ശ്രീജിത് കൃഷ്ണന്
മംഗളൂരു: മഹാരാഷ്ട്രയില് വിപുലമായ ബന്ധങ്ങളുള്ള സനു മോഹന് അങ്ങോട്ടേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരിക്കാം കാര്വാറില്വച്ച് കര്ണാടക പോലീസിന്റെ പിടിയിലായതെന്ന് സംശയിക്കുന്നു. ഉത്തരകന്നഡ ജില്ലാ ആസ്ഥാനമായ കാര്വാര് കര്ണാടകയില്നിന്നും ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള പ്രവേശനകവാടമാണ്.
ഗോവ അതിര്ത്തിയിലേക്ക് 15 കിലോമീറ്ററോളം മാത്രമാണ് ഇവിടെനിന്നുള്ള ദൂരം. എന്നാല് കോവിഡ് നിയന്ത്രണങ്ങള് നിലനില്ക്കുന്നതിനാല് സംസ്ഥാന അതിര്ത്തി കടക്കാന് ബുദ്ധിമുട്ടായതിനാലാണ് ഇയാള് കാര്വാറില് കുടുങ്ങിപ്പോയത്.16ന് രാവിലെയാണ് സനു മോഹൻ കൊല്ലൂരിലെ റസിഡന്സിയില് നിന്നും മുങ്ങിയത്.
അന്ന് രാവിലെ റിസപ്ഷനിലെത്തി പത്രം വായിക്കുകയും ഉച്ചയ്ക്ക് രണ്ടുമണിയോടെ മംഗളൂരു വിമാനത്താവളത്തിലേക്ക് പോകാന് ടാക്സി ഏര്പ്പാട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുതന്നെ തനിക്കു പിന്നാലെ എന്തെങ്കിലും അന്വേഷണം നടന്നാല് അത് വഴിതെറ്റിക്കുന്നതിനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു.
ആറുദിവസം ലോഡ്ജില് താമസിച്ചതിന്റെ ബില് തുക ഉച്ചയ്ക്ക് കാര്ഡ് പെയ്മെന്റ് ആയി നല്കാമെന്ന് പറഞ്ഞതിനുശേഷമാണ് ഇയാള് അവിടെനിന്നും ഇറങ്ങിയത്.തുടര്ന്ന് കൊല്ലൂര് ബസ് സ്റ്റാന്ഡിലെത്തി ഉഡുപ്പി ഭാഗത്തേക്കുള്ള ബസ്സില് കയറിയതായി സാക്ഷിമൊഴി ലഭിച്ചിട്ടുണ്ട്.
യഥാര്ത്ഥ ലക്ഷ്യസ്ഥാനം വടക്കുള്ള മഹാരാഷ്ട്രയായിരുന്നുവെങ്കിലും വീണ്ടും അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയിലാണ് ഇയാള് തെക്ക് മംഗളൂരു റൂട്ടിലുള്ള ഉഡുപ്പിയിലേക്ക് ബസ് കയറിയത്. ഈ ബസില് നിന്നും ഇയാള് വഴിയില് വലിയ തിരക്കൊന്നുമില്ലാത്ത ഏതോ സ്റ്റോപ്പില് ഇറങ്ങിയതായും പറയപ്പെടുന്നു.
കൊല്ലൂരിനും ഉഡുപ്പിക്കും ഇടയിലുള്ള പാത പലയിടങ്ങളിലും വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. സനു വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകുമെന്ന സംശയമുണ്ടാകുന്നത് അങ്ങനെയാണ്. കിഴക്ക് ഷിമോഗ ഭാഗത്തേക്കുള്ള റോഡ് കടന്നുപോകുന്നതും ഇതിനടുത്തുകൂടിയാണ്.
എന്നാല് തെക്ക് ഉഡുപ്പി-മംഗളൂരു ഭാഗത്തേക്ക് പോകുന്ന ബസ്സില് നിന്നും വഴിയിലിറങ്ങിയ സനു അന്വേഷണസംഘത്തിനു മുന്നില് ഈ വഴികളെല്ലാം തുറന്നിട്ടതിനു ശേഷം നേരെ എതിര്വശത്തേക്ക് കാര്വാര് ഭാഗത്തേക്ക് പോകുന്ന ബസില് കയറിയിരിക്കാമെന്നാണ് ഇപ്പോള് കരുതപ്പെടുന്നത്.
ഇന്നലെ പിടിലാകുന്നതുവരെയുള്ള രണ്ടുദിവസം ഇയാള് കാര്വാറില് തന്നെയാകാം തങ്ങിയിരുന്നത്.ഗോവയിലേക്കും മുംബൈയിലേക്കും ഇവിടെനിന്നും ട്രെയിനുകളും ബസുകളും ഉണ്ടെങ്കിലും കോവിഡ് നിയന്ത്രണങ്ങള് മൂലം അവ ഉപയോഗപ്പെടുത്താന് കഴിയാതെ വന്നതാകാം. മറ്റൊരു സാധ്യത, ഇയാളുമായി നേരത്തേ ബന്ധമുള്ള ഏതെങ്കിലും സംഘാംഗങ്ങള് വാഹനവുമായി കാര്വാറിലെത്തി കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞിരിക്കാമെന്നതാണ്.
മുംബൈ-ഗോവ-കാര്വാര് പാതയിലെ ഊടുവഴികളുള്പ്പെടെ അധോലോകസംഘങ്ങള്ക്ക് ഏറെ പരിചിതമാണ്. കര്ണാടകയില് മുംബൈ അധോലോകത്തിന്റെ മറ്റൊരു ഇഷ്ടകേന്ദ്രമായ ഭട്കലും കാര്വാറില് നിന്നും അടുത്താണ്.