സിജി ഉലഹന്നാൻ
കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി സമ്മാനിച്ച നായകനായിരുന്നു കണ്ണൂർ താളിക്കാവ് സുബ്രഹ്മണ്യൻ മണി. 1973 ഡിസംബർ 27ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മിന്നുന്ന ഹാട്രിക്കിലൂടെയാണ് ക്യാപ്ടൻ മണി മലയാളികൾക്ക് “സന്തോഷമുത്തം’ നൽകിയത്. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്ടനായ ആദ്യ കണ്ണൂർ സ്വദേശിയും ടി.കെ.എസ്.മണി തന്നെ.
തടിമിടുക്കും വൈദഗ്ധ്യവും ഒത്തുചേർന്ന കളിക്കാരനായിരുന്നു ക്യാപ്ടൻ മണി. കണ്ണൂരിലെ മൈതാനങ്ങളിൽ പ്രതിരോധനിരയിലാണ് മണി കളി തുടങ്ങിയത്. വളരെ ടഫ് ആയിട്ടുള്ള നീക്കങ്ങൾ കാരണം എതിർടീമിലെ കളിക്കാർ “കൊല മണി’ എന്നായിരുന്നു വിളിച്ചിരുന്നത്. ഹെഡ് ചെയ്യുന്നതിലും അസാമാന്യ മിടുക്കായിരുന്നു. പാറക്കണ്ടി എലിമെന്ററി സ്കൂളിലും മുനിസിപ്പൽ സ്കൂളിലുമായിട്ടായിരുന്നു പഠനം. മുനിസിപ്പൽ സ്കൂൾ ടീമിലും ജില്ലാ സ്കൂൾ ടീമിലും കളിച്ചുയർന്നു. അതോടൊപ്പം കണ്ണൂർ ലക്കിസ്റ്റാറിന്റെ ജഴ്സിയുമണിഞ്ഞു.
1957ൽ ലക്കിസ്റ്റാറിൽ കളിയാരംഭിച്ച മണി മൂന്നു വർഷത്തിനുശേഷം കണ്ണൂർ ജിംഖാനയുടെ പച്ചക്കുപ്പായത്തിലേക്ക് മാറി. കക്കാട് സ്പിന്നിംഗ് മില്ലിൽ ജോലി ലഭിച്ചതോടെയായിരുന്നു മാറ്റം. 1960 മുതൽ 1969 വരെ ജിംഖാനയുടെ ബൂട്ടണിഞ്ഞു. ലക്കി സ്റ്റാറിന്റെയും ജിംഖാനയുടെയും ജില്ലാ ലീഗിലെ കിരീടനേട്ടങ്ങളിൽ പങ്കാളിയായി. നിരവധി പ്രമുഖ ടൂർണമെന്റുകളിൽ ഇരുക്ലബുകൾക്കും വേണ്ടി തിളങ്ങി. 1969ലാണ് അക്കാലത്തെ പ്രഗത്ഭ ടീമായ ആലുവ ഫാക്ട് മണിയെ സ്വന്തമാക്കിയത്.
പ്രതിരോധ നിരയിൽ തിളങ്ങിയിരുന്ന മണിയെ മുന്നേറ്റനിരയിലേക്ക് മാറ്റിയത് ഫാക്ടിന്റെ കോച്ച് സൈമൺ സുന്ദർരാജ് ആയിരുന്നു. പ്രതിരോധനിരയിൽ കളിച്ച് നേടിയെടുത്ത മനക്കരുത്ത് ഫോർവേഡ് ആയപ്പോൾ നന്നായി പ്രയോജനപ്പെടുത്താനും കഴിഞ്ഞു. 1976 വരെ ടീമിന്റെ ജഴ്സിയണിഞ്ഞ അദ്ദേഹം നിരവധി മത്സരങ്ങളിൽ ടീമിന്റെ നായകനായി. തൃശൂർ ചാക്കോള ട്രോഫി, തിരുവനന്തപുരം ജി.വി.രാജ ട്രോഫി, കോട്ടയം മാമ്മൻ മാപ്പിള ട്രോഫി, എറണാകുളം നെഹ്റുട്രോഫി തുടങ്ങിയവയെല്ലാം ഇക്കാലത്ത് ഫാക്ട് സ്വന്തമാക്കി. “ഫാക്ട് മണി’ എന്ന് അറിയപ്പെട്ട അദ്ദേഹം സൈമണ്‍ സുന്ദർരാജിന് ശേഷം ടീമിന്റെ പരിശീലകനുമായി.
1964ൽ കണ്ണൂരിൽ നടന്ന സതേണ്‍ പെന്റാംഗുലർ ട്രോഫിയിലാണ് ആദ്യമായി കേരളത്തിന്റെ ജഴ്സിയണിയുന്നത്. 1967ലെ ഹൈദരാബാദ് സന്തോഷ് ട്രോഫിയിൽ സംസ്ഥാന ടീമിലെത്തി. തുടർന്ന് 1969 ൽ നവ്ഗോംഗിലും 1971ൽ മദ്രാസിലും 1972ൽ പനാജിയിലും കേരളനിരയിലുണ്ടായിരുന്നു. 1973ൽ എറണാകുളത്ത് മണിയുടെ നായകത്വത്തിൽ ചരിത്രത്തിലാദ്യമായി ഫൈനൽ കളിച്ച കേരളം കിരീടവും ചൂടി. മൂന്നുതവണ സന്തോഷ് ട്രോഫി ജേതാക്കളും അതിശക്തരുമായ റെയിൽവേയായിരുന്നു എതിരാളികൾ.
കളി അവസാനിക്കാൻ 10 മിനിറ്റ് മാത്രം ശേഷിക്കെയാണ് മണിയുടെ ബൂട്ടിൽ നിന്ന് വിജയഗോൾ പിറന്നത്. 35ാം മിനുട്ടിൽ ഹെഡറിലൂടെയായിരുന്നു മണിയുടെ ആദ്യ ഗോൾ. നജ്മുദീൻ നൽകിയ ക്രോസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. 65ാം മിനിറ്റിൽ ടി.എ.ജാഫർ നൽകിയ പാസിൽ രണ്ടാം ഗോൾ.
15 മിനിറ്റിന് ശേഷം കിരീടമുറപ്പിച്ച ഗോളും. 1975ൽ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റ് ക്യാന്പിലേക്ക് മണിയെ വിളിച്ചുവരുത്തിയെങ്കിലും ടീമിലിടം നൽകാതെ അവഗണിച്ചത് വേദനിപ്പിക്കുന്ന അനുഭവമായി. 1940 ഏപ്രിൽ 8ന് തങ്കസ്വാമി- സരസ്വതി ദന്പതികളുടെ മകനായിട്ടായിരുന്നു ജനനം. കളിക്കളത്തിൽ നിന്ന് വിട്ടശേഷം ഇടപ്പള്ളിയിൽ മകനോടൊപ്പമായിരുന്നു താമസം.
2017 ഏപ്രിൽ 27ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 77 വയസായിരുന്നു. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ആനന്ദ്, ജ്യോതി, ഗീത, അരുൺ. മരുമക്കള്‍: സ്വപ്ന, വിനു, വിനോദ്.
കണ്ണൂരിന്റെ നായകർ
കാൽപ്പന്തുകളിയെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നവർക്ക് ആവേശനാളുകൾ. സന്തോഷ്ട്രോഫി ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ 73ാം പതിപ്പിന് പന്തുരുണ്ട് തുടങ്ങി. 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞവർഷം കോൽക്കത്തയിൽ നേടിയെടുത്ത കിരീടം നിലനിർത്താൻ കേരളവും ബൂട്ടണിഞ്ഞ് ഇറങ്ങിക്കഴിഞ്ഞു. കണ്ണൂരിലെ ഫുട്ബോൾ ആരാധകരും ത്രില്ലിലാണ്. കേരള ടീമിന്റെ കോച്ച് വി.പി.ഷാജിയും വൈസ് ക്യാപ്റ്റൻ ഗോൾകീപ്പർ വി.മിഥുനും കണ്ണൂരിന്റെ മൈതാനങ്ങളിൽ കളിച്ചു വളർന്നവർ. ഫുട്ബോൾ ആവേശം കത്തിപ്പടരുന്പോൾ സന്തോഷ്ട്രോഫി ചാന്പ്യൻഷിപ്പുകളിൽ കേരളത്തിന്റെ ക്യാപ്റ്റൻമാരായ കണ്ണൂർ സ്വദേശികളെ പരിചയപ്പെടാം.