പനാജി: ആദ്യപകുതിയില്‍ ജിഎംസി സ്റ്റേഡിയത്തില്‍ ഗോവന്‍ കാര്‍ണിവല്‍ അരങ്ങേറിയപ്പോള്‍ ഫൈനല്‍ സ്വപ്നവുമായി കളത്തിലിറങ്ങിയ കേരളത്തിന്റെ നെഞ്ചിലേക്ക് ഇരട്ട പ്രഹരം സമ്മാനിച്ച് ഗോവ ഫൈനലില്‍ . സന്തോഷ് ട്രോഫി സെമിയില്‍ സ്വന്തം കളിത്തട്ടില്‍ കേരളത്തിനെതിരേ പോരാട്ടത്തിനിറങ്ങിയ ഗോവ 2-1ന് ജയിച്ചാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗോവ ബംഗാളിനെ നേരിടും.മിസോറാമിനെ പരാജ യപ്പെടുത്തിയാണ് ബംഗാൾ ഫൈനലിലെത്തിയത്. ഒന്നാം പകുതിയിലെ മങ്ങിയ പ്രകടനവും പ്രതിരോധത്തിലെ പിഴവുമാണ് കേരളത്തിനുണ്ടായ പരാജയത്തിന്റെ പ്രധാന കാരണം.
ആദ്യപകുതി ഗോവൻ കാർണിവൽ
കേരളത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു കളി ആരംഭിച്ചത്. എന്നാൽ, പതിയെ കളി ഗോവൻ വശത്തേക്കു ചാഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവച്ച അസ്ഹറുദ്ദീന് ഇടതു വിംഗിലൂടെ മിന്നല്‍പ്പോലെ നടത്തിയ രണ്ടു മുന്നേറ്റങ്ങള്‍ ആദ്യ അഞ്ചു മിനിറ്റിനുളളില്‍ നടന്നു. രണ്ടു തവണ ഗോവന്‍ ഗോള്‍മുഖത്തേക്ക് അസ്ഹറുദ്ദീന് പന്ത് പായിച്ചു.
എന്നാല്‍ മത്സരം ആരംഭിച്ച് ഏഴു മിനിറ്റ് പിന്നിട്ടതോടെ ഗോവ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കാണികളുടെ ആര്‍പ്പുവിളികള്‍ ഗോവന്‍ പടയ്ക്ക് ആവേശമായി. എണ്ണയിട്ട യന്ത്രം പോലെ ഗോവയുടെ തുടര്‍ച്ചയായ ആക്രമണം. ഇടതു വലതു വിംഗുകളില്‍ മാറിമാറിയുള്ള ശക്തമായ മുന്നേറ്റങ്ങള്‍ പരീക്ഷിച്ചു. തുടര്‍ച്ചയായ ഗോവന്‍ ആക്രമണം ആദ്യ ഗോള്‍ ഗോവയ്ക്ക് സമ്മാനിച്ചത് 14-ാം മിനിറ്റില്‍ .
മൈതാനത്തിന്റെ ഇടതു വിംഗില്‍ കേരളത്തിന്റെ പക്കൽ നിന്നും സ്വന്തമാക്കിയ പന്തുമായി മുന്നേറിയ റെയ്മലെണ്ട് നല്കിയ പാസ് കൃത്യമായി ലിസ്റ്റണ്‍ കൊളാസോയുടെ കാലുകളില്‍. പോസ്റ്റില്‍ നിന്നും മുന്നിലേക്കു കയറി നിന്ന കേരളാ ഗോളി മിഥുനെ മറികടന്ന് കൊളാസോയുടെ ഷോട്ട് കേരളത്തിന്റെ വല കുലുക്കി.
ഗോവ ഒരു ഗോളിനു മുന്നില്‍ എത്തിയതോടെ കേരളത്തിന്റെ യുവതാരങ്ങളായ അസ്ഹറുദ്ദീനും സഹല്‍ അബ്ദുള്‍ സമദും സമനിലയ്ക്കായി പൊരുതി. 20-ാം മിനിറ്റില്‍ കേരളത്തിന് ആദ്യ കോര്‍ണര്‍. ജിഷ്ണു ബാലകൃഷ്ണന് എടുത്ത കിക്ക് ഗോവന്‍ താരം ഹെഡ് ചെയ്ത് അപകടം ഒഴിവാക്കി. എന്നാല്‍ പന്ത് വീണ്ടും ജിഷ്ണുവിന്റെ കാലുകളില്‍. ലോംഗ് റേഞ്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. തുടര്‍ന്ന് ഗോവ അതി ശക്തമായ മുന്നേറ്റങ്ങള്‍ നടത്തി.
30-ാം മിനിറ്റില്‍ ഗോവ ഗോളെന്നുറപ്പിച്ച ഷോട്ട് രാഹുല്‍ രാജാണ് രക്ഷപ്പെടുത്തിത്.
കേരളം വീണ്ടും ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. 31,35 മിനിറ്റുകളില്‍ കേരളത്തിനു ലഭിച്ച കോര്‍ണറുകള്‍ ഒന്നും ഗോളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. കേരളത്തിന്റെ മുന്നേറ്റത്തിന് ആഘാതം സമ്മാനിച്ച് തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും ഗോവ കേരളത്തിന്റെ കേരള വല കുലുക്കി.
വലതുവിംഗില്‍ക്കൂടി പന്തുമായി ഒറ്റയ്ക്ക് മുന്നേറിസ്റ്റണ് കൊളാസോ പ്രതിരോധ നിരയെയും വെട്ടിച്ച് ഷോട്ട് പായിച്ചപ്പോള്‍ ഗോളി മിഥുന് കാഴ്ച്ചക്കാരന് ഗോവ 2-0 ന് മുന്നില്‍. കൊളാസോയ്ക്ക് ഇരട്ടഗോള്‍.ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ബ്രയാന്‍ മസ്ക്കരായുടെ മുന്നേറ്റങ്ങള്‍ തടുക്കാനായത് കേരള നിരയ്ക്ക് ആശ്വാസമായി.
രണ്ടാം പകുതി കേരളത്തിന്റെ കൈയില്‍
രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന കേരളം രണ്ടാം പകുതിയില്‍ ശക്തമായ ആക്രമണമാണ് കേരളം കാഴ്ചവച്ചത്. സീസണു പകരം ക്യാപ്ടന് പി.ഉസ്മാനെയിറക്കിയാണ് കേരളം രണ്ടാം പകുതിയില്‍ പോരാടിയത്. 55-ാം മിനിറ്റില്‍ അസറുദ്ദീന് നല്കിയ ക്രോസ് ഗോളാക്കി മാറ്റാനുള്ള സുവര്‍ണാവസരം ജോബി നഷ്ടപ്പെടുത്തി.
58-ാം മിനിറ്റില്‍ കേരള താരത്തെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് ജോബി അടിച്ചത് പുറത്തേക്ക്. രണ്ടാം പകുതിയില്‍ പന്തടക്കം പൂര്‍ണമായും കേരളത്തിന്റെ വരുതിയില്‍ ആയതോടെ 62-ാം മിനിറ്റില്‍ കേരളത്തിനു വേണ്ടി രാഹുല്‍ രാജ് ആശ്വാസ ഗോള്‍ നേടി.
മൈതാനത്തിന്റെ ഇടതു മൂലയിൽ നിന്നും ഗോവ ബോക്സിലേക്ക് ഉയര്‍ന്നു വന്ന പന്ത് കൂട്ടപ്പൊരിച്ചിലിനൊടുവില്‍ രാഹുല്‍ രാജിന്റെ തലയില്‍ താഴ്ന്നിറങ്ങി. ക്ഷണ നേരം കൊണ്ട് പന്ത് രാഹുൽ വലിയിലാക്കി. രണ്ടാമതൊരു ഗോള്‍ കൂടി മടക്കി നല്കി സമനിലയിലെത്താനായി കേരളം തുടര്‍ച്ചയായി ആക്രമണം നടത്തിയെങ്കിലും ഗോള്‍ ലക്ഷ്യത്തില്‍ എത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിയാതെ വന്നതോടെയാണു കേരളം ഗോവയോട് പരാജയപ്പെട്ട് സന്തോഷ് ട്രോഫിയില്‍ നിന്നും പുറത്തായത്. ക്യാപ്റ്റന്‍ ഉസ്മാനെ പകരക്കാരനായാണ് ഇന്നലെ ഇറക്കിയത്. ഉസ്മാന് പകരം പ്രതിരോധനിര താരം ഷെറിന് സാമാണ് നായകനായത്.
തോമസ് വര്‍ഗീസ്