ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡും ലോക്ക് ഡൗണും മൂലം ദിവസക്കൂലിക്കാരും ഇതര സംസ്ഥാന, കർഷക, ഫാക്ടറി തൊഴിലാളികളും അടക്കം രാജ്യത്തെ 55 പേർ ദുരിതത്തിലായ പ്രതിസന്ധിയിൽ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാറിന് മിണ്ടാട്ടമില്ല.
ജോലിയും കൂലിയും സംരക്ഷണവുമില്ലാതെ നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി സ്വന്തം നാട്ടിലേക്കു പലായനം ചെയ്ത അന്പതിലേറെ പേരുടെ ജീവൻ റോഡുകളിൽ പൊലിഞ്ഞിട്ടും സജീവ ആർഎസ്എസുകാരൻ കൂടിയായ തൊഴിൽമന്ത്രിയെ കാണാനായില്ല!
രാജ്യത്തെ എട്ടു കോടിയിലേറെ വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ രണ്ടു മാസത്തോളമായി കൊടിയ ദുരിതത്തിലാണ്. മാർച്ച് 25നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകെ ലോക്ക് ഡൗണ് പ്രഖ്യാപിച്ചിട്ട് 56 ദിവസം പിന്നിട്ടിട്ടും ഇതരസംസ്ഥാന തൊഴിലാളികൾ അഭയവും സംരക്ഷണവുമില്ലാതെ ഇപ്പോഴും തെരുവുകളിലാണ്.
പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ചില കേന്ദ്ര സർക്കാർ വകുപ്പുകളുടെയും ട്വിറ്റർ സന്ദേശങ്ങൾ റീട്വീറ്റു ചെയ്യുന്നതിൽ ഒതുങ്ങുകയായിരുന്നു പ്രധാനമായും തൊഴിൽമന്ത്രിയുടെ പ്രതികരണം.
യുപിയിലെ റോഡപകടത്തിൽ 26 ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടപ്പോൾ അതിൽ ഖേദം പ്രകടിപ്പിച്ച് ഹിന്ദിയിൽ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിനു പുറത്ത്, പ്രസ്താവനകളിറക്കാനോ, പത്രസമ്മേളനം നടത്തി തൊഴിലാളികൾക്ക് ആശ്വാസവാക്കുകളെങ്കിലും പറയാനോ പോലും തൊഴിൽമന്ത്രി തയാറായിട്ടില്ല.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് ബിജെപി ഭരിക്കുന്ന യുപി, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് തൊഴിലാളികളുടെ ഉള്ള അവകാശങ്ങൾ കൂടി ഇല്ലാതാക്കിയപ്പോഴും കേന്ദ്ര തൊഴിൽമന്ത്രി മൗനം തുടർന്നു.
തൊഴിൽ നിയമ ഭേദഗതിക്കെതിരേ പ്രതിപക്ഷത്തിന്റെ രൂക്ഷമായ ആക്രമണമുണ്ടായപ്പോഴും മന്ത്രി മൗനം പാലിച്ചു. ആർഎസ്എസിന്റെ തൊഴിലാളി സംഘടന പോലും നിയമഭേദഗതിക്കെതിരേ വിമർശനം ഉന്നയിച്ചപ്പോഴും മന്ത്രിക്കു വിശദീകരണമില്ലായിരുന്നു.
മേയ് 17ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ തൊഴിലില്ലായ്മ 24 ശതമാനം ആയി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ)യുടെ പുതിയ റിപ്പോർട്ട് പറയുന്നു.
ഏപ്രിൽ 26ന് അവസാനിച്ച ആഴ്ചയിലും അതിനു തൊട്ടുമുന്പിലും തൊഴിലില്ലായ്മ നിരക്ക് 35.4 മുതൽ 38.8 ശതമാനം വരെയായിരുന്നു.
ലോകബാങ്കിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ വിവിധ മേഖലകളിലായി 15 വയസിനു മുകളിലുള്ള 52 കോടി തൊഴിലാളികളുണ്ട്. 2019ൽ 51,94,69,299 പേരായിരുന്നു തൊഴിലാളികളുടെ വിഭാഗത്തിൽ ഉണ്ടായിരുന്നത്.
ബിജെപിയുടെ തലമുതിർന്ന നേതാവും എട്ടു തവണ ബറേലിയിൽ നിന്ന് എംപിയുമായ സന്തോഷ് ഗാംഗ്വാറിനെ മോദി സാവധാനം ഒതുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. 2016 ജൂലൈയിൽ സ്വതന്ത്ര ചുമതലയുള്ള ടെക്സ്റ്റൈൽ മന്ത്രിയായിരുന്ന സന്തോഷിനെ ധനമന്ത്രാലയത്തിലെ മറ്റൊരു സഹമന്ത്രിയായി മോദി തരംതാഴ്ത്തിയിരുന്നു. വാജ്പേയി മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്ന നേതാവിനെയാണു 17 വർഷം കഴിഞ്ഞ് അതേ തസ്തിക നൽകി അപമാനിച്ചത്.
പിന്നീട് 14 മാസം കഴിഞ്ഞ് 2017 സെപ്റ്റംബറിലാണ് തൊഴിൽ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചെത്തിയ സന്തോഷിനു വകുപ്പു നിലനിർത്തികിട്ടിയെങ്കിലും കാബിനറ്റ് പദവി നിഷേധിച്ചു.