കൊച്ചി: കളമശേരി മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിൽ പിതാവ് സനു മോഹനിൽനിന്ന് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.
കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചതെന്ന് സനു മോഹൻ പോലീസിന് മൊഴി നൽകി. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞിരുന്നു.
വൈഗയെ കെട്ടിപ്പിടിച്ച് ശരീരത്തോട് ചേർത്ത് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുംവരെ ശ്വാസം മുട്ടിച്ചു. ഇതിനുശേഷം മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറി കിടത്തി.
പിന്നീട് പുഴയുടെ തീരത്തെത്തി മകളെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. ഭയം കാരണം തനിക്ക് ജീവനൊടുക്കാൻ സാധിച്ചില്ലെന്നും സനു മൊഴി നൽകി.ഒളിവിൽപ്പോയതല്ല മരിക്കാൻ പോയതാണെന്നും മൊഴി.
പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനു പോലീസിനു മൊഴി നൽകിയതായാണു സൂചന. മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പോലീസ് പറഞ്ഞു.
കർണാടക കാർവാറിൽനിന്ന് പിടിയിലായ സനു മോഹനെ ഞായറാഴ്ച രാത്രി കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. ഇവിടെവച്ചു സനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
പുലർച്ചെ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു. രാവിലെ 11.30ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ കാണും.
സനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണു സൂചന. വൈഗയുടെ ദുരൂഹമരണ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.