മൂന്നാർ: പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകൾ ശേഖരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നാർ നല്ലതണ്ണി ആറുമുറി ലയത്തിൽ സന്തോഷ് (27) ആണ് പിടിയിലായത്.
മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സാപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്.
കഴിഞ്ഞ ആഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്എച്ച്ഒ മനേഷ് കെ. പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.
സന്തോഷ് പെണ്‍കുട്ടിയെ പ്രണയംനടിച്ച് ബന്ധം സ്ഥാപിച്ചശേഷം വീഡിയോ കോൾ ചെയ്ത് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു.
ഇതിനിടെ പെണ്‍കുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരമറിഞ്ഞ് സന്തോഷ് തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു.
ആ യുവാവ് ഈ ചിത്രങ്ങൾ പെണ്‍കുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് പോലീസിന് പരാതി നൽകിയത്.
പെണ്‍കുട്ടിയുടേയും പ്രതിയുടേയും ഫോണുകളിലെ ചാറ്റുകളും ചിത്രങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചില തെളിവുകൾകൂടി ലഭിച്ചാൽ സംഭവത്തിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
എസ്ഐ കെ.ഡി. മണിയൻ, എഎസ്ഐ സജി എം. ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.