തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ മന്ത്രിസഭാ തീരുമാനം. മാനേജർ, അസിസ്റ്റന്റ് പരിശീലകൻ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവർക്ക് ഒരു ലക്ഷം രൂപ വീതം നൽകും.
സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 11 പേർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സർക്കാർ ജോലി നൽകും. സന്തോഷ് ട്രോഫി ടീമിലെ കളിക്കാരിൽ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട് കാസർഗോഡ്) വീട് നിർമിച്ചു നൽകും.
ദേശീയ വോളിബോൾ ചാന്പ്യൻഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാർക്കും പരിശീലകനും 1.5 ലക്ഷം രൂപ വീതം നൽകും. മാനേജർക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നൽകും. വോളി ചാന്പ്യൻഷിപ്പ് നേടിയ ടീമിലെ സി.കെ. രതീഷിന് കിൻഫ്രയിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് നിയമനം നൽകാനും തീരുമാനിച്ചു.