കാക്കനാട്: പിതാവിനൊപ്പം കാണാതായ 13 കാരി വൈഗയുടെ ജഡം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.
കുട്ടിയുടെ പിതാവ് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹനെ (40) ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാനു മകളെയും കൂട്ടി സഞ്ചരിച്ച കെഎൽ 7 സി ക്യു 8571 ഫോക്സ് വാഗൺ അമിയോ കാറും ഇതുവരെ കണ്ടെത്താനായില്ല.
അതേസമയം വൈഗയുടേതു സ്വാഭാവിക മുങ്ങിമരണമാണെന്നു പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ദേഹത്ത് പരിക്കുകളൊന്നും കണ്ടെത്താനായില്ല.
ശനിയാഴ്ച കുട്ടിയുടെ അമ്മയെ ആലപ്പുഴ തൃക്കുന്നപ്പുഴയിലെ വീട്ടിലാക്കിയശേഷം മടങ്ങിയ സാനുവിനെയും മകളെയും കാണാതാവുകയായിരുന്നു.
പെരിയാറിന്റെ കൈവഴിയായ മുട്ടാറിൽ മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ സമീപം തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ വൈഗയുടെ മൃതദേഹം കണ്ടെത്തി.
ഇവർ സഞ്ചരിച്ചതായി സൂചനയുളള പ്രദേശങ്ങളിലെ സിസിടിവി പോലീസ് പരിശോധിച്ചുവരികയാണ്.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല.
സാനുവിനായി മുട്ടാർപുഴയിൽ നടത്തിയ തെരച്ചിൽ പോലീസും അഗ്നിരക്ഷാസേനയും അവസാനിപ്പിച്ചു.
സാനുമോഹന് വൻ കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച ഫ്ളാറ്റിൽ എത്തിയ മൂന്നുപേരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല.
ഞായറാഴ്ച വൈകീട്ട് സാനുവും ഭാര്യ രമ്യയും മകളുമായി ആലപ്പുഴയിലെ ഭാര്യാസഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു.
വൈകീട്ട് മറ്റൊരു ബന്ധുവിന്റെ വീട്ടിൽ പോയിവരാമെന്നു പറഞ്ഞു സാനു മകളെയും കൂട്ടി കാറിൽ പുറപ്പെട്ടു.
രാത്രി മടങ്ങിയെത്താതായപ്പോൾ ഭാര്യ രമ വിളിച്ചിരുന്നു. പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്നു തിങ്കളാഴ്ച രാവിലെ തൃക്കാക്കര പോലീസിൽ പരാതി നൽകി.
സാനുവിന്റെ മൊബൈൽ കഴിഞ്ഞ ഒരാഴ്ചയായി ഓഫ് ആക്കിവച്ചിരിക്കുകയായിരുന്നു. ഭാര്യയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്.