കൊച്ചി : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മലപ്പുറത്തുനിന്നുള്ള എസ്ബിടി സ്ട്രൈക്കർ പി. ഉസ്മാനാണ് ക്യാപ്റ്റൻ. യോഗ്യതാറൗണ്ട് കളിച്ച ടീമിൽനിന്ന് സ്ട്രൈക്കർ ഫിറോസടക്കം നാലു മാറ്റങ്ങൾ വരുത്തിയാണ് അന്തിമ ടീമിനെ കോച്ച് വി.പി. ഷാജി ഇന്നലെ പ്രഖ്യാപിച്ചത്. പരിചയസന്പന്നരായ ഷെറിൻ സാമും ജിജോ ജോസഫും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇവരെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ കെഎസ്ഇബിയുടെ നിഷോണ് സേവ്യർ, ഏജീസ് ഓഫീസ് താരം ജിപ്സണ് ജസ്റ്റിൻ എന്നിവരും 20 അംഗ ടീമിൽ ഇടം നേടി.ഫിറോസിനെ കൂടാതെ വി.കെ. ഷിബിൻലാൽ, അനന്തുമുരളി, നെറ്റോ ബെന്നി, ഹാരി ബേസണ് എന്നിവരാണ് അന്തിമ ടീമിൽ നിന്നു പുറത്തായത്. ഏറ്റവും മികച്ച 20 പേരെ തെരഞ്ഞെടുത്തപ്പോൾ നിലവിലെ പ്രകടനം മാത്രമാണ് കണക്കിലെടുത്തതെന്നും അതു പ്രകാരമാണ് ചിലരെ റിസർവ് ലിസ്റ്റിലേക്കു മാറ്റിയതെന്നും വി.പി. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു. യുവരക്തം നിറഞ്ഞ ടീമിന്റെ ശരാശരി പ്രായം 23 ആണ്.
ഗോവയിൽ മാർച്ച് 15 മുതൽ 25 വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. മഹാരാഷ്ട്ര, മിസോറം, റെയിൽവേസ്, പഞ്ചാബ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം. ശക്തമായ ടീമുകളടങ്ങിയ മരണഗ്രൂപ്പിൽ 15ന് റെയിൽവേസിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. 17ന് പഞ്ചാബുമായും 19ന് മിസോറാമുമായും 21ന് മഹാരാഷ്ട്രയുമായുമാണ് കേരളത്തിന്റെ മറ്റു മൽസരങ്ങൾ. രണ്ടു ഗ്രൂപ്പുകളായുള്ള മത്സരത്തിൽ ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിൽ ഇടംപിടിക്കുക. 23ന് സെമി ഫൈനലുകൾ ആരംഭിക്കും. 25നാണ് ഫൈനൽ.
മികച്ച പ്രകടനമാണ് ടീം ലക്ഷ്യമിടുന്നതെന്നും ആദ്യ കളിയിൽ തന്നെ റെയിൽവേസിനെ പോലെ കരുത്തരായ ടീമിനെ നേരിടേണ്ടി വരുന്നതിനെ നല്ല ചിന്തയോടെ സമീപിക്കാനാണ് തനിക്കിഷ്ടമെന്നും കോച്ച് വി.പി. ഷാജി പറഞ്ഞു. കരുത്തരെ എതിരിടുന്നതുകൊണ്ട് ആദ്യ കളിയും ഫൈനൽ പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അണ്ടർ 21 താരങ്ങളായി ടീമിലെത്തിയിരിക്കുന്ന അഞ്ചു താരങ്ങളെയും വിംഗ്, വിംഗ് ബാക്ക് പൊസിഷനുകളിൽ കളിപ്പിക്കാനാണ് സാധ്യത. അവരുടെ ഊർജസ്വലതയും വേഗതയും ടീമിനു മുതൽക്കൂട്ടാകുമെന്നാണ് പരിശീലകന്റെ പ്രതീക്ഷ.
ഇന്നു പുലർച്ചെ 5.10ന്റെ കൊച്ചുവേളി മുംബൈ ലോകമാന്യ തിലക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ടീം പുറപ്പെടും. ഗോവയിൽ സന്നാഹ മത്സരങ്ങൾ ലക്ഷ്യമിട്ടാണ് ടീം നേരത്തെ യാത്ര തിരിക്കുന്നത്. സഹ പരിശീലകരായ ഫിറോസ് ഷെരീഫ്, മിൽട്ടൻ ആന്റണി എന്നിവരും മാനേജർ ഗീവർഗീസും ടീമിനൊപ്പമുണ്ട്. അഞ്ചു തവണ സന്തോഷ് ട്രോഫി നേടിയ കേരളം ഒടുവിൽ ജേതാക്കളായത് 200405ൽ ഡൽഹിയിൽ നടന്ന ചാന്പ്യൻഷിപ്പിലാണ്.2013ൽ റണ്ണർ അപ്പ് ആയതാണ് അടുത്ത കാലത്തു സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ മികച്ച പ്രകടനം.
പത്രസമ്മേളനത്തിൽ കേരളാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ മേത്തർ, ജനറൽ സെക്രട്ടറി പി. അനിൽകുമാർ, ടീം മാനേജർ ഗീവർഗീസ്, ടിം സ്പോണ്സർമാരായ റാംകോ സിമന്റ്സ് ഭാരവാഹികളായ രമേഷ് ഭരത്, രഞ്ജിത്, ജയകുമാർ എന്നിവരും പങ്കെടുത്തു.
കേരള ടീം: പി. ഉസ്മാൻ (ക്യാപ്റ്റൻ), വി. മിഥുൻ, എം. ഹജ്മൽ, എസ്. മെൽബിൻ, എം. നജേഷ്, എസ്. ലിജോ, രാഹുൽ വി. രാജ്, കെ. നൗഷാദ്, വി.ജി. ശ്രീരാഗ്, നിഷോണ് സേവ്യർ, എസ്. സീസൻ, മുഹമ്മദ് പാറക്കോട്ടിൽ, ജിഷ്ണു ബാലകൃഷ്ണൻ, അസ്ഹറുദീൻ, ജിജോ ജോസഫ്, ജിപ്സണ് ജസ്റ്റിൻ, ഷെറിൻ സാം, ജോബി ജസ്റ്റിൻ, എൽദോസ് ജോർജ്, സഹൽ അബ്ദുൽ സമദ്.