“സഞ്ചാരം’ പരിപാടിയുടെ വ്യാജ സിഡി തനിക്ക് ഒരാൾ വിറ്റ അനുഭവം പങ്കുവച്ച് സന്തോഷ് ജോർജ് കുളങ്ങര.
സഫാരി ചാനലിലെ ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയിലായിരുന്നു സന്തോഷ് ജോർജിന്റെ വെളിപ്പെടുത്തൽ. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഒരാൾ വ്യാജ സിഡിയുമായി എത്തിയത്.
അനീഷ് പുന്നേൽ എന്നയാൾ ഇറക്കിയ സഞ്ചാരത്തിന്റെ സിഡിയാണിതെന്നാണ് വിൽക്കാൻ വന്നയാൾ തന്നോട് പറഞ്ഞത്. സിഡി വിൽക്കാൻ എത്തിയ ആൾക്ക് സന്തോഷ് ജോർജിനെ മനസിലായില്ല.
താൻ ആ സിഡി പണംകൊടുത്ത് വാങ്ങി വീട്ടിലെത്തി കണ്ടുവെന്നും അങ്ങനെയാണ് അത് തന്റേതാണെന്ന് ഉറപ്പിച്ചതെന്നും സന്തോഷ് ജോർജ് പറയുന്നു.
മാത്രമല്ല, വ്യാജ സിഡി വിറ്റതിന്റെ പേരിൽ താൻ ഇതുവരെ ആർക്കെതിരേയും പരാതി നൽകിയിട്ടില്ലെന്നും സഞ്ചാരത്തിൽ വ്യാജൻ ഇറക്കി അതിലൂടെ കുറെപ്പേർ ജീവിക്കുന്നുണ്ടേൽ അതിൽ പരം സന്തോഷം തനിക്കില്ലെന്നും സന്തോഷ് ജോർജ് പറയുന്നു.