തിരുവനന്തപുരം: ബൈക്ക് റോഡ് സൈഡിലെ കുഴിയിലേക്ക് തെന്നി വീണ് പോലീസുകാരൻ മരിച്ചു. വിതുര സ്റ്റേഷനിലെ സി പി ഒ വിനോബാനികേതൻ കീഴ്പാലൂര്‍ സന്തോഷ് ഭവനിൽ സന്തോഷ്കുമാർ (40)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഇദ്ദേഹത്തെ ചെറ്റച്ചൽ – ചായം റൂട്ടിലെ ദർഭ എന്ന സ്ഥലത്ത് റോഡ് വശത്തെ കുഴിയിലേക്ക് വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വിതുര പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ വിതുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് സഹപ്രവർത്തകരോട് ഇദ്ദേഹം സംസാരിച്ചിരുന്നു. ചികിത്സയിലിരിക്കെ പൾസ് കുറഞ്ഞതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി കഴിഞ്ഞ് ഇദ്ദേഹം സുഹൃത്തുക്കളെ കാണാൻ പോയിരുന്നു. മടങ്ങി വരും വഴി രാത്രിയിൽ അപകടം സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ബൈക്ക് അപകടം നടന്ന സ്ഥലം അപകടകരമായ വളവ് ഉള്ള മേഖലയാണ്. ഇവിടെ നിരവധി പേർ അപകടത്തിൽ മരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിതുര പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സന്തോഷ്കുമാറിന്റെ ഭാര്യ- ശ്രീജ. മൂന്ന് കുട്ടികളുണ്ട്.