ടി.ജി.ബൈജുനാഥ്
കോവിഡൊക്കെ പോയിട്ടു സിനിമ ചെയ്യാമെ ന്നു കരുതി കാത്തിരിക്കാൻ ഡോണ്‍ ഒരുക്കമായിരുന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ എങ്ങനെ സിനിമ ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് ഒരു കാറിനുള്ളിൽ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ സംഭവിക്കുന്നത്. ഈ സിനിമയിലെ സീനുകളെല്ലാം ഒരു കാറിനുള്ളിലാണ്.
ഒരൊറ്റ കാർ യാത്രയിൽ ഒന്നര മണിക്കൂറിലെ ഒറ്റ ഷോട്ടിൽ ഒരു സിനിമ! ശവം, വിത്ത്, മോസ്കോ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 1956 മധ്യതിരുവിതാംകൂർ എന്നീ സിനിമകൾക്കുശേഷം ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രമാണു ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’.
“ ഈ സിനിമയിൽ മൂന്നു കഥാപാത്രങ്ങൾ. അതിൽ രണ്ടു പേരുടെ കഥയാണു സിനിമ. കൊച്ചിയിൽ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഒന്നിച്ചു കഴിയുന്ന ഒരു കാമുകന്റെയും കാമുകിയുടെയും കഥ.
കപ്പിൾ ഡ്രാമ. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ആളുകളുടെ ബന്ധങ്ങളുടെ സ്വഭാവം, അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, സമൂഹവുമായി അവരുടെ ബന്ധം…അങ്ങനെയുള്ള കാര്യങ്ങൾ ഈ സിനിമയിൽ വരുന്നുണ്ട്.
ജിതിൻ പുത്തഞ്ചേരിയും റിമ കല്ലിങ്കലുമാണ് കാമുകനും കാമുകിയുമായി വരുന്നത്. മൂന്നാമത്തെ കഥാപാത്രമായി നീരജ രാജേന്ദ്രനും…” സംവിധായകൻ ഡോണ്‍ പാലത്തറ സംസാരിക്കുന്നു…
കാറിനുള്ളിൽ സിനിമ ചിത്രീകരിച്ചതിനു പിന്നിൽ…?
നേരത്തേ പലരും കാറിനുള്ളിൽ സിനിമ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതൊരു റിലേഷൻഷിപ്പ് ഡ്രാമയായതിനാൽ അതിന്റെ തീവ്രതയൊക്കെ ആ ചെറിയ ഇടത്തിൽ വളരെ നന്നായി വരുമെന്നു തോന്നി. കാമുകനും കാമുകിക്കും ഇരിക്കാനുള്ള ഇടമേയുള്ളൂ കാറിന്റെ മുൻസീറ്റിൽ.
ആ ഇടുങ്ങിയ ഇടത്തിൽ രണ്ടു ദിശകളിലേക്കു നോക്കിയിരിക്കുന്ന, രണ്ടു രീതിയിൽ ചിന്തിക്കുന്ന രണ്ടു പേരുടെ ക്ലാഷാണ് ഈ സിനിമ. ആ രണ്ടു കഥാപാത്രങ്ങളുടെ ആ ഒന്നര മണിക്കൂർ തന്നെയാണു നമ്മളും കാണുന്നത്.
അവർക്കിടയിലെ മൗനങ്ങളും വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളുമെല്ലാം കൃത്യമായി ആ ഒരു റിയൽ ടൈമിൽത്തന്നെ പ്രേക്ഷകരെ കാണിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. തീമുമായി ബന്ധമുള്ള ടൈറ്റിലാണ്. നിർമാണം ഷിജോ കെ. ജോർജ്.
ഒറ്റ ഷോട്ടിൽ സിനിമ ചെയ്തപ്പോൾ..?
ഒറ്റ ഷോട്ടിലായതിനാൽ ഈ സിനിയ്ക്ക് എഡിറ്ററില്ല. കാമറ ഓണാക്കി ഓഫാക്കുന്നതുവരെയുള്ള സമയത്തിനിടയ്ക്ക് ഉണ്ടായ കാര്യങ്ങളെല്ലാം അതുപോലെ പകർത്തുകയായിരുന്നു.
അതിൽ ഇനി മാറ്റങ്ങളില്ല. നല്ല ഷോട്ട് കിട്ടാൻ വേണ്ടി ഏഴു ടേക്ക് പോയി. ആ ഒന്നര മണിക്കൂർ നാടകത്തിലോ സ്റ്റേജിലോ പെർഫോം ചെയ്യുന്നതു പോലെ തുടർച്ചയായിത്തന്നെ അവർ അഭിനയിച്ചു.
സീനുകളെല്ലാം കാറിനുള്ളിൽ മാത്രമാണ്. കാറിനുള്ളിൽ മാത്രമാണു കാമറ. ഇടയ്ക്കു കഥാപാത്രങ്ങൾ പുറത്തിറങ്ങുന്നുണ്ട്. പക്ഷേ, അത് അങ്ങനെ കാണിക്കുന്നില്ല. അത് ആ രീതിയിലാണു ട്രീറ്റ് ചെയ്തിരിക്കുന്നത്.
കൃത്യമായ സ്ക്രിപ്റ്റും ഡയലോഗും
ഉണ്ടായിരുന്നോ…?
ചെറിയൊരു സ്ക്രിപ്റ്റുമായാണ് ഞങ്ങൾ ആദ്യത്തെ വർക്ക്ഷോപ്പിനു പോയത്. ആക്ടേഴ്സിനെ ഡയലോഗ് ഇംപ്രോവൈസേഷന് അനുവദിച്ചു.
ഒരുമാസമെടുത്ത് വികസിപ്പിച്ച കുറേക്കൂടി വലിയൊരു സ്ക്രിപ്റ്റിൽ അഭിനേതാക്കളെ ഉൾപ്പെടുത്തി ഏഴു ദിവസം വീണ്ടും വർക്ക് ചെയ്തു. അവർ റെഡിയായെന്നു തോന്നിയപ്പോഴാണ് ഷൂട്ടിംഗിലേക്കു കടന്നത്. കളമശേരി, കാക്കനാട് പ്രദേശങ്ങളിലായിരുന്നു ഷൂട്ടിംഗ്.
റിമയിലേക്ക് എത്തിയത് എങ്ങനെയാണ്….?
എന്റെ ഷൂട്ടിംഗിനു നമ്മൾ ആവശ്യപ്പെടുന്ന ചില രീതികളുണ്ട്. മിനിമലായിരിക്കണം. അതു സിനിമയുടെ മറ്റു കാര്യങ്ങളെ ബാധിക്കരുത്.
ഒരാൾക്കു സ്പെഷൽ ട്രീറ്റ്മെന്റ് കൊടുത്തുകൊണ്ട് ബാക്കിയെല്ലാവരെയും വേറൊരു രീതിയിൽ കാണുന്ന തരത്തിൽ ഉച്ചനീചത്വങ്ങളൊന്നും സെറ്റിൽ പാടില്ല. അത്തരം കാര്യങ്ങളിലെല്ലാം ഓകെ ആയി തോന്നിയ ഒരാളായിരുന്നു റിമ.
റിമയോടു കഥ പറഞ്ഞു. ഞാൻ മുന്‍പു ചെയ്ത സിനിമകൾ കാണിച്ചു. റിമയ്ക്കും ഇത്തരം കാര്യങ്ങളൊക്കെ ഓകെ ആയിരുന്നു. വളരെ പ്രഫഷണലാണ് റിമ. തന്നിൽ നിന്നു പ്രതീക്ഷിക്കുന്നതിനപ്പുറം തരാൻ ശ്രമിക്കുന്ന അഭിനേത്രി.
വേറെയൊരാളുടെ സിനിമയിൽ പോയി അഭിനയിച്ചു വരുന്നു എന്നതിനപ്പുറം ഒന്നിച്ചു ചെയ്യുന്ന ഒരു പ്രോജക്ട്, അത് ഏറ്റെടുത്തു നന്നായി ചെയ്യുക എന്നതായിരുന്നു റിമയുടെ രീതി.
ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിൻ പുത്തഞ്ചേരി ഈ സിനിമയിലേക്ക് എത്തിയത്…?
ഇടയ്ക്ക് എന്റെ സുഹൃത്തുക്കൾക്കൊപ്പം വേറൊരു സിനിമ പ്ലാൻ ചെയ്തിരുന്നു. കോവിഡ് കാരണം അതു നടന്നില്ല. ഞാൻ ആ സിനിമയുടെ ഭാഗമായിരുന്നു. അതിലെ ഒരു റോളിനു വേണ്ടിയാണ് ജിതിനെ ആദ്യം ഓഡിഷൻ ചെയ്ത ത്.
ഓഡിഷനിൽ തെരഞ്ഞെടുത്തശേഷമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണെന്ന് അറിഞ്ഞത്. വളരെ കഴിവുള്ള കലാകാരനെന്നു മനസിലാക്കിയിട്ടാണ് ജിതിനെ ഇതിലേക്കു വിളിച്ചത്.
ജിതിൻ മുന്‍പും സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു മുഴുനീള ചിത്രം ഇപ്പോഴാണു ചെയ്യുന്നതെന്നു മാത്രം. നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന രീതിയിൽ ഞാൻ വളരെ കംഫർട്ടബിളായിരുന്നു. നമുക്കു വേണ്ടതിനപ്പുറം തരാൻ ശ്രമിക്കുന്ന ഒരാക്ടറാണ്.
ഓരോ ദിവസത്തെയും വർക്ക്ഷോപ്പ് കഴിഞ്ഞപ്പോൾ ഇനി എന്താണ് ഇംപ്രൂവ് ചെയ്യേണ്ടതെന്നും തിരുത്തേണ്ടതെന്നും ചോദിച്ചുകൊണ്ടിരുന്ന, വളരണമെന്ന് ഏറെ ആഗ്രഹമുള്ള ഒരു നടനാണു ജിതിൻ.
നീരജ രാജേന്ദ്രന്റെ കഥാപാത്രത്തെക്കുറിച്ച്…?
കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുന്ന ആളാണു നീരജയുടെ കഥാപാത്രം. കഥയിൽ പ്രാധാന്യമുള്ള വേഷം. കാമുകിയുടെയും കാമുകന്റെയും പുറംലോകവുമായുള്ള ഇടപെടൽ കാണിക്കാനായി വന്നിരിക്കുന്ന കഥാപാത്രം.
ആ റോളിനു പറ്റിയ ഒരാളെ തേടിയപ്പോഴാണ് ഈ സിനിമയിൽ അസിസ്റ്റ് ചെയ്യുന്ന അർച്ചന പദ്മിനി നീരജചേച്ചിയുടെ പേരു നിർദേശിച്ചത്.
കഥാപാത്രത്തിനു ചേർന്ന പ്രായമായിരിക്കണം, എറണാകുളത്തു താമസിക്കുന്ന ആളാവണം, ആ സമയത്ത് ഓടിനടന്ന് അഭിനയിക്കുന്ന ആളാകരുത് എന്നൊക്കെയുണ്ടായിരുന്നു. ചേച്ചി ആ സമയത്തു കൂടുതലും വീട്ടിൽത്തന്നെ ആയിരുന്നു.
രണ്ടു ദിവസത്തെ വർക്ക്ഷോപ്പ് കഴിഞ്ഞതോടെ നമുക്കു വേണ്ട കഥാപാത്രത്തെ ചേച്ചിയിൽ നിന്നു കിട്ടുമെന്നു മനസിലായി.
സാങ്കേതികവിഭാഗത്തെക്കുറിച്ച്…?
ഛായാഗ്രഹണം സജി ബാബു. അസോസിയേറ്റ് കാമാറാമാൻ ജെൻസണ് ടി.എക്സ്. ലൊക്കേഷൻ സൗണ്ട് ആദർശ് ജോസഫ് പാലമറ്റം. സംഗീത സംവിധാനം ബേസിൽ സി.ജെ. സൗണ്ട് ഡിസൈൻ അരുണ്‍ വർമ. സൗണ്ട് മിക്സിംഗ് ഡാൻ ജോസ്. സഹസംവിധായകർ അർച്ചന പദ്മിനി, അംശുനാഥ് രാധാകൃഷ്ണൻ. പോസ്റ്റർ ഡിസൈൻ ദിലീപ് ദാസ്. കോസ്റ്റ്യൂംസ് സ്വപ്ന റോയി. സ്ക്രിപ്റ്റ് കൺസൾട്ടിംഗ്, ലിറിക്സ് ഷെറിൻ കാതറിൻ.
ഇത്തവണ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു കളറിലേക്കു മാറുകയാണല്ലോ?
മുന്‍പു ചെയ്ത സിനിമകളൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റായിരുന്നു.പക്ഷേ, ഡീപ്പ് ഫോക്കസും വൈഡ് ആംഗിൾ കാമറയുമൊക്കെ ശ്രദ്ധിച്ചിരുന്നു.
കൂടുതൽ റിയലിസം കൊണ്ടുവരുന്നതിനും സാന്പത്തിക പരിമിതികൾ മറികടക്കാനുമായിരുന്നു അത്. ഈ സിനിമ കളറിലാണ്. കളറിൽത്തന്നെ ഒരു പ്രത്യേക ടോണ്‍ ആണ് എടുത്തിട്ടുള്ളത്.
കാറിന്റെ ഉൾവശം, ആളുകളുടെ വസ്ത്രവിധാനം, പുറത്തു കൂടുതൽ കാണാൻ സാധ്യതയുള്ള നിറങ്ങൾ എന്നിവയൊക്കെ നോക്കി ഓരോ എലമെന്റും ആ ടോണിനോടു ചേർന്നുനിൽക്കുന്ന രീതിയിലാണു സെറ്റ് ചെയ്തിട്ടുള്ളത്. സംസ്ഥാനപുരസ്കാരം നേടിയ ലിജു പ്രഭാകറാണ് ഇതിന്റെ കളറിസ്റ്റ്.
മേക്കിംഗിലെ വെല്ലുവിളി…?
കോവിഡ് തന്നെയായിരുന്നു പ്രധാന വെല്ലുവിളി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷൂട്ടിംഗ്. കാസ്റ്റും ക്രൂവും ഉൾപ്പടെ 10 പേരിൽ താഴയെ ഉണ്ടായിരുന്നുള്ളൂ.
ഒന്നര മണിക്കൂർ നേരം ഡയലോഗുകൾ ഓർത്തുവച്ചു പറയുക എന്നുള്ളത് അഭിനേതാക്കൾക്കു ചലഞ്ചാകുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, അവരൊക്കെ ടാലന്റഡാണ്. വളരെ എളുപ്പത്തിൽ ഡയലോഗ് പഠിച്ചു. ഉദ്ദേശിച്ച സമയത്തിനുള്ളിൽ ഷൂട്ടിംഗ് തീർക്കാനുമായി.