വിഴിഞ്ഞം: കടലിൽ കാണാതായ സന്തോഷിനുവേണ്ടിയുള്ള കാത്തിരിപ്പിന് ഇന്ന് 25 ദിവസം പൂർത്തിയാകും. പുല്ലുവിള ഇരയീമ്മൻ തുറവർഗീസിന്റെ മകൻ സന്തോഷിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വീട്ടുകാർ.
സന്തോഷിനൊപ്പം കടലിൽ കാണാതായ മൂന്നു പേരുടെ ചേതനയറ്റ ശരീരങ്ങൾ ലഭിച്ചെങ്കിലും സന്തോഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല
.കഴിഞ്ഞ മാസം 17 ന് വൈകുന്നേരമാണ് പുല്ലുവിള സ്വദേശിയായ സന്തോഷിനെയും സുഹൃത്തുക്കളായ ജോൺസൺ, സാബു, മനു എന്നിവരെ കടൽത്തിരയുടെ രൂപത്തിൽ വിധി തട്ടിയെടുത്തത്.
ഉപരിപഠനത്തിന് ലണ്ടനിലേക്ക് പോകുന്നതിന് മുൻപ്സുഹൃത്ത്ക്കളുമായുള്ള ജോൺസന്റെ ആഴിമല കടൽക്കരയിലെ ഒത്തുകൂടൽ ചെന്നെത്തിയത് നാല് കുടുംബത്തിന്റെ തീരാനഷ്ടത്തിലേക്കായിരുന്നു.
ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം ബാക്കിയാക്കി യാത്രയായ ജോൺസനെയും മനുവിനെയും 18 ന് തന്നെ കണ്ടെത്തി.
എന്നാൽ കോവിഡ് പിടിപെട്ടെന്ന് കണ്ടതോടെ മനുവിന്റെ മുഖം അവസാനമൊന്ന് കാണാനുള്ള ഭാഗ്യം പോലും വീട്ടുകാർക്കും ബന്ധുക്കൾക്കുമുണ്ടായില്ല.സംഭവം നടന്ന് മുന്നാം നാൾ സാബുവിനെയും കണ്ടെത്തിയെങ്കിലും സന്തോഷ് മാത്രം കടലിൽ അവശേഷിച്ചു.
മത്സ്യത്തൊഴിലാളികളും വിഴിഞ്ഞത്തെ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ദിവസങ്ങളോളം കടൽ മുഴുവനും അരിച്ച് പെറുക്കി.
ഒടുവിൽആഴിമലക്കടലിന്റെ അടിത്തട്ടിലെ പാറക്കൂട്ടങ്ങളിൽ സന്തോഷ്കുടുങ്ങിയിരിക്കാമെന്ന വിശ്വാസത്തിൽ എത്തിയ അന്വേഷകർ തിരച്ചിലും അവസാനിപ്പിച്ചു.