കൊച്ചി: ലോട്ടറിയോടാണ് കൂടുതല്‍ ഭ്രാന്ത്. ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയില്‍ തേവയ്ക്കലിലെ ലോട്ടറി കടയില്‍ 32,000 രൂപ നല്‍കാനുണ്ടെന്നു സനു മോഹന്റെ മൊഴി പോലീസ് പരിശോധിക്കുന്നുണ്ട്.
കലൂരിലെ ലോട്ടറി കടയില്‍ 12,000 രൂപയും കടമുണ്ട്. കുറേനാളുകളായി പ്രതിദിനം 1,000 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ബംപര്‍ അടിക്കുമെന്നു വിശ്വസിച്ചു. സമീപകാലത്തായി മദ്യപാനം വര്‍ധിച്ചു.
പണം കൊടുക്കാനുള്ളവരുടെ പേരുകള്‍ സനു മോഹന്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായ നവീന്‍, വൈശാഖ്, വിഷ്ണു, ബാബു, സാബു, ഫ്ളാറ്റിലെ കെയര്‍ടേക്കര്‍ തുടങ്ങിയവര്‍ ഇതില്‍ പെടും.
കൊച്ചിയിലെ ഇലക്ട്രിക്കല്‍, ഫര്‍ണിച്ചര്‍ കടകളിലും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് പണയപ്പെടുത്തിയപ്പോള്‍ സനു തന്നെയാണു ഭാര്യയുടെ ഒപ്പിട്ടത്.
പല സാമ്പത്തിക ഇടപാടുകളും ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഇടപാടുകളിലെ പാളിച്ചകളും ധാരാളിത്തവുമാണു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്.
50,000 രൂപയ്ക്കാണു കാര്‍ വിറ്റത്. കാറിന് 1.5 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നു. ധനകാര്യ സ്ഥാപനത്തിന്റെ എന്‍ഒസി ഹാജരാക്കിയാല്‍ കുറച്ചു പണം കൂടി നല്‍കാമെന്നു കാര്‍ വാങ്ങിയ ആള് പറഞ്ഞിരുന്നു.
കോയമ്പത്തൂരില്‍ കാര്‍ പൊളിക്കുന്ന ഇടങ്ങളില്‍ വില്ക്കാന് ശ്രമിച്ച ശേഷമാണ് കാര്‍ വിറ്റതെന്നു സനു പോലീസിനോടു പറഞ്ഞു.
സനുവിന്റെ ആദ്യത്തെ കാറും കോയമ്പത്തൂരിലാണ് വിറ്റത്. സനു മോഹനെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണു ഞായര്‍ പുലര്‍ച്ചെ പൊലീസ് പിടികൂടിയത്.
വ്യക്തികളും സ്ഥാപനങ്ങളിലുമായി 11 ഇടങ്ങളില്‍ പണം കൊടുക്കാനുണ്ടെന്നാണു സനുവിന്റെ മൊഴി. ഒരു സിനിമ നിര്‍മിച്ചിട്ടുള്ള സുഹൃത്ത് ഉണ്ണിക്ക് രണ്ടുലക്ഷം രൂപ നല്‍കിയിരുന്നു.
പിന്നീട് ഇതു തിരികെ വാങ്ങി. ഫോണ്‍ വിറ്റു കിട്ടിയ 13,000 രൂപയാണു വൈഗയെ കൊലപ്പെടുത്തുന്നതിന്റെ തലേന്നാള്‍ കയ്യിലുണ്ടായിരുന്നത്.