൽ രണ്ട് ഗോളിന്റെ ലീഡ് നേടിയശേഷമായിരുന്നു ഗോവ സമനില വഴങ്ങിയത്.
ഗ്രൂപ്പ് എയിൽനിന്ന് സർവീസസ്, ഗോവ, കേരളം, ആസാം എന്നീ ടീമുകൾ നേരത്തേ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതാണ്. ഇന്നലെ നടന്ന അവസാന റൗണ്ട് പോരാട്ടത്തോടെ ഗ്രൂപ്പ് നില വ്യക്തമായി. അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി സർവീസസ് ഗ്രൂപ്പ് ചാന്പ്യന്മാരായി. ഒന്പത് പോയിന്റുമായി ഗോവ രണ്ടാമതും എട്ട് പോയിന്റുമായി കേരളം മൂന്നാമതും ഏഴ് പോയിന്റുമായി ആസാം നാലാമതുമാണ്.
കേരളം x ….?
ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളി ആരാണെന്ന് ഇന്നറിയാം. ഗ്രൂപ്പ് ബിയിലെ അഞ്ചാം റൗണ്ട് പോരാട്ടം ഇന്ന് പൂർത്തിയാകുന്നതോടെയാണിത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ക്വാർട്ടരിൽ കേരളത്തിന്റെ എതിരാളികൾ.
നാല് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ ഗ്രൂപ്പ് ബിയിൽ ഏഴ് പോയിന്റുമായി ഡൽഹിയാണ് രണ്ടാമത്. 10 പോയിന്റുമായി മണിപ്പുർ ഒന്നാമതും. ഇന്ന് ഡൽഹിയും മണിപ്പുരും തമ്മിലും റെയിൽവേസും മിസോറവും തമ്മിലും മഹാരാഷ്ട്രയും കർണാടകയും തമ്മിലും ഏറ്റുമുട്ടും.