തിരുവില്വാമല: ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുന്‍പുവരെ സ്വകാര്യബസിലെ കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഷാനവാസും സന്തോഷും. പൊതുഗതാഗതം നിലച്ചതോടെ ജീവിതം വഴിമുട്ടി, വരുമാനം നിലച്ചപ്പോൾ ഓട്ടം തുടരാൻ പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടുപേരും വഴിയോര കച്ചവടക്കാരായി.
ഷാനവാസ് ചേലക്കര അന്തിമഹാകാളൻകാവ് സ്വദേശിയാണ്. ഭാര്യയും വിദ്യാർഥികളായ മൂന്നു മക്കളും അമ്മയും മുത്തച്ഛനുമടക്കം ഏഴംഗ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഷാന വാസ്.
ലോക്ക് ഡൗണ്‍ രണ്ടാംഘട്ടം പ്രഖ്യാപിച്ചതും പൊതുഗതാഗതം ഉടനുണ്ടാവില്ലെന്നും തിരിച്ചറിവും പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. സിനിമാകഥപോലെ കൂട്ടുകാരനും ബസിലെ ഡ്രൈവറുമായ സന്തോഷുമായി ചേർന്ന് തിരുവില്വാമല എസ്.എം. കല്യാണമണ്ഡപത്തിനു സമീപം തായമ്മ ടെക്സ്റ്റയിൽസിനു മുന്നിൽ റോഡരികിൽ പച്ചക്കറി കച്ചവടം തുടങ്ങി.
സന്തോഷിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. രണ്ടു കുടുംബങ്ങളിലെ 11 പേർ ഈ കച്ചവടംകൊണ്ടാണ് ലോക്ക് ഡൗണ്‍ കാലത്ത് ഉപജീവനം കഴിക്കുന്നത്.
കച്ചവടത്തിൽ നേരത്തെ പരിചയമൊന്നുമില്ല രണ്ടുപേർക്കും. വർഷങ്ങളായി ചെയ്യുന്ന തൊഴിൽ നഷ്ടപ്പെട്ട് എല്ലാം സ്തംഭിച്ചപ്പോൾ കൂലിപ്പണിക്കും പോകാൻ പറ്റാതായി.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നത്. അതുകൊണ്ടാണു പച്ചക്കറി കച്ചവടം തുടങ്ങാൻ തീരുമാനിച്ചത്. ഇപ്പോൾ തങ്ങൾക്കുജീവിക്കാനുള്ളത് ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
ചേലക്കര, കളപ്പാറ, പൊട്ടൻകോട് എന്നിവിടങ്ങളിലെ കർഷകരിൽനിന്നു നേരിട്ടാണ് പച്ചക്കറി സംഭരിക്കുന്നത്. തൃശൂർ – തിരുവില്വാമല – ഒറ്റപ്പാലം ബസിലെ ജീവനക്കാരായ ഇവർക്കു പൊതുഗതാഗതത്തിനു അനുമതി ലഭിച്ചാലും ബസ് എന്ന് ഓടിതുടങ്ങുമെന്നു വ്യക്തതയില്ല. ആയതിനാൽ കുടുംബത്തിന്റെ ഏക വരുമാനം ഈ കച്ചവടമാണ്.