കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രവാസികളോടെ മോശമായി പെരുമാറുന്നവർക്കെതിരേ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
പ്രവാസികൾ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളർച്ചയും വിജയവും നന്പർ വണ്‍ സ്ഥാനവും എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കേരളത്തിൽ പ്രളയം വരുന്പോഴും ചിലർക്ക് രോഗങ്ങൾ വരുന്പോഴെല്ലാം വലിയ രീതിയിൽ അവർ സഹായിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം എത്രപെട്ടെന്നാണ് മറക്കുന്നതെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ;
കൊറോണാ വന്നത് മുതൽ പലർക്കും പ്രവാസികൾ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായി പലരും പറയുന്നു.
യഥാർഥത്തിൽ വിദേശത്ത് മണലാരണ്യത്തിൽ പോയി ചുട്ടുപൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവൻ പുരോഗതിയും ഉണ്ടായത്. പ്രവാസികൾ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളർച്ചയും വിജയവും നന്പർ വണ്‍ സ്ഥാനവും.
കേരളത്തിൽ പ്രളയം വരുന്പോഴും ചിലർക്ക് വലിയ രോഗം വരുന്പോഴും ഈ പ്രവാസികൾ എത്രയോ തുക എത്രയോ പേർക്ക് അയച്ചുകൊടുത്തു. അതെല്ലാം പല മഹാൻമാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികൾ ചെയ്ത അത്രയും ചാരിറ്റി കേരളത്തിൽ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..
ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികൾ കത്തിച്ച് നിർമിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിംഗ് മാളുകളും ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പിൽ നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.
ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടിക്കണക്കിന് രൂപയാണ്. ഒരു കൊറോണ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട…
ഒരു കൊറോണ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായി അല്ലേ ? നിലവിൽ വിദേശത്ത് നിന്നും വന്നവരെ “കൊറോണാ..കൊറോണാ..’ എന്നും വിളിച്ച് കളിയാക്കുന്നു ചിലർ..കഷ്ടം…