20 വർഷങ്ങൾക്കു മുന്പ് പൂർണമായും ഇന്ത്യക്ക് അപ്രസക്തമായ കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിച്ചത് സാൻട്രോയിലൂടെയാണ്. കമ്പനിയുടെ ആദ്യ ഇന്ത്യൻ വാഹനം എന്ന പേരിലെത്തിയ സാൻട്രോ വിപണിയിൽനിന്നു പിൻവലിക്കുന്നതുവരെ ജനപ്രിയ മോഡലായി കുതിക്കുകയും ചെയ്തിരുന്നു. ആ ജനപ്രിയതയാണ് വീണ്ടും സാൻട്രോയെ അടിമുടി മാറ്റത്തോടെ അവതരിപ്പിക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്. ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലുകളായ ഇയോണിനും ഐ10നും ഇടയിലാണ് സാൻട്രോയുടെ സ്ഥാനം.
പുതിയ പ്ലാറ്റ്ഫോം: കെ1 എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്ഫോമിലാണ് പുതിയ സാൻട്രോയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഐ10ന്റെ പ്ലാറ്റ്ഫോം ചെറുതായൊന്നു പരിഷ്കരിച്ചതാണിത്.
വലുപ്പം കുടുതൽ: പഴയ സാൻട്രോയുമായി താരതമ്യപ്പെടുത്തിയാൽ പുതിയതിന് 45എംഎം നീളവും 120എംഎം വീതിയും 20 എംഎം വീൽബേസും കൂടുതലാണ്. ടോൾ ബോയി ഡിസൈനിൽ 30എംഎം ഉയരവും അധികമായുണ്ട്.
യുവത്വം തുളുന്പുന്നു: യുവത്വം തുളുന്പുന്ന തരത്തിലുള്ള ഡിസൈൻ ആയതിനാൽ ആരെയും ആകർഷിക്കും. പഴയ സാൻട്രോ വിപണിയിൽനിന്ന് പിൻവലിച്ചപ്പോൾ ഐ10ന് വിപണി പിടിക്കാനായി. പുതിയ മോഡൽ എത്തയതോടെ ഐ10-സാൻട്രോ മത്സരം ഉണ്ടാകുമെന്ന് തീർച്ച.
ഉള്ളിൽ എന്തെങ്കിലും?: കൂടുതൽ സ്പേസുള്ള കാബിൻ. കൂടാതെ ഒരു ബജറ്റ് കാറിൽനിന്ന് വിഭിന്നമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഡാഷ്ബോർഡ്, എസി വെന്റുകൾ, ഡോർ പാഡുകൾ, തടിച്ച സ്റ്റിയറിംഗ്, സ്പോർട്ടി ഡയലുകൾ, പവർവിൻഡോ സ്വിച്ചുകൾ, ലെതർ ഗിയർ ലിവർ തുടങ്ങിയവയെല്ലാം വാഹനത്തിന്റെ ഇന്റീരിയറിന് പ്രീമിയം ലുക്ക് നല്കുന്നു. കൂടാതെ, ഓൺബോർഡ് നാവിഗേഷനുള്ള 7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ സാൻട്രോയിലുണ്ട്. ഡ്രൈവർ സീറ്റിന് ഉയരമുള്ളതിനാൽ കാഴ്ച കൂടുതൽ എളുപ്പമാകും.
സുരക്ഷയ്ക്ക് എയർബാഗുകൾ: സ്റ്റാൻഡാർഡ് മോഡൽ മുതൽ ഡ്രൈവർ സൈഡ് എയർബാഗ് നല്കുന്നുണ്ട്. എന്നാൽ, ടോപ് വേരിയന്റിൽ മാത്രമേ രണ്ട് എയർബാഗുള്ളൂ. അതായത്, എഎംടി വേരിയന്റിൽ രണ്ട് എയർ ബാഗ് ഉണ്ടാകില്ല.
എൻജിൻ: 1,086 സിസി പെട്രോൾ എൻജിൻ (എപ്സിലോൺ എൻജിൻ പരിഷ്കരിച്ചത്) 69 പിഎസ് പവറിൽ 99 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാന്വൽ, 5 സ്പീഡ് എഎംടി ടാൻസ്മിഷൻ. രണ്ട് എൻജിനുകളിലും ഇന്ധനക്ഷമത 20.3 കിലോമീറ്റർ.
വില: 3.89 ലക്ഷം രൂപ (എക്സ് ഷോറൂം)
ഓട്ടോസ്പോട്ട്/ ഐബി
[email protected]