ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ഫുട്ബോളിൽ കരുത്തർ ആരെന്ന് ഇന്നറിയാം. 78-ാമത് സന്തോഷ് ട്രോഫിക്കായുള്ള കലാശപോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോളിലെ ശക്തി കേന്ദ്രങ്ങളായ കേരളവും പശ്ചിമ ബംഗാളും ഇന്ന് ഏറ്റുമുട്ടും. ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ പോരാട്ടത്തിന്റെ കിക്കോഫ്.
സന്തോഷ് ട്രോഫി ചരിത്രത്തിലെതന്നെ കേരളത്തിന്റെ ഏറ്റവും വലിയ വൈരികളാണ് പശ്ചിമ ബംഗാൾ. ദേശീയ ചാന്പ്യൻഷിപ്പിന്റെ പോരാട്ടത്തിൽ ഇരു സംസ്ഥാനങ്ങളും പുതുമുഖങ്ങളുമല്ല. ബംഗാളിന്റെ 47-ാമത്തെ ഫൈനലാണ്.
കേരളത്തിന്റെ 16-ാമത്തെയും. ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളാണ് കേരളവും ബംഗാളും. പത്ത് കളിയിൽ ഒന്പത് മത്സരം വീതം ജയിച്ചപ്പോൾ ഒരു സമനില വീതവും നേടി. സന്തോഷ് ട്രോഫിയിലെ മുടിചൂടാമന്നന്മാരായ ബംഗാൾ 32 തവണ ജേതാക്കളായപ്പോൾ കേരളം ഏഴു തവണയും കിരീടമുയർത്തി.